സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: അരയനും അമരക്കാരനും ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ തിരുവനന്തപുരം ലെനിൻ സിനിമാസ് തിയറ്ററിൽ നടക്കും. ചിത്രത്തിന്റെ ആദ്യ പ്രദർശന ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ നിർവഹിക്കും.
ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് റവ.മോൺ. ഡോ. വിൻസെൻ്റ് കെ. പീറ്റർ അധ്യക്ഷനായിരിക്കുന്ന യോഗത്തിൽ അഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേഷ് ചെന്നിത്തല ട്രെയിലർ റിലീസ് ചെയ്യും. സീറോ മലങ്കര കത്തോലിക്കാ മേജർ ആർച്ച ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണവും ടുറിസം & സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ വിഷ്‌ണുനാഥ് മുഖ്യസന്ദേശവും നൽകും. ബഹു. ജലവിഭവ & ഭവന നിർമ്മാണവകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് പോസ്റ്റർ റിലീസും ഗതാഗത വകുപ്പ് മന്ത്രി ശ്രീ.സി.പി.ജോൺ ഓഡിയോ റിലീസും ചെയ്യും.
ബിഷപ്പ് എമിരിറ്റസ് മോസ്റ്റ് റവ ഡോ. സൂസപാക്യം, അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ ഡോ. തോമസ് നെറ്റോ, സീറോ മലങ്കര കത്തോലിക്കാ സഭ പാറശാല രൂപത ബിഷപ്പ് മോസ്റ്റ് റവ.ഡോ.തോമസ് മാർ യൗസേബിയോസ്, ബിഷപ്പ് എമിരിറ്റസ് റൈറ്റ് റവ ഡോ. വിൻസെന്റ് സാമുവേൽ, പുനലൂർ രൂപത ബിഷപ്പ് റൈറ്റ് റവ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, നെയ്യാറ്റിൻകര രൂപത ബിഷപ്പ് റൈറ്റ് റവ ഡോ. സെൽവരാജൻ ദാസൻ, CSI ദക്ഷിണ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ. പ്രിൻസ്റ്റൺ ബെൻ, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, തിരുവനന്തപുരം എം.പി ഡോ. ശശി തരൂർ, പാറശാല എം.എൽ.എ. ശ്രീ. സി.കെ.ഹരീന്ദ്രൻ, നെയ്യാറ്റിൻകര എം.എൽ.എ. ശ്രീ.എൻ. ശക്തൻ, കാട്ടാക്കട എം.എൽ.എ. ശ്രീ. എം ആർ ബൈജു, അരുവിക്കര എം.എൽ.എ. അഡ്വ.ജി. സ്റ്റീഫൻ, കോവളം എം.എൽ.എ. അഡ്വ. എം.വിൻസൻ്റ് എന്നിവർ ആശംസകൾ അർപ്പിക്കും. യോഗത്തിന് പ്രൊഡ്യൂസർ ശ്രീ. ബ്രൈറ്റ് തോംസൺ സ്വാഗതവും ഡയറക്ടർ ശ്രീ വിൽഫ്രഡ് നന്ദിയും ആശംസിക്കും.
വെള്ളറട തെക്കൻ കുരിശുമല 70 -ാം തീർത്ഥാടന ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയിൽ ഇടം നേടി സഹ്യൻ്റെ നെറുകയിൽ പ്രശോഭിക്കുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രവും, പോരാട്ടങ്ങളുടെ കുടുംബ ജീവിതവും, മത മൈത്രിയും, ലഹരിക്കെതിരെയും, സ്നേഹസംസ്‌കാരത്തിന് പ്രചോദനം നൽകുന്ന വിധത്തിൽ സമന്വയ വിഷൻ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻ ഒരുക്കുന്ന ‘അരയനും അമരക്കാരനും’എന്ന ചലച്ചിത്രം കേരളം, തമിഴ്‌നാട് തിയേറ്ററുകളിൽ ഉടൻ റിലീസിനെത്തുന്നു.



