സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര : ചാവല്ലൂർപൊറ്റ വിശുദ്ധ ദേവസഹായത്തിന്റെ നാമത്തിൽ ലോകത്തിൽ ആദ്യമായി സ്ഥാപിതമായ ചാവല്ലൂർപൊറ്റ പള്ളി പുനർനിർമ്മിച്ച് കൂദാശയ്ക്കായി ഒരുങ്ങി. സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ്, ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് എന്നിവരുടെ കാർമികത്വത്തിൽ പള്ളി ആശിർവാദകർമം നടക്കും.
നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പാറശ്ശാല ഫൊറോനയിൽ ചെങ്കൽ പഞ്ചായത്തിലെ ആറയൂർ ദേശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. 2014 ജനുവരി 14-ന് സ്ഥാപിതമായ ഇടവക പിന്നീട് വിശുദ്ധ ദേവസഹായത്തിന്റെ പ്രധാന തീർത്ഥാടനകേന്ദ്രമായി വളർന്നു. നവംബർ 21-ന് വിശുദ്ധന്റെ തിരുശേഷിപ്പുകൾ പൊതുവണക്കത്തിനായി ഇവിടെ സ്ഥാപിച്ചു. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട നിരവധി തീർത്ഥാടകരും വിശ്വാസികളും അനുഗ്രഹം തേടി ഇവിടെ എത്തിച്ചേരുന്നു.
2025 മാർച്ച് 22-ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പള്ളിയുടെ മേൽക്കൂരയും സീലിംഗും വൈദ്യുത സംവിധാനവും തകർന്നത് ഇടവകയ്ക്ക് വലിയ ആഘാതമായി. തുടർന്ന് ഇടവക വികാരി ഫാ. രാജേഷ് കുറിച്ചിയിലിന്റെ നേതൃത്വത്തിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടവകാംഗങ്ങളുടെയും സുമനസ്സുകളുടെയും ആത്മാർത്ഥമായ സഹകരണവും പ്രാർത്ഥനകളും ത്യാഗങ്ങളും പുനർനിർമ്മാണത്തിന് കരുത്തായി. ഉറപ്പിനും സൗന്ദര്യത്തിനും പ്രാധാന്യം നൽകി പുനർനിർമ്മിച്ച പള്ളി ഇന്ന് കൂടുതൽ മനോഹരമായി ഉയർന്നുനിൽക്കുന്നു.
തകർച്ചയിൽ നിന്ന് പുനർജനിച്ച ഈ പള്ളി വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ദൈവകൃപയുടെയും സാക്ഷ്യമായി മാറിയിരിക്കുകയാണ്. സെപ്റ്റംബർ 29-ന് നടക്കുന്ന പള്ളി കൂദാശാ കർമത്തിനായി വിശ്വാസികൾ ഒരുങ്ങുന്നു.




