Uncategorized

ആണ്ടുവട്ടം പതിനൊന്നാം വാരം ശനി വചനവായന

ജൂൺ 20 ശനി

ഒന്നാം വായന

ദിനവൃത്താന്തം രണ്ടാം പുസ്‌തകത്തിൽനിന്ന്

(ദേവാലയത്തിനും ബലിപീഠത്തിനും മധ്യേവച്ച് നിങ്ങൾ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയാസ്)

യഹോയാദായുടെ മരണത്തിനുശേഷം യൂദാപ്രഭുക്കൻമാർ യോവാഷിനെ വന്നുകണ്ട് അഭിവാദനങ്ങളർപ്പിച്ചു. രാജാവ് അവർ പറഞ്ഞതു കേട്ടു. തങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവിന്റെ ആലയം ഉപേക്‌ഷിച്ച് അവർ വിഗ്രഹങ്ങളെയും അഷേരാപ്രതിഷ്‌ഠകളെയും സേവിച്ചു തുടങ്ങി. അവരുടെ ഈ അകൃത്യം നിമിത്തം യുദായുടെയും ജറുസലേമിൻെറയും മേൽ ദൈവകോപമുണ്ടായി. അവരെ തിരിയെക്കൊണ്ടുവരാൻ കർത്താവ് അവരുടെ ഇടയിലേക്കു പ്രവാചകൻമാരെ അയച്ചു. പ്രവാചകൻമാർ അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചു. എന്നാൽ, അവർ അതു വകവച്ചില്ല. യഹോയാദാ പുരോഹിതൻ്റെ മകൻ സഖറിയായുടെമേൽ ദൈവത്തിന്റെ ആത്‌മാവ് വന്നു. അവൻ ജനത്തെ അഭിസംബോധനം ചെയ്തു പറഞ്ഞു: ദൈവം അരുളിച്ചെയ്യുന്നു: കർത്താവിന്റെ കല്‌പനകൾ ലംഘിച്ച് നിങ്ങൾക്കു തന്നെ അനർഥം വരുത്തുന്നതെന്ത്? നിങ്ങൾ കർത്താവിനെ ഉപേക്ഷിച്ചതിനാൽ അവിടന്നു നിങ്ങളെയും ഉപേക്‌ഷിച്ചിരിക്കുന്നു. എന്നാൽ, അവർ സഖറിയായ്കെതിരേ ഗൂഢാലോചന നടത്തി.
രാജകല്പനപ്രകാരം അവർ അവനെ ദേവാലയാങ്കണത്തിൽവച്ചു കല്ലെറിഞ്ഞു കൊന്നു. യോവാഷ്‌രാജാവ്, യഹോയാദാ തന്നോടുകാണിച്ച ദയ വിസ്മ‌രിച്ച്, അവന്റെ മകനായ സഖറിയായെ വധിച്ചു. മരിക്കുമ്പോൾ അവൻ പറഞ്ഞു: കർത്താവ് ഇതുകണ്ട് പ്രതികാരം ചെയ്യട്ടെ!

വർഷാവസാനത്തിൽ സിറിയാസൈന്യം യോവാഷിനെതിരേ വന്നു. അവർ യൂദായിലെയും ജറുസലേമിലെയും ജനപ്രമാണികളെ വധിച്ചു. അവരുടെ വസ്‌തുവകകൾ കൊള്ളചെയ്ത് ദമാസ്കസ് രാജാവിനു കൊടുത്തു. സിറിയാസൈന്യം എണ്ണത്തിൽ കുറവായിരുന്നെങ്കിലും, പിതാക്കൻമാരുടെ ദൈവമായ കർത്താവിനെ പരിത്യജിച്ചതിനാൽ, യൂദായുടെ വലിയ സൈന്യത്തെ അവിടന്ന് അവരുടെ കൈയിൽ ഏല്‌പിച്ചു. അങ്ങനെ അവർ യോവാഷിൻമേൽ ശിക്‌ഷാവിധി നടത്തി. യോവാഷിനെ ദാരുണമായി മുറിവേല്പ്‌പിച്ചു. ശത്രുക്കൾ പോയിക്കഴിഞ്ഞപ്പോൾ സേവകൻമാർ ഗൂഢാലോചന നടത്തി. അവനെ കിടക്കയിൽ വച്ചു വധിച്ചു. അങ്ങനെ അവർ യഹോയാദാപുരോഹിതൻ്റെ മകൻ രക്ത‌ത്തിന് പ്രതികാരം ചെയ്‌തു. യോവാഷ് മരിച്ചു. അവർ അവനെ ദാവീദിന്റെ നഗരത്തിൽ സംസ്‌കരിച്ചു; എന്നാൽ, രാജാക്കൻമാരുടെ കല്ലറയിലല്ല.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവിൻ്റെ കരുണ എപ്പോഴും അവന്റെ മേൽ ഉണ്ടായിരിക്കും.

