ജൂലൈ 30 വ്യാഴം
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(കുശവന്റെ കൈയിലെ കളിമണ്ണുപോലെയാണ് എൻ്റെ കൈയിൽ നിങ്ങൾ)
കർത്താവ് ജറെമിയായോട് അരുൾചെയ്തു: നീ എഴുന്നേറ്റ് കുശവന്റെ വീട്ടിലേക്കു ചെല്ലുക. അവിടെവച്ച് ഞാൻ നിന്നോടു സംസാരിക്കും. ഞാൻ അവിടെ ചെല്ലുമ്പോൾ അവൻ ചക്രത്തിൻ മേൽ പണിചെയ്യുകയായിരുന്നു. കുശവൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ചിലപ്പോൾ ശരിയാകാതെ പോകും. അപ്പോൾ അവൻ അതുകൊണ്ടു വീണ്ടും തനിക്കിഷ്ടമുള്ള രൂപത്തിൽ മെനയും. അപ്പോൾ കർത്താവ് എന്നോടരുളിച്ചെയ്തു: ഇസ്രായേൽ ഭവനമേ ഈ കുശവൻ ചെയ്യുന്നതുപോലെ എനിക്കു നിങ്ങളോടു ചെയ്യരുതോ എന്നു കർത്താവു ചോദിക്കുന്നു. ഇസ്രായേൽ ഭവനമേ കുശവന്റെ കൈയിലെ കളിമണ്ണുപോലെയാണ് എന്റെ കൈയിൽ നിങ്ങൾ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
യാക്കോബിൻ്റെ ദൈവം തുണയായുള്ളവൻ, ഭാഗ്യവാൻ
ആയുഷ്കാലമത്രയും ഞാൻ കർത്താവിനെ സ്‌തുതിക്കും; ജീവിതകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തിനു കീർത്തനം പാടും.
യാക്കോബിൻ്റെ ദൈവം തുണയായുള്ളവൻ, ഭാഗ്യവാൻ
രാജാക്കൻമാരിൽ, സഹായിക്കാൻ കഴിവില്ലാത്ത മനുഷ്യപുത്രനിൽ, ആശ്രയംവയ്ക്കരുത്. അവൻ മണ്ണിലേക്കു മടങ്ങുന്നു; അന്ന് അവന്റെ പദ്‌ധതികൾ മണ്ണടിയുന്നു.
യാക്കോബിൻ്റെ ദൈവം തുണയായുള്ളവൻ, ഭാഗ്യവാൻ
യാക്കോബിന്റെ ദൈവം തുണയായുള്ളവൻ, തൻറെ ദൈവ മായ കർത്താവിൽ പ്രത്യാശ വയ്ക്കുന്നവൻ, ഭാഗ്യവാൻ അവിടന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്; അവിടന്ന് എന്നേക്കും വിശ്വസ്തനാണ്.
യാക്കോബിൻ്റെ ദൈവം തുണയായുള്ളവൻ, ഭാഗ്യവാൻ
അല്ലേലൂയാ !
അല്ലേലൂയാ! (Cf. അപ്പ 16 : 14b). കർത്താവേ, അങ്ങേ പുത്രന്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്ക ണമേ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നല്ല മത്സ്യങ്ങൾ പാത്രത്തിൽ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങൾ പുറത്തേക്ക് എറിയുകയും ചെയ്തു)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്തു: സ്വർഗരാജ്യം, എല്ലാത്തരം മത്‌സ്യങ്ങളെയും ശേഖരിക്കാൻ കടലിൽ എറിയപ്പെട്ട വലയ്ക്കു തുല്യം. വല നിറഞ്ഞപ്പോൾ അവർ അതു കരയ്ക്കു വലിച്ചു കയറ്റി. അവർ അവിടെയിരുന്ന്, നല്ല മത്സ്യങ്ങൾ പാത്രത്തിൽ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങൾ പുറത്തേക്ക് എറിയുകയും ചെയ്തു. യുഗാന്തത്തിലും ഇതു പോലെ സംഭവിക്കും. ദൈവദൂതൻമാർ ദുഷ്‌ടൻമാരെ നീതിമാൻ മാരിൽനിന്നു വേർതിരിക്കുകയും അഗ്നികുൺഡത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. നിങ്ങൾ ഇതെല്ലാം ഗ്രഹിച്ചുവോ? അവൻചോദിച്ചു. ഉവ്വ്, അവർ ഉത്തരം പറഞ്ഞു.
അവൻ തുടർന്നു: സ്വർഗരാജ്യത്തിന്റെ ശിഷ്യനായിത്തീർന്ന ഓരോ നിയമജ്‌ഞനും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്‌ഥനു തുല്യൻ. യേശു ഈ ഉപമകൾ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്, സ്വദേശത്തുവന്ന്, അവരുടെ സിനഗോഗിൽ പഠിപ്പിച്ചു.




