ജൂലൈ 14 ചൊവ്വ
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(വിശ്വസിക്കുന്നില്ലെങ്കിൽ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല)
യൂദാരാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥാമിന്റെ പുത്രൻ ആഹാസിൻെറ കാലത്ത് സിറിയാരാജാവായ റസീനും ഇസ്രായേൽ രാജാവും റമാലിയായുടെ പുത്രനുമായ പെക്കായും ജറുസലേമിനെതിരേ യുദ്ധത്തിനു വന്നു. എന്നാൽ അവർക്കതിനെ കീഴടക്കാൻ കഴിഞ്ഞില്ല. സിറിയാ, എഫ്രായിമിനോടു സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം അറിഞ്ഞപ്പോൾ, കൊടുങ്കാറ്റിൽ വനത്തിലെ വൃക്ഷങ്ങൾ ഇളകുന്നതു പോലെ, അവന്റെയും ജനത്തിന്റെയും ഹൃദയം വിറച്ചു. കർത്താവ് ഏശയ്യായോട് അരുൾചെയ്തു നീ പുത്രനായ ഷെയാർ യാഷുബുമൊത്തു ചെന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയുടെ അരികേയുള്ള മേല്ക്കളത്തിലെ നീർച്ചാലിന്റെ അറ്റത്തുവച്ച് ആഹാസിനെക്കണ്ട് ഇപ്രകാരം പറയുക: ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളി നിമിത്തം, റസീന്റെയും സിറിയായുടെയും റമാലിയായുടെ പുത്രന്റെയും ഉഗ്രകോപം നിമിത്തം, നീ ഭയപ്പെടരുത്. നമുക്ക് യൂദായ്ക്കെതിരേ ചെന്ന് അതിനെ ഭയപ്പെടുത്തുകയും കീഴടക്കി തബേലിന്റെ പുത്രനെ അതിന്റെ രാജാവായി വാഴിക്കുകയും ചെയ്യാമെന്നു പറഞ്ഞുകൊണ്ട് സിറിയായും എഫ്രായിമും റമാലിയായുടെ പുത്രനും നിനക്കെതിരേ ഗൂഢാലോചന നടത്തി. ആകയാൽ ദൈവമായ കർത്താവ് അരുൾചെയ്യുന്നു: അതു സംഭവിക്കുകയില്ല, ഒരിക്കലും സംഭവിക്കുകയില്ല. സിറിയായുടെ തലസ്ഥാനം ദമാസ്കസും ദമാസ്കസിന്റെ തലവൻ റസീനും ആണ്. അറുപത്തഞ്ചു വർ ഷത്തിനുള്ളിൽ എഫ്രായിം ഛിന്നഭിന്നമാക്കപ്പെടും. മേലിൽ അത് ഒരു ജനതയായിരിക്കുകയില്ല. എഫ്രായിമിൻ്റെ തലസ്ഥാനം സമരിയായും അധിപൻ റമാലിയായുടെ പുത്രനുമാണ്. വിശ്വസിക്കുന്നില്ലെങ്കിൽ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവം തൻ്റെ നഗരം എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു.
കർത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ അത്യന്തം സ്തുത്യർഹനുമാണ്. ഉയർന്നു മനോഹരമായ അവിടത്തെ വിശുദ്ധഗിരി ഭൂമി മുഴുവന്റെയും സന്തോഷമാണ്.
ദൈവം തൻ്റെ നഗരം എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു.
അങ്ങു വടക്കുള്ള സീയോൻപർവതം ഉന്നതനായ രാജാവിന്റെ നഗരമാണ്. അതിന്റെ കോട്ടകൾക്കുള്ളിൽ ദൈവം സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
ദൈവം തൻ്റെ നഗരം എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു..
ഇതാ, രാജാക്കൻമാർ സമ്മേളിച്ചു; അവർ ഒത്തൊരുമിച്ചു മുന്നേറി. സീയോനെക്കണ്ട് അവർ അമ്പരന്നു; പരിഭ്രാന്തരായ അവർ പലായനം ചെയ്തു.
ദൈവം തൻ്റെ നഗരം എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു.
അവിടെവച്ച് അവർ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിന വേദന അവരെ ഗ്രസിച്ചു. കിഴക്കൻ കാറ്റിൽപ്പെട്ട താർഷീഷ് കപ്പലുകളെപ്പോലെ അവർ തകരുന്നു.
ദൈവം തൻ്റെ നഗരം എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! (Cf. സങ്കീ 95 : 86+7a). ഇന്ന് നിങ്ങൾ ഹൃദയം കഠിനമാക്കാതെ കർത്താവിൻ്റെ സ്വരം ശ്രവിക്കുവിൻ.
അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(വിധിദിനത്തിൽ, ടയിറിനും സീദോനും നിങ്ങളെക്കാൾ ആശ്വാസമുണ്ടാകും)
അക്കാലത്ത്, യേശു താൻ ഏറ്റവും കൂടുതൽ അദ്ഭുതങ്ങൾ പ്രവർത്തിച്ച നഗരങ്ങൾ മാനസാന്തരപ്പെടാത്തതിനാൽ അവയെ ശാസിക്കാൻ തുടങ്ങി: കൊറാസീൻ, നിനക്കു ദുരിതം! ബേത്യ്ദാ, നിനക്കു ദുരിതം! നിന്നിൽ നടന്ന അദ്ഭുതങ്ങൾ ടയിറി ലും സീദോനിലും നടന്നിരുന്നെങ്കിൽ അവ എത്ര പണ്ടേ ചാക്കുടുത്ത് ചാരം പൂശി അനുതപിക്കുമായിരുന്നു! വിധിദിനത്തിൽ ടയിറിനും സീദോനും നിങ്ങളെക്കാൾ ആശ്വാസമുണ്ടാകുമെന്നു ഞാൻ നിങ്ങളോടുപറയുന്നു.
കഫർണാമേ, നീ സ്വർഗംവരെ ഉയർത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നിൽ സംഭവിച്ച അദ്ഭുതങ്ങൾ സോദോമിൽ സംഭവിച്ചിരുന്നെങ്കിൽ, അത് ഇന്നും നിലനില്ക്കുമായിരുന്നു. ഞാൻ നിന്നോടു പറയുന്നു: വിധിദിനത്തിൽ സോദോമിന്റെ സ്ഥിതി നിന്റെതിനെക്കാൾ സഹനീയമായിരിക്കും.