അവിടന്ന് അരുൾചെയ്‌തു: എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാൻ ഒരു ഉടമ്പടിയുണ്ടാക്കി; എൻ്റെ ദാസനായ ദാവീദിനോട് ഞാൻ ശപഥം ചെയ്‌തു. നിൻെറ സന്തതിയെ എന്നേക്കുമായി ഞാൻ ഉറപ്പിക്കും; നിന്റെ സിംഹാസനം തലമുറകളോളം ഞാൻ നിലനിർത്തും.

കർത്താവിൻ്റെ കരുണ എപ്പോഴും അവന്റെ മേൽ ഉണ്ടായിരിക്കും.

എന്റെ കരുണ എപ്പോഴും അവൻെറമേൽ ഉണ്ടായിരിക്കും; അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്ക്കും. ഞാൻ അവന്റെ വംശം ശാശ്വതമാക്കും; അവന്റെ സിംഹാസനം ആകാശമുള്ളിടത്തോളം കാലം നിലനില്ക്കും.

കർത്താവിൻ്റെ കരുണ എപ്പോഴും അവന്റെ മേൽ ഉണ്ടായിരിക്കും.

അവന്റെ സന്തതി എന്റെ നിയമം ഉപേക്‌ഷിക്കുകയും, എന്റെ വിധികൾ അനുസരിക്കാതിരിക്കുകയും എന്റെ ചട്ടങ്ങൾ ലംഘിക്കുകയും എന്റെ കല്പ‌നകൾ പാലിക്കാതിരിക്കുകയും ചെയ്താൽ, ഞാൻ അവരുടെ ലംഘനത്തെ ദൺഡുകൊണ്ടും അവരുടെ അകൃത്യങ്ങളെ ചമ്മട്ടികൊണ്ടും ശിക്ഷിക്കും. എന്നാലും ഞാൻ എൻ്റെ കാരുണ്യം അവനിൽ നിന്നു പിൻവലിക്കുകയില്ല; എന്റെ വിശ്വസ്‌തതയ്ക്ക് ഭംഗം വരുത്തുകയില്ല.

കർത്താവിൻ്റെ കരുണ എപ്പോഴും അവന്റെ മേൽ ഉണ്ടായിരിക്കും.

അല്ലേലൂയാ !
അല്ലേലൂയാ! (2കോറി 8:9). കർത്താവായ യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തൻ്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകാൻവേണ്ടിത്തന്നെ. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്)

അക്കാലത്ത്, യേശു തന്റെ ശിഷ്യൻമാരോട് അരുൾചെയ്തു.രണ്ടു യജമാനൻമാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല; ഒന്നുകിൽ, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കിൽ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല. ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങൾ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും ശ്രേഷ്‌ഠമല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുവിൻ: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണു നിങ്ങൾ! ഉത്കണ്ഠമൂലം ആയുസ്റ്റിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിലാർക്കെങ്കിലും സാധിക്കുമോ?

വസ്ത്രത്തെപ്പറ്റിയും നിങ്ങൾ എന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികൾ എങ്ങനെ വളരുന്നു എന്നു നോക്കുക. അവ അധ്വാനിക്കുന്നില്ല, നൂല്ക്കുന്നുമില്ല. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സോളമൻപോലും തന്റെ സർവമഹത്വത്തിലും ഇവയിൽ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ഇന്നുള്ളതും നാളെ അടുപ്പിൽ എറിയപ്പെടുന്നതുമായ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കിൽ, അല്‌പവിശ്വാസികളേ, നിങ്ങളെ അവിടന്ന് എത്രയധികം അലങ്കരിക്കുകയില്ല!

അതിനാൽ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ച് നിങ്ങൾ ആകുലരാകേണ്ടാ. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗീയ പിതാവ് അറിയുന്നു. നിങ്ങൾ ആദ്യം അവിടത്തെ രാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതിനാൽ, നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിൻ്റെ ക്‌ളേശം മതി.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.