ജൂലൈ 12 ഞായർ
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(മഴ ഭൂമിയെ നനച്ച് ഫലവത്താക്കുന്നു)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അത് സസ്യങ്ങൾ മുളപ്പിച്ച് ഫലം നല്കി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്കും അങ്ങനെ തന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാൻ ഏല്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
വിത്ത് നല്ല നിലത്തു വീണു. അതു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു.
അവിടന്ന് ഭൂമിയെ സന്ദർശിച്ച് അതിനെ നനയ്ക്കുന്നു, അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു; ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു; അവിടന്ന് ഭൂമിയെ ഒരുക്കി അവർക്കു ധാന്യം നല്കുന്നു.
വിത്ത് നല്ല നിലത്തു വീണു. അതു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു.
അവിടന്ന് അതിന്റെ ഉഴവുചാലുകൾ സമൃദ്ധമായി നനയ്ക്കുന്നു; കട്ടയുടച്ചുനിരത്തുകയും മഴവർഷിച്ച് അതിനെ കുതിർക്കുകയും ചെയ്യുന്നു; അവിടന്ന് അതിൻ്റെ മുളകളെ അനുഗ്രഹിക്കുന്നു.
വിത്ത് നല്ല നിലത്തു വീണു. അതു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു.
സംവത്സരത്തെ അവിടന്നു സമൃദ്‌ധികൊണ്ടു മകുടം ചാർത്തുന്നു; അങ്ങയുടെ രഥത്തിന്റെ ചാലുകൾ പുഷ്ടി പൊഴിക്കുന്നു. മരുപ്രദേശത്തെ പുല്‌പുറങ്ങൾ സമൃദ്ധി ചൊരിയുന്നു; കുന്നുകൾ സന്തോഷം അണിയുന്നു.
വിത്ത് നല്ല നിലത്തു വീണു. അതു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു.
മേച്ചില്പുറങ്ങൾ ആട്ടിൻ കൂട്ടങ്ങളെക്കൊണ്ട് ആവൃതമാകുന്നു; താഴ്വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; സന്തോഷംകൊണ്ട് അവ ആർത്തുപാടുന്നു.
വിത്ത് നല്ല നിലത്തു വീണു. അതു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തൽ കാത്തിരിക്കുന്നു)
പ്രിയസഹോദരരേ, നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്‌സാരമാണെന്നു ഞാൻ കരുതുന്നു. സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തൽ ആകാംക്‌ഷയോടെ കാത്തിരിക്കുന്നു. അതു വ്യർഥതയ്ക്ക് അടിമപ്പെട്ടിരിക്കുന്നു; സ്വന്തം ഇഷ്ടത്താലല്ല, പ്രത്യാശകൊടുത്ത് അതിനെ അധീനമാക്കിയവന്റെ അഭീഷ്ടപ്രകാരം. സൃഷ്‌ടി ജീർണതയുടെ അടിമത്തത്തിൽനിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും. സമസ്‌തസൃഷ്‌ടികളും ഒന്നുചേർന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നു എന്നു നമുക്കറിയാം. സൃഷ്ടി മാത്രമല്ല, ആത്മാവിന്റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്‌ധി പ്രതീക്‌ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! വിത്ത് ദൈവത്തിൻ്റെ വചനമാണ്; കർത്താവ് വിതക്കാരനും. ആരതിനെ കണ്ടെത്തുന്നുവോ അവൻ നിത്യം നിലനില്ക്കും. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(വിതക്കാരൻ വിതയ്ക്കാൻ പോയി)
(അക്കാലത്ത്, അന്നുതന്നെ യേശു ഭവനത്തിൽ നിന്നു പുറത്തുവന്ന്, കടല്ത്തീരത്ത് ഇരുന്നു. വലിയ ജനക്കൂട്ടങ്ങൾ അവന്റെ അടുത്തു വന്നു. തന്നിമിത്തം അവൻ ഒരു തോണിയിൽ കയറി ഇരുന്നു. ജനക്കൂട്ടം മുഴുവൻ തീരത്തു നിന്നു. അപ്പോൾ അവൻ വളരെക്കാര്യങ്ങൾ ഉപമകൾവഴി അവരോടു പറഞ്ഞു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. അവൻ വിതച്ചപ്പോൾ വിത്തുകളിൽ കുറെ വഴിയരികിൽ വീണു. പക്‌ഷികൾ വന്ന് അതു തിന്നു. ചിലത് മണ്ണ് അധികമില്ലാത്ത പാറമേൽ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാൽ അത് പെട്ടെന്നു മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോൾ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാൽ കരിഞ്ഞുപോവുകയും ചെയ്‌തു. വേറെ ചിലത് മുൾ ച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അതിനെഞെരുക്കിക്കളഞ്ഞു. മറ്റു ചിലത് നല്ല നിലത്തു വീണു. അത് നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‌കി. ചെവിയുള്ളവൻകേൾക്കട്ടെ).
