സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ സാക്രിസ്റ്റിയിലെ മേശകളും അലമാരയും തകര്‍ത്ത നിലയിലായിരുന്നു. ഇന്നലെ (30-06-2026) 11 മണിയോടെയാണ് മോഷണവിവരം വിശ്വാസികള്‍ അറിയുന്നത്. നെയ്യാറ്റിൻകര രൂപതയിൽ പാറശാല ഫൊറോനയിലെ നെടുവാന്പിള പള്ളിയുടെ സബ്-സ്റ്റേഷന് പളളിയാണിത്.
പള്ളിയുടെ വാതില്‍ കോണ്‍ക്രീറ്റ് കല്ല് ഉപയോഗിച്ച് തകര്‍ത്താണ് കള്ളന് അകത്തു കയറിയിരിക്കുന്നത്. പള്ളിക്ക് മുന്നിലെ വേളാങ്കണ്ണി കുരിശടിയുടെ കവാടത്തിലെയും ഉള്ളിലെയും കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ട്. പള്ളിയുടെ സാക്രസ്റ്റിക്കുള്ളിലെ മേശകളും അലമാരകളും തകര്‍ത്ത് വിശുദ്ധ വസ്തുക്കള്‍ അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു.
പാറശാല പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. അതേസമയം, മോഷണവും പള്ളിയുടെ വാതിലുകളും വിശുദ്ധ വസ്തുക്കളും തകർത്ത സംഭവവും നടന്നതായി അറിഞ്ഞയുടനെ പോലീസിനെ വിവരമറിയിച്ചില്ലാ എന്ന വിമർശനവും വിശ്വാസികൾക്കിടയിൽ ഉയർന്നിട്ടുണ്ട്.




