സ്വന്തം ലേഖകൻ
എറണാകുളം: 2027 ല്‍ രാജ്യത്തു നടക്കുന്ന സെന്‍സസ് ചോദ്യാവലിയില്‍ ജാതി-സമുദായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന ഒബിസി പട്ടികകളുടെ അടിസ്ഥാനത്തില്‍ ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നതതല ഏകോപന സമിതിയായ കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്‍സസ് കമ്മീഷണര്‍ക്ക് കെആര്‍എല്‍സിസി നിവേദനം സമര്‍പ്പിച്ചു. കേന്ദ്ര-സംസ്ഥാന ഒബിസി പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സമുദായങ്ങളുടെ വിവരങ്ങള്‍ സെന്‍സസില്‍ കൃത്യമായും ഏകീകൃതമായും രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിനുവേണ്ടി വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ കണ്‍വീനറുമായ ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
2021-ലെ ഭരണഘടനയുടെ 105-ാം ഭേദഗതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അധികാരം പുനഃസ്ഥാപിച്ച സാഹചര്യത്തില്‍, കേന്ദ്ര-സംസ്ഥാന ഒബിസി പട്ടികകള്‍ സെന്‍സസ് സംവിധാനത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. സെന്‍സസ് ചോദ്യാവലിയില്‍ ജാതിയോ സമുദായമോ രേഖപ്പെടുത്തുന്നതിനായി പൊതുവായ ഒരു കോളം മാത്രം നല്കിയാല്, ഒരേ സമുദായത്തിന്റെ പേരില്‍ വ്യത്യസ്ത പേരുകള്‍ രേഖപ്പെടുത്തപ്പെടാന്‍ സാധ്യതയുണ്ട്. ഇത് വിവരങ്ങളുടെ ഏകീകൃതതയെയും കൃത്യതയെയും ബാധിക്കാം. അതിനാല്‍, ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടുള്ള സമുദായപ്പട്ടികകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തണം.
സെന്‍സസിന്റെ ഡിജിറ്റല്‍ സംവിധാനത്തില്‍ സംസ്ഥാനാടിസ്ഥാനത്തിലുള്ള ഡ്രോപ്പ് ഡൗണ്‍ പട്ടികയോ അതിന് തുല്യമായ തിരഞ്ഞെടുപ്പ് സംവിധാനമോ ഏര്‍പ്പെടുത്തണം. കേന്ദ്ര ഒബിസി പട്ടികയിലും കേരള സംസ്ഥാന ഒബിസി പട്ടികയിലും ഉള്‍പ്പെട്ടിട്ടുള്ള സമുദായങ്ങളുടെ ഔദ്യോഗിക നാമങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ ഈ സംവിധാനം രൂപപ്പെടുത്തണം. പട്ടികയില്‍ ഉള്‍പ്പെടാത്തതോ പേരിന്റെ കാര്യത്തില്‍ അവ്യക്തതയുള്ളതോ ആയ സമുദായങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താനുള്ള സൗകര്യവും നല്‍കണം. കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍, ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന പട്ടികകളില്‍ ഉപയോഗിച്ചിട്ടുള്ള ഔദ്യോഗിക നാമകരണം സെന്‍സസ് സംവിധാനത്തില്‍ കൃത്യമായി പ്രതിഫലിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായും പിന്നാക്കവിഭാഗങ്ങളുടെ പട്ടിക സംബന്ധിച്ച് ചുമതലയുള്ള വകുപ്പുകളുമായും ബന്ധപ്പെട്ട സമുദായ സംഘടനകളുമായും കൂടിയാലോചന നടത്തണമെന്നും നിവേദനത്തില്‍ നിര്‍ദേശിച്ചു.
സെന്‍സസ് വിവരങ്ങള്‍ പൊതുനയ രൂപീകരണത്തിനും വികസന ആസൂത്രണത്തിനും ക്ഷേമപദ്ധതികളുടെ നിര്‍വഹണത്തിനും നിര്‍ണായകമാണെന്നും അതിനാല്‍ സമുദായങ്ങളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നത് പിന്നാക്കവിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും നയരൂപീകരണത്തിനും സഹായകരമാകുമെന്നും പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു.