അപ്പോൾ ശിഷ്യൻമാർ അടുത്തെത്തി അവനോടു ചോദിച്ചു: നീ അവരോട് ഉപമകൾ വഴി സംസാരിക്കുന്നതെന്തുകൊണ്ട്? അവൻ മറുപടി പറഞ്ഞു: സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങൾക്കാണു ലഭിച്ചിരിക്കുന്നത്. അവർക്ക് അതു ലഭിച്ചിട്ടില്ല. ഉള്ളവനുനല്കപ്പെടും. അവനു സമ്യദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും. അതുകൊണ്ടാണ് ഞാൻ അവരോട് ഉപമകൾവഴി സംസാരിക്കുന്നത്. കാരണം, അവർ കണ്ടിട്ടും കാണുന്നില്ല, കേട്ടി ട്ടും കേൾക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല. ഏശയ്യായുടെ പ്രവചനം അവരിൽ പൂർത്തിയായിരിക്കുന്നു: നിങ്ങൾ തീർച്ചയായും കേൾക്കും, എന്നാൽ മനസ്‌സിലാക്കുകയില്ല; നിങ്ങൾ തീർച്ചയായും കാണും, എന്നാൽ ഗ്രഹിക്കുകയില്ല. അവർ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്‌സിലാക്കി, മാനസാന്തരപ്പെടുകയും ഞാൻ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജനതയുടെ ഹൃദയം കഠിനമായിത്തീർന്നിരിക്കുന്നു; ചെവിയുടെ കേൾവി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവർ അടച്ചുകളഞ്ഞിരിക്കുന്നു. നിങ്ങളുടെ കണ്ണുകൾ ഭാഗ്യമുള്ളവ; എന്തെന്നാൽ, അവ കാണുന്നു. നിങ്ങളുടെ കാതുകൾ ഭാഗ്യമുള്ളവ; എന്തെന്നാൽ, അവ കേൾക്കുന്നു. സത്യമായി ഞാൻ നിങ്ങ ളോടു പറയുന്നു, അനേകം പ്രവാചകൻമാരും നീതിമാൻമാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.
അതിനാൽ, വിതക്കാരൻെറ ഉപമ നിങ്ങൾ കേട്ടുകൊള്ളുവിൻ: രാജ്യത്തിൻെറ വചനം കേട്ടിട്ടു മനസ്‌സിലാകാതിരിക്കുന്നവനിൽനിന്ന്, അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് ദുഷ്ടൻ വന്ന് അപഹരിക്കുന്നു. ഇതാണ് വഴിയരികിൽ വീണ വിത്ത്. വചനം കേട്ടിട്ട് ഉടനേ സസന്തോഷം സ്വീകരിക്കുകയും തന്നിൽ വേരില്ലാത്തതിനാൽ അല്‌പനേരം മാത്രം നിലനിന്നിട്ട്, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോൾ തത്ക്ഷണം വീണുപോവുകയും ചെയ്യുന്നവനാണ് പാറമേൽ വീണ വിത്ത്. ഒരുവൻ വചനം ശ്രവിക്കുന്നു; എന്നാൽ ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകർഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണ് മുള്ളുകളുടെയിടയിൽ വീണ വിത്ത്. വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ല നിലത്തു വീണ വിത്ത്. അവൻ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.




