ജൂലൈ 15 ബുധൻ
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(വെട്ടുകാരനോടു കോടാലി വൻപു പറയുമോ?)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: എൻെറ കോപത്തിൻെറ ദൺഡും രോഷത്തിന്റെ വടിയുമായ അസ്സീറിയാ! അധർമികളായ ജനതയ്ക്കെതിരേ ഞാൻ അവനെ അയയ്ക്കുന്നു. എന്റെ കോപത്തിനു പാത്രമായ ജനത്തെ കൊള്ളയടിക്കാനും കവർച്ചവസ്തു തട്ടിയെടുക്കാനും തെരുവിലെ ചളിപോലെ അവരെ ചവിട്ടിത്തേയ്ക്കാനും ഞാൻ അവനു കൽപന നല്കുന്നു. എന്നാൽ, അവൻെറ ഉദ്ദേശ്യമതല്ല. അവന്റെ മനസ്സിലെവിചാരവും അപ്രകാരമല്ല. നാശം മാത്രമാണ് അവൻ ചിന്തിക്കുന്നത്. അനേകം ജനതകളെ വിച്ഛേദിച്ചുകളയുകയാണ് അവന്റെ ഉദ്ദേശ്യം.
അവൻ പറയുന്നു: എന്റെ കരബലവും ജ്ഞാനവും കൊണ്ടാണ് ഞാനിതു ചെയ്തത്. കാരണം, എനിക്ക് അറിവുണ്ടായിരുന്നു. ഞാൻ ജനതകളുടെ അതിർത്തികൾ നീക്കംചെയ്യുകയും അവരുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. സിംഹാസനത്തിലിരിക്കുന്നവരെ ഞാൻ കാളക്കൂറ്റൻ്റെ കരുത്തോടെ താഴേയിറക്കി. പക്ഷിക്കൂട്ടിൽ നിന്നെന്നപോലെ എന്റെ കരം ജനതകളുടെ സമ്പത്ത് അപഹരിച്ചു. ഉപേക്ഷിക്കപ്പെട്ട മുട്ടകൾ ശേഖരിക്കുന്നതുപോലെ, ഭൂമിയിലെ സമ്പത്തു മുഴുവൻ കരസ് ഥമാക്കി. ചിറകനക്കാനോ വായ് തുറന്നു ചിലയ്ക്കാനോ ഒന്നും ഉണ്ടായിരുന്നില്ല. വെട്ടുകാരനോടു കോടാലി, വൻപുപറയുമോ? അറക്കുന്നവനോടു വാൾ വീമ്പടിക്കുമോ? ദൺഡ് അത് ഉയർത്തുന്നവനെ നിയന്ത്രിക്കുന്നതുപോലെയും ഊന്നുവടി മരമല്ലാത്തവനെ ഉയർത്തുന്നതുപോലെയും ആണ് അത്. കർത്താവ്, സൈന്യങ്ങളുടെ കർത്താവ്, കരുത്തൻമാരായ യോദ്ധാക്കളുടെമേൽ കയിപ്പിക്കുന്ന രോഗം അയയ്ക്കും. അവന്റെ കരുത്തിനടിയിൽ അഗ്നിജ്ജ്വാലപോലെ ഒരു ദാഹകശക്തി ജ്വലിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവു തൻെറ ജനത്തെ പരിത്യജിക്കുകയില്ല.
കർത്താവേ, അവർ അങ്ങയുടെ ജനത്തെ ഞെരിക്കുന്നു; അങ്ങയുടെ അവകാശത്തെ പീഡിപ്പിക്കുന്നു. അവർ വിധവയെയും വിദേശിയെയും വധിക്കുന്നു; അനാഥരെ കൊന്നുകളയുന്നു.
കർത്താവു തൻെറ ജനത്തെ പരിത്യജിക്കുകയില്ല.
കർത്താവു കാണുന്നില്ല, യാക്കോബിൻെറ ദൈവം ഗ്രഹിക്കുന്നില്ല എന്ന് അവർ പറയുന്നു. പടുവിഡ്ഡികളേ, അറിഞ്ഞു കൊള്ളുവിൻ, ഭോഷരേ, നിങ്ങൾക്ക് എന്നു വിവേകം വരും?
കർത്താവു തൻെറ ജനത്തെ പരിത്യജിക്കുകയില്ല.
ചെവി നല്കിയവൻ കേൾക്കുന്നില്ലെന്നോ? കണ്ണു നല്കിയവൻ കാണുന്നില്ലെന്നോ? ജനതകളെ ശിക്ഷിക്കുന്നവന് നിങ്ങളെ ശിക്ഷിക്കാൻ കഴിയുകയില്ലെന്നോ? അറിവു പകരുന്നവന് അറിവില്ലെന്നോ?
കർത്താവു തൻെറ ജനത്തെ പരിത്യജിക്കുകയില്ല.
കർത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല; അവിടന്നു തന്റെ അവകാശം ഉപേക്ഷിക്കുകയില്ല. വിധികൾ വീണ്ടും നീതിപൂർവകമാകും; പരമാർഥഹൃദയമുള്ളവർ അതു മാനിക്കും.
കർത്താവു തൻെറ ജനത്തെ പരിത്യജിക്കുകയില്ല.
അല്ലേലൂയാ !
അല്ലേലൂയാ! (CF. മത്താ 11:25), സ്വർഗരാജ്യത്തിന്റെ രഹ സ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ, സ്വർഗത്തിൻ്റെയും ഭൂമി യുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നീ ഇക്കാര്യങ്ങൾ ബുദ്ധിമാൻമാരിൽനിന്നു മറച്ച്, ശിശുക്കൾക്കു വെളിപ്പെടുത്തി)
അക്കാലത്ത്, യേശു ഉദ്ഘോഷിച്ചു: സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാൻമാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം. സർവവും എന്റെ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുതനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തിക്കൊടുക്കാൻ മനസ്സാകുന്നുവോ, അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.




