സെപ്റ്റംബർ 30 ബുധൻ
ഒന്നാം വായന
ജോബിന്റെ പുസ്തകത്തിൽനിന്ന്
(ഒരുവന് ദൈവത്തിൻ്റെ മുൻപിൽ എങ്ങനെ നീതിമാനാകാൻ കഴിയും?)
ജോബ് തന്റെ സ്നേഹിതരോട് മറുപടി പറഞ്ഞു: ഒരുവന് ദൈവത്തിന്റെ മുൻപിൽ എങ്ങനെ നീതിമാനാകാൻ കഴിയും? ഒരുവൻ അവിടത്തോട് വാഗ്വാദത്തിലേർപ്പെട്ടാൽ ആയിരത്തിൽ ഒരു തവണപോലും അവിടത്തോട് ഉത്തരം പറയാൻ കഴിയുകയില്ല. അവിടുന്ന് ജ്ഞാനിയും ബലിഷ്ഠനുമാണ്. അവിടത്തോട് എതിർത്ത് ആരു ജയിച്ചിട്ടുണ്ട്? അവിടുന്ന് പർവതങ്ങളെ നീക്കിക്കളയുന്നു. തൻ്റെ കോപത്തിൽ അവ മറിച്ചുകളയുന്നു, എന്നാൽ അവ അതറിയുന്നില്ല. അവിടന്ന് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു. അതിന്റെ തൂണുകൾ വിറയ്ക്കുന്നു. അവിടന്ന് സൂര്യനോടു കല്പിക്കുന്നു; അത് ഉദിക്കുന്നില്ല. അവിടുന്ന് നക്ഷത്രങ്ങൾക്ക് മുദ്രവയ്ക്കുന്നു. അവിടന്നു മാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടന്ന് സമുദ്രത്തിലെ തിരമാലകളെ ചവിട്ടി മെതിക്കുന്നു. സപ്തർഷിമൺഡലം, മകയിരം, കാർത്തിക എന്നിവയും, തെക്കേ നക്ഷത്രമൺഡലവും അവിടുന്ന് സൃഷ്ട്ടിച്ചു. ദുർജ്യമായ മഹാക്യത്യങ്ങളും എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്ന് പ്രവർത്തിക്കുന്നു. അവിടന്ന് എന്നെ കടന്നുപോകുന്നു, ഞാൻ അവിടത്തെ കാണുന്നില്ല; അവിടന്ന് നടന്നു നീങ്ങുന്നു. ഞാൻ അവിടത്തെ അറിയുന്നില്ല. അവിടന്നു പിടിച്ചെടുക്കുന്നു, തടയാൻ ആർക്കു കഴിയും? എന്താണീ ചെയ്യുന്നത് എന്ന് ആർക്കു ചോദിക്കാൻ കഴിയും? അപ്പോൾ അവിടുത്തോട് ഉത്തരം പറയാൻ എനിക്ക് എങ്ങനെ വാക്കുകിട്ടും? ഞാൻ നീതിമാനായിരുന്നാലും അവിടത്തോട് മറുപടി പറയാൻഎനിക്കു കഴിയൂകയില്ല. എന്നെ കുറ്റം വിധിക്കുന്ന അവിടത്തെ കരുണയ്ക്കുവേണ്ടി ഞാൻ യാചിക്കണം. ഞാൻ വിളിച്ചപേക്ഷിച്ചിട്ട് അവിടന്ന് ഉത്തരമരുളിയാലും അവിടന്ന് എന്റെ ശബ്ദം ശ്രവിക്കുകയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
എൻ്റെ പ്രാർഥന അങ്ങയുടെ മുൻപിൽ എത്തുമാറാകട്ടെ
കർത്താവേ, എന്നും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ഞാൻ അങ്ങയുടെ സന്നിധിയിലേക്കു കൈകൾ ഉയർത്തുന്നു. മരിച്ചവർക്കുവേണ്ടി അങ്ങ് അദ്ഭുതം പ്രവർത്തിക്കുമോ? നിഴലുകൾ അങ്ങയെ പുകഴ്ത്താൻ ഉണർന്നെഴുന്നേല്ക്കുമോ?
എൻ്റെ പ്രാർഥന അങ്ങയുടെ മുൻപിൽ എത്തുമാറാകട്ടെ
ശവകുടീരത്തിൽ അങ്ങയുടെ സ്നേഹവും വിനാശത്തിൽ അങ്ങയുടെ വിശ്വസ്തതയും പ്രഘോഷിക്കുമോ? അന്ധകാരത്തിൽ അങ്ങയുടെ അദ്ഭുതങ്ങളും വിസ്മൃതിയുടെ ദേശത്ത് അങ്ങയുടെ രക്ഷാകരസഹായവും അറിയപ്പെടുമോ?
എന്റെ പ്രാർഥന അങ്ങയുടെ മുൻപിൽ എത്തുമാറാകട്ടെ.
കർത്താവേ, ഞാൻ അങ്ങയോടു നിലവിളിച്ചപേക്ഷിക്കുന്നു; പ്രഭാതത്തിൽ എന്റെ പ്രാർഥന അങ്ങയുടെ സന്നിധിയിൽ എത്തുന്നു. കർത്താവേ, അങ്ങ് എന്നെ തള്ളിക്കളയുന്നതെന്തുകൊണ്ട്? എന്നിൽനിന്ന് മുഖം മറയ്ക്കുന്നതെന്തുകൊണ്ട്?
എൻ്റെ പ്രാർഥന അങ്ങയുടെ മുൻപിൽ എത്തുമാറാകട്ടെ
അല്ലേലൂയാ!
അല്ലേലൂയാ! (ഫിലി 3 : 8-9). ക്രിസ്തുവിനെപ്രതി ഞാൻ സക ലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണ പ്പെടുന്നതിനും വേണ്ടിയത്രേ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കും)
അക്കാലത്ത്, യേശുവും ശിഷ്യന്മാരും പോകുംവഴി ഒരുവൻ യേശുവിനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്; മനുഷ്യ പുത്രനു തലചായ്ക്കാൻ ഇടമില്ല. അവൻ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ പറഞ്ഞു: കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്കരിക്കാൻ അനുവദിച്ചാലും. അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റൊരുവൻ പറഞ്ഞു: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം.. പക്ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാൻ അനുവദിക്കണം. യേശു പറഞ്ഞു: കലപ്പയിൽ കൈവച്ചിട്ട പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗരാജ്യത്തിന് യോഗ്യനല്ല.




