ഒക്ടോബർ 24 ശനി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു)
സഹോദരരേ, നമുക്കോരോരുത്തർക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‌കപ്പെട്ടിരിക്കുന്നു. അതിനാൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവൻ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്‌തപ്പോൾ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടു പോയി. മനുഷ്യർക്ക് അവൻ ദാനങ്ങൾ നല്‌കി. അവൻ ആരോഹണം ചെയ്തുവെന്നതിന്റെ അർഥം എന്താണ്? അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ? ഇറങ്ങിയവൻ തന്നെയാണ്, എല്ലാ വസ്‌തുക്കളെയും പൂരിതമാക്കാൻ വേണ്ടി എല്ലാ സ്വർഗങ്ങൾക്കുമുപരി ആരോഹണം ചെയ്തവനും. അവൻ ചിലർക്ക് അപ്പസ്തോലൻമാരും പ്രവാചകൻമാരും സുവിശേഷപ്രഘോഷകൻമാരും ഇടയൻമാരും പ്രബോധകൻമാരും മറ്റും ആകാൻ വരം നല്‌കി. ഇത് വിശുദ്‌ധരെ പരിപൂർണമാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരം പണിതുയർത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂർണജ് ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവനുസരിച്ച് പക്വതയാർന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു. നാം ഇനി മേൽ തെറ്റിന്റെ വഞ്ചനയിൽപ്പെടുത്താൻ മനുഷ്യർ കൗശലപൂർവം നല്‌കുന്ന വക്രതയാർന്ന ഉപദേശങ്ങളുടെ കാറ്റിൽ ആടിയൂലയുകയും തൂത്തെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്. പ്രത്യുത, സ്നേഹത്തിൽ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു. അവൻവഴി ശരീരം മുഴുവൻ, ഓരോ സന്‌ധിബന്‌ധവും അതതിന്റെ ജോലി നിർവഹിക്കത്തക്കവിധം സമന്വയിക്കപ്പെട്ട് വളരുകയും സ്നേഹത്തിൽ രൂപപ്പെടുകയും ചെയ്യുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിന്റെ ആലയത്തിലേക്ക് സന്തോഷത്തോടെ നമുക്കു പോകാം.
കർത്താവിന്റെ ആലയത്തിലേക്ക് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. ജറുസലേമേ, ഇതാ ഞങ്ങൾ നിൻ്റെ കവാടത്തിനുള്ളിൽ എത്തിയിരിക്കുന്നു.
കർത്താവിന്റെ ആലയത്തിലേക്ക് സന്തോഷത്തോടെ നമുക്കു പോകാം.
നന്നായി പണിതിണക്കിയ നഗരമാണു ജറുസലേം. അതിലേക്കു ഗോത്രങ്ങൾ വരുന്നു. കർത്താവിന്റെ ഗോത്രങ്ങൾ
കർത്താവിന്റെ ആലയത്തിലേക്ക് സന്തോഷത്തോടെ നമുക്കു പോകാം.
ഇസ്രായേലിനോടു കല്പ്‌പിച്ചതുപോലെ, കർത്താവിന്റെ നാമത്തിനു കൃതജ്‌ഞതയർപ്പിക്കാൻ അവർ വരുന്നു. അവിടെ ന്യായാസനങ്ങൾ ഒരുക്കിയിരുന്നു; ദാവീദ്ഭവനത്തിന്റെ ന്യായാസനങ്ങൾ.
കർത്താവിന്റെ ആലയത്തിലേക്ക് സന്തോഷത്തോടെ നമുക്കു പോകാം.
അല്ലേലൂയാ!
അല്ലേലൂയാ! (എസെ 33:11). കർത്താവ് അരുൾചെയ്യുന്നു: ദുഷ്ടൻ മരിക്കുന്നതിലല്ല, അവൻ ദുഷ്‌ടമാർഗത്തിൽനിന്ന് പിന്തിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്ക് സന്തോഷം. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും)
അക്കാലത്ത്, ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളിൽ അവരുടെ രക്‌തം കൂടി പീലാത്തോസ് കലർത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ അവനെ അറിയിച്ചു. അവൻ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരെയുംകാൾ കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞു വീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേർ, അന്നു ജറുസലേമിൽ വസിച്ചിരുന്ന എല്ലാവരെയുംകാൾ കുറ്റക്കാരായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു: പശ് ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അവൻ ഈ ഉപമ പറഞ്ഞു: ഒരുവൻ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതിൽ പഴമുണ്ടോ എന്നു നോക്കാൻ അവൻ വന്നു; എന്നാൽ ഒന്നും കണ്ടില്ല. അപ്പോൾ അവൻ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽനിന്ന് ഫലം അന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരൻ അവനോടു പറഞ്ഞു: യജമാനനേ, ഈ വർഷം കൂടെ അതു നില്ക്കട്ടെ. ഞാൻ അതിന്റെ ചുവടുകിളച്ച് വളമിടാം. മേലിൽ അതു ഫലം നല്കിയേക്കാം. ഇല്ലെങ്കിൽ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക.



