Word of God

ആണ്ടുവട്ടം ഇരുപത്തിനാലാം വാരം ശനി വചനവായന

സെപ്റ്റംബർ 19 ശനി

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(നശ്വരതയിൽ വിതയ്ക്കപ്പെടുന്നു; അനശ്വരതയിൽ ഉയിർപ്പിക്കപ്പെടുന്നു)

സഹോദരരേ, ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവർ എങ്ങനെയാണ് ഉയിർപ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവർ പ്രത്യക്‌ഷപ്പെടുക? വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കിൽ അതു പുനർജീവിക്കുകയില്ല. ഉണ്ടാകാനിരിക്കുന്ന പദാർഥമല്ല നീ വിതയ്ക്കുന്നത്; ഗോതമ്പിൻെറയോ മറ്റുവല്ല ധാന്യത്തിന്റെയോ വെറുമൊരു മണി മാത്രം.

ഇപ്രകാരംതന്നെയാണു മരിച്ചവരുടെ ഉത്ഥാനവും. നശ്വരതയിൽ വിതയ്ക്കപ്പെടുന്നു; അനശ്വരതയിൽ ഉയിർപ്പിക്കപ്പെടുന്നു. അവമാനത്തിൽ വിതയ്ക്കപ്പെടുന്നു; മഹിമയിൽ ഉയിർപ്പിക്കപ്പെടുന്നു. ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു; ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു. വിതയ്ക്കപ്പെടുന്നതു ഭൗതികശരീരം, പുനർജീവിക്കുന്നത് ആത്മീയശരീരം. ഭൗതികശരീരമുണ്ടെങ്കിൽ ആത്മീയശരീരവുമുണ്ട്. ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീർന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്‌മാവായിത്തീർന്നു. എന്നാൽ, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീയൻ. ആദ്യമനുഷ്യൻ ഭൂമിയിൽനിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ, സ്വർഗത്തിൽനിന്നുള്ളവൻ. ഭൂമിയിൽനിന്നുള്ളവൻ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വർഗത്തിൽനിന്നു ള്ളവൻ എങ്ങനെയോ അങ്ങനെതന്നെ സ്വർഗീയരും. നമ്മൾ ഭൗമികന്റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വർഗീയന്റെ സാദ്യശ്യവും ധരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഞാൻ ദൈവസന്നിധിയിൽ ജീവൻ്റെ പ്രകാശത്തിൽ നടക്കും.

ഞാൻ അങ്ങയെ വിളിച്ചപേക്‌ഷിക്കുമ്പോൾ എന്റെ ശത്രുക്കൾ പിന്തിരിയും; ദൈവം എന്റെ പക്ഷത്താണെന്നു ഞാനറിയുന്നു.

ഞാൻ ദൈവസന്നിധിയിൽ ജീവൻ്റെ പ്രകാശത്തിൽ നടക്കും.

ഞാൻ ആരുടെ വചനം കീർത്തിക്കുന്നുവോ, ആ ദൈവത്തിൽ, ഞാൻ ആരുടെ വചനം പ്രകീർത്തിക്കുന്നുവോ, ആ കർത്താവിൽ, നിർഭയനായി ഞാൻ ആശ്രയിക്കും. ദൈവമേ, അങ്ങേക്കുള്ള നേർച്ചകൾ നിറവേറ്റാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. ഞാൻ അങ്ങേക്കു കൃതജ്‌ഞതാബലി അർപ്പിക്കും.

ഞാൻ ദൈവസന്നിധിയിൽ ജീവൻ്റെ പ്രകാശത്തിൽ നടക്കും.

ഞാൻ ദൈവസന്നിധിയിൽ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്, അവിടന്ന് എന്റെ ജീവനെ മരണത്തിൽനിന്നും എന്റെ പാദങ്ങളെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.

ഞാൻ ദൈവസന്നിധിയിൽ ജീവൻ്റെ പ്രകാശത്തിൽ നടക്കും.

അല്ലേലൂയാ

അല്ലേലൂയാ! (Cf. ലൂക്കാ 8:15). വചനം കേട്ട്, ഉത്കൃഷ്‌ടവും നിർമലവുമായ ഹൃദയത്തിൽ അത് സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവർ ഭാഗ്യവാൻമാർ, അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നല്ല നിലത്തു വീണ വിത്ത്, വചനം കേട്ട് അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്)

അക്കാലത്ത്, പല പട്ടണങ്ങളിലും നിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ യേശു അരുൾചെയ്തു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികിൽ വീണു. ആളുകൾ അതു ചവിട്ടിക്കളയുകയും പക്‌ഷികൾ വന്നു തിന്നുകയും ചെയ്‌തു. ചിലതു പാറമേൽ വീണു. അതു മുളച്ചു വളർന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി. ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ അതിനോടൊപ്പം വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. ചിലതു നല്ല നിലത്തുവീണു. അതു വളർന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടർന്ന് അവൻ സ്വരമുയർത്തിപ്പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

ഈ ഉപമയുടെ അർഥമെന്ത് എന്നു ശിഷ്യൻമാർ അവനോടു ചോദിച്ചു. അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാൻ വരം ലഭിച്ചിരിക്കുന്നത് നിങ്ങൾക്കാണ്. മറ്റുള്ളവർക്കാകട്ടെ, അവ ഉപമകളിലൂടെ നല്കപ്പെടുന്നു. അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണത്. ഉപമ ഇതാണ്: വിത്ത് ദൈവവചനമാണ്. ചിലർ വചനം ശ്രവിച്ചെങ്കിലും അവർ വിശ്വസിക്കുകയോ രക്‌ഷപ്പെടുകയോ ചെയ്യാതിരിക്കാൻവേണ്ടി പിശാചു വന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു. ഇവരാണ് വഴിയരികിൽ വീണ വിത്ത്. പാറയിൽ വീണത്, വചനം കേൾക്കുമ്പോൾ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്. എങ്കിലും അവർക്കു വേരുകളില്ല. അവർ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാൽ പ്രലോഭനങ്ങളുടെ സമയത്ത് അവർ വീണുപോകുന്നു. മുള്ളുകളുടെ ഇടയിൽ വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതക്ലേശങ്ങൾ, സമ്പത്ത്, സുഖഭോഗങ്ങൾ എന്നിവ വചനം ഞെരുക്കിക്കളയുന്നതുകൊണ്ട് ഫലം പുറപ്പെടുവിക്കാത്തവരാണ്. നല്ല നിലത്തു വീണതോ, വചനം കേട്ട്, ഉത്കഷ്ടവും നിർമലവുമായ ഹൃദയത്തിൽ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.