ഒക്ടോബർ 23 വെള്ളി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(ഒരു ശരീരവും ഒരു കർത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളൂ)
സഹോദരരേ, കർത്താവിനുവേണ്ടി തടവുകാരനായിത്തീർന്നിരിക്കുന്ന ഞാൻ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങൾക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിൻ. പൂർണമായ വിനയത്തോടും ശാന്തതയോടും ദീർഘക്‌ഷമയോടുംകൂടെ നിങ്ങൾ സ്നേഹപൂർവം അന്യോന്യം സഹിഷ്ണുതയോടെ വർത്തിക്കുവിൻ. സമാധാനത്തിന്റെ ബന്‌ധത്തിൽ ആത്‌മാവിന്റെ ഐക്യം നിലനിർത്താൻ ജാഗരൂകരായിരിക്കുവിൻ. ഒരേ പ്രത്യാശയിൽ നിങ്ങൾ വിളിക്കപ്പെട്ടതുപോലെ, ഒരു ശരീരവും ഒരു ആത്മാവു മാണുള്ളത്. ഒരു കർത്താവും ഒരു വിശ്വാസവും ഒരു ജ്‌ഞാന സ്നാനവുമേയുള്ളൂ. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വർത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവൻ മാത്രം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, ഇത് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറയാകുന്നു.
ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും ഭൂതലവും അതിലെ നിവാസികളും കർത്താവിന്റെതാണ്. സമുദ്രങ്ങൾക്കു മുകളിൽ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളിൽ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.
ദൈവമേ, ഇത് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറയാകുന്നു.
കർത്താവിന്റെ മലയിൽ ആരു കയറും? അവിടത്തെ വിശുദ് ധസ്ഥലത്ത് ആരു നില്ക്കും? കളങ്കമറ്റ കൈകളും നിർമല ഹൃദയവും ഉള്ളവൻ, മിഥ്യയുടെമേൽ മനസ്‌സു പതിക്കാത്തവൻ.
ദൈവമേ, ഇത് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറയാകുന്നു.
അവൻെറമേൽ കർത്താവ് അനുഗ്രഹം ചൊരിയും; രക്‌ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണ് യാക്കോബിൻ്റെ ദൈവത്തെ തേടുന്നത്.
ദൈവമേ, ഇത് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറയാകുന്നു.
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ 11:25). ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഭൂമിയുടെയും ആകാശത്തിൻ്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്?)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതുകണ്ടാൽ മഴ വരുന്നു എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കൻ കാറ്റടിക്കുമ്പോൾ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങൾ പറയുന്നു; അതു സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല? നീ നിൻെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ, വഴിയിൽ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടുകൊള്ളുക: അല്ലെങ്കിൽ അവൻ നിന്നെ ന്യായാധിപന്റെ അടുത്തേക്കുകൊണ്ടുപോവുകയും ന്യായാധിപൻ നിന്നെ കാരാഗൃഹപാലകനെ ഏല്‌പിക്കുകയും അവൻ നിന്നെ തടവിലാക്കുകയും ചെയ്യും. അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.



