Word of God

ആണ്ടുവട്ടം പതിനൊന്നാം വാരം തിങ്കൾ വചനവായന

ജൂൺ 15 തിങ്കൾ

ഒന്നാം വായന

രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന്

(അവർ നബോത്തിനെ കല്ലെറിഞ്ഞു കൊന്നു)

അക്കാലത്ത്, ജസ്രേല്ക്കാരനായ നാബോത്തിന് ജസ്രേലിൽ സമരിയാരാജാവായ ആഹാബിന്റെ കൊട്ടാരത്തോടുചേർന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ നിന്റെ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്റെ സമീപമാണല്ലോ. അതിനെക്കാൾ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാൻ നിനക്കു തരാം; പണമാണു വേണ്ടതെങ്കിൽ വിലതരാം. എന്നാൽ, നാബോത്ത് പറഞ്ഞു: എൻെറ പിതൃസ്വത്ത് വില്ക്കുന്നതിന് കർത്താവ് ഇടയാക്കാതിരിക്കട്ടെ. എന്റെ പിത്യസ്വത്ത് ഞാൻ അങ്ങേക്കു നല്‌കുകയില്ല എന്ന് ജസ്രേല്ക്കാരനായ നാബോത്ത് പറഞ്ഞതിൽ രോഷാകുലനായി ആഹാബ് സ്വഭവനത്തിലേക്കു മടങ്ങി. അവൻ മുഖം തിരിച്ചു കട്ടിലിൽ കിടന്നു; ഭക്‌ഷണം കഴിച്ചതുമില്ല. അവന്റെ ഭാര്യ ജസെബെൽ അടുത്തു വന്നു ചോദിച്ചു: അങ്ങ് എന്താണിത്ര ക്ഷോഭിച്ചിരിക്കുന്നത്? ഭക്ഷണം കഴിക്കുന്നില്ലല്ലോ? അവൻ പറഞ്ഞു: ജസ്രേൽക്കാരനായ നാബോത്തിനോട് അവന്റെ മുന്തിരിത്തോട്ടം വിലയ്ക്കു തരുക അല്ലെങ്കിൽ വേറൊന്നിനു പകരമായി തരുക എന്നു ഞാൻ പറഞ്ഞു. എന്നാൽ, തരുകയില്ല എന്ന് അവൻ പറഞ്ഞു. ജസെബെൽ പറഞ്ഞു: അങ്ങാണോ ഇസ്രായേൽ ഭരിക്കുന്നത്? എഴുന്നേറ്റു ഭക്ഷണം കഴിച്ചു സന്തുഷ്‌ടനായിരിക്കുക. ജസ്രേല്ക്കാരനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ അങ്ങേക്കു തരും.

അവൾ ആഹാബിൻെറ പേരും മുദ്രയുംവച്ച് നഗരത്തിൽ നാബോത്തിനോടൊപ്പം വസിക്കുന്ന ശ്രേഷ്ഠൻമാർക്കും പ്രഭുക്കൻമാർക്കും കത്തയച്ചു. അതിൽ ഇങ്ങനെയെഴുതിയിരുന്നു: നിങ്ങൾ ഒരു ഉപവാസം പ്രഖ്യാപിക്കുകയും ജനത്തെ വിളിച്ചുകൂട്ടി അവിടെ നാബോത്തിനെ പ്രധാനസ്‌ഥാനത്തിരുത്തുകയും ചെയ്യുവിൻ. അവനെതിരായി രണ്ടു നീചൻമാരെ കൊണ്ടുവരുവിൻ. നാബോത്ത് ദൈവത്തിനും രാജാവിനും എതിരായി ദൂഷണം പറഞ്ഞു എന്ന് അവർ കള്ളസാക്ഷ്യം പറയട്ടെ. അപ്പോൾ അവനെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലുവിൻ. പട്ടണത്തിലെ ശ്രേഷ്ഠൻമാരും പ്രഭുക്കൻമാരും ജസെബെൽ എഴുതിയതുപോലെ പ്രവർത്തിച്ചു. അവർ ഉപവാസം പ്രഖ്യാപിച്ചു. ജനത്തെ വിളിച്ചു കൂട്ടി, നാബോത്തിനെ പ്രധാനസ്‌ഥാനത്തിരുത്തി. നീചൻമാർ ഇരുവരും അവനെതിരേ ഇരുന്നു. ഇവൻ ദൈവദൂഷണവും രാജ ദുഷണവും പറഞ്ഞു എന്ന് അവർ ജനത്തിന്റെ മുൻപിൽ നാബോത്തിനെതിരായി കുറ്റം ആരോപിച്ചു. അവർ അവനെ പട്ടണത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.നാബോത്തിനെ കല്ലെറിഞ്ഞു കൊന്നവിവരം ജസെബെലിനെ അറിയിച്ചു. അതുകേട്ടയുടനേ ജസെബെൽ ആഹാബിനോടു പറഞ്ഞു: എഴുന്നേല്ക്കുക. ജസ്രേല്ക്കാരനായ നാബോത്ത് വിലയ്ക്കു തരാൻ വിസമ്മതിച്ച മുന്തിരിത്തോട്ടം കൈവശപ്പെടുത്തിക്കൊള്ളുക. നാബോത്ത് ജീവിച്ചിരിപ്പില്ല; അവൻ മരിച്ചു. നാബോത്ത് മരിച്ച വിവരമറിഞ്ഞ മാത്രയിൽ ആഹാബ് എഴുന്നേറ്റ് മുന്തിരിത്തോട്ടം കൈവശപ്പെടുത്താൻ ഇറങ്ങി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, എൻ്റെ നെടുവീർപ്പുകൾ ശ്രദ്‌ധിക്കണമേ!

കർത്താവേ, എന്റെ പ്രാർഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീർപ്പുകൾ ശ്രദ്‌ധിക്കണമേ! എന്റെ രാജാവേ, എന്റെ ദൈവമേ, എൻ്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ!

കർത്താവേ, എൻ്റെ നെടുവീർപ്പുകൾ ശ്രദ്‌ധിക്കണമേ

അങ്ങു ദുഷ്‌ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; തിൻമ അങ്ങയോടൊത്തു വസിക്കുകയില്ല. അഹങ്കാരികൾ അങ്ങയുടെ കൺമുൻപിൽ നില്ക്കുകയില്ല; അധർമികളെ അങ്ങു വെറുക്കുന്നു.

കർത്താവേ, എൻ്റെ നെടുവീർപ്പുകൾ ശ്രദ്‌ധിക്കണമേ

വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്‌തദാഹികളെയും വഞ്ചകരെയും കർത്താവു വെറുക്കുന്നു.

കർത്താവേ, എൻ്റെ നെടുവീർപ്പുകൾ ശ്രദ്‌ധിക്കണമേ

അല്ലേലൂയാ !

അല്ലേലൂയാ! അങ്ങയുടെ വചനം എന്റെ പാദ ത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിർക്കരുത്)

അക്കാലത്ത്, യേശു തന്റെ ശിഷ്യൻമാരോട് അരുൾചെയ്തു. കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിർക്കരുത്. വലത്തു കരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരംപോകാൻ നിന്നെ നിർബന്‌ധിക്കുന്നവനോടു കൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവനു കൊടുക്കുക. വായ്‌പ വാങ്ങാൻ ഇച്ഛിക്കുന്നവനിൽ നിന്ന് ഒഴിഞ്ഞു മാറരുത്.

കർത്താവിൻ്റെ സുവിശേഷം..

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.