സെപ്റ്റംബർ 28 തിങ്കൾ
ഒന്നാം വായന
ജോബിന്റെ പുസ്തകത്തിൽനിന്ന്
(കർത്താവു തന്നു; കർത്താവ് എടുത്തു; അവിടത്തെ നാമം വാഴ്ത്തപ്പെടട്ടെ)
ഒരുദിവസം ദൈവപുത്രൻമാർ കർത്താവിൻെറ സന്നിധിയിൽ വന്നുചേർന്നു; സാത്താനും അവരോടുകൂടെ വന്നു. കർത്താവ് സാത്താനോട്, നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാൻ ഭൂമിയിലാകെ ചുററിസഞ്ചരിച്ചിട്ടു വരുകയാണ് എന്ന് അവൻ മറുപടി പറഞ്ഞു. കർത്താവ് വീണ്ടും അവനോടു ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ സത്യസന്ധനും നിഷ്കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിൻമയിൽനിന്നകന്നു ജീവിക്കുന്നവനും ആയി ഭൂമുഖത്ത് ആരെങ്കി ലുമുണ്ടോ? സാത്താൻ ചോദിച്ചു: ജോബ് ദൈവത്തെ ഭയപ്പെടുന്നത് വെറുതെയാണോ? അങ്ങ് അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്കി. അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്റെ സമ്പത്ത് വർധിപ്പിക്കുകയും ചെയ്തു. അവന്റെ സമ്പത്തിൻമേൽ കൈവച്ചാൽ അവൻ അങ്ങയെ ദുഷിക്കുന്നതു കാണാം. കർത്താവ് സാത്താനോടു പറഞ്ഞു: അവനുള്ള സകലത്തിൻമേലും ഞാൻ നിനക്ക് അധികാരം നല്കുന്നു. എന്നാൽ അവനെ മാത്രം ഉപദ്രവിക്കരുത്. അതുകേട്ടു സാത്താൻ കർത്താവിന്റെ സന്നിധിയിൽ നിന്നു പോയി.
ഒരുദിവസം ജോബിന്റെ മക്കൾ തങ്ങളുടെ മൂത്ത സഹോദരൻ വീട്ടിൽ വിരുന്നിനു സമ്മേളിച്ചിരിക്കുകയായിരുന്നു അപ്പോൾ ഒരു ഭൃത്യൻ ജോബിന്റെ അടുക്കൽ വന്നു പറഞ്ഞു: ഞങ്ങൾ കാളകളെ പൂട്ടുകയായിരുന്നു. കഴുതകൾ സമീപത്തുതന്നെ മേഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നു ഷേബാക്കാർ വന്ന് വേലക്കാരെ വാളിനിരയാക്കി, അവയെ അപഹരിച്ചുകൊണ്ടുപോയി. ഞാൻ മാത്രമേ അങ്ങയോടു വിവരം പറയാൻ രക്ഷപ്പെട്ടുള്ളു. അവൻ പറഞ്ഞുതീരുന്നതിനു മുമ്പ് മറ്റൊരുവൻ വന്നു പറഞ്ഞു: ദൈവത്തിന്റെ അഗ്നി ആകാശത്തിൽനിന്നിറങ്ങി ആടുകളെയും ദാസൻമാരെയും ദഹിപ്പിച്ചുകളഞ്ഞു; വിവരം അങ്ങയോടു പറയാൻ ഞാൻ മാത്രം അവശേഷിച്ചു. അവൻ പറഞ്ഞുതീരുന്നതിനുമുമ്പ്, മറ്റൊരുവൻ വന്ന് അറിയിച്ചു: കല്ദായർ മൂന്നുകൂട്ടമാ യി വന്ന് വേലക്കാരെ ആക്രമിച്ചു കൊന്നിട്ട് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയി. ഇതറിയിക്കാൻ ഞാൻ മാത്രം അവശേഷിച്ചു. അവൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരുവൻ കടന്നുവന്നു പറഞ്ഞു: നിന്റെ പുത്രൻമാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠസഹോദരന്റെ വീട്ടിൽ സത്കാരത്തിൽ മുഴുകിയിരിക്കുകയായിരുന്നു. പെട്ടെന്ന് മരുഭൂമിയിൽനിന്നു വീശിയ കൊടുങ്കാറ്റ് വീടിന്റെ നാലു മൂലയ്ക്കും അടിച്ചു. അതു തകർന്നു വീണ് അവർ മരിച്ചുപോയി. ഈ വാർത്ത അറിയിക്കാൻ ഞാൻ മാത്രം അവശേഷിച്ചു.
ജോബ് എഴുന്നേറ്റ് അങ്കി വലിച്ചുകീറി; ശിരസ്സു മുൺഡനം ചെയ്തു; സാഷ്ടാംഗം വീണു നമസ്കരിച്ചു. അവൻ പറഞ്ഞു: അമ്മയുടെ ഉദരത്തിൽനിന്ന് നഗ്നനായി ഞാൻ വന്നു. നഗ്നനായിത്തന്നെ ഞാൻ പിൻവാങ്ങും. കർത്താവ് തന്നു; കർത്താവ് എടുത്തു, കർത്താവിന്റെ നാമം മഹത്ത്വപ്പെടട്ടെ! ഇതു കൊണ്ടൊന്നും ജോബ് പാപംചെയ്യുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.
കർത്താവേ, എന്റെ ന്യായം കേൾക്കണമേ! എന്റെ നില വിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എൻ്റെ അധരങ്ങളിൽ നിന്നുള്ള പ്രാർഥന ശ്രവിക്കണമേ!
ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.
എന്റെ വിധി അങ്ങയുടെ സന്നിധിയിൽനിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണു ന്യായംകാണുമാറാകട്ടെ! അവിടന്ന് എന്റെ ഹൃദയം പരിശോധിച്ചാൽ, എന്നിൽ തിൻമ കണ്ടെത്തുകയില്ല.
ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.
ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എൻ്റെ വാക്കുകൾ ശ്രവിക്കണമേ! തൻ്റെ വലത്തുകൈയിൽ അഭയം തേടുന്നവരെ ശത്രുക്കളിൽനിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദർശിപ്പിക്കണമേ!
ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും
അല്ലേലൂയാ!
അല്ലേലൂയാ! (മർക്കോ 10:45). മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി നല്കാനുമത്രേ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങളിൽ ഏറ്റവും ചെറിയവനാണ് ഏറ്റവും വലിയവൻ)
അക്കാലത്ത്, ശിഷ്യന്മാർ തമ്മിൽ, തങ്ങളിൽ വലിയവൻ ആരാണ് എന്ന് തർക്കിച്ചു. അവരുടെ ഹ്യദയവിചാരങ്ങൾ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത് അടുത്തുനിറുത്തി, അവരോടു പറഞ്ഞു: എൻെറ നാമത്തിൽ ഈ ശിശുവിനെ സ്വീകരിക്കുന്ന ആരും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളിൽ ഏറ്റവും ചെറിയവൻ ആരോ അവനാണ് നിങ്ങളിൽ ഏറ്റവും വലിയൻ.
യോഹന്നാൻ പറഞ്ഞു: ഗുരോ, നിൻെറ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങൾ കണ്ടു. അവൻ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അവനെ തടഞ്ഞു. യേശു പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാൽ, നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങളുടെ ഭാഗത്താണ്.




