Word of God

ആണ്ടുവട്ടം എട്ടാം വരം ബുധൻ വചനവായന

മെയ് 27 ബുധൻ

ഒന്നാം വായന

വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതു പോലുള്ള ക്രിസ്തുവിൻ്റെ അമൂല്യ രക്തംകൊണ്ടത്രേ)

സഹോദരരേ, പിതാക്കൻമാരിൽനിന്നു നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്ന് നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വർണമോ കൊണ്ടല്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെതുപോലുള്ള ക്രിസ്‌തുവിന്റെ അമൂല്യരക്‌തം കൊണ്ടത്രേ.

അവനാകട്ടെ, ലോകസംസ്‌ഥാപനത്തിനുമുൻപു തന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങൾക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്. അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്ത ദൈവത്തിൽ, അവൻ മൂലം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നുസത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഹൃദയപൂർവകമായും ഗാഢമായും പരസ്‌പരം സ്നേഹിക്കുവിൻ. നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തിൽ നിന്നല്ല; അനശ്വരമായ ബീജത്തിൽ നിന്നാണ്-സജീവവും സനാതനവുമായ ദൈവവചനത്തിൽ നിന്ന്. എന്തെന്നാൽ, മനുഷ്യരെല്ലാം പുല്‌കൊടിക്കു തുല്യരാണ്; അവരുടെ മഹിമ പുല്ലിൻെറ പൂവിനു തുല്യവും. പുല്ക്കൊടികൾ വാടിക്കരിയുന്നു; പൂക്കൾ കൊഴിഞ്ഞല്ക്കുന്നു. ആ വചനം തന്നെയാണ് നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ജറുസലേമേ, കർത്താവിനെ സ്‌തുതിക്കുക. (അല്ലെങ്കിൽ: അല്ലേലൂയാ!)

ജറുസലേമേ, കർത്താവിനെ സ്തുതിക്കുക; സീയോനേ, നിൻറെ ദൈവത്തെ പുകഴ്ത്തുക. നിൻ്റെ കവാടങ്ങളുടെ ഓടാമ്പലുകൾ അവിടന്ന് ബലപ്പെടുത്തുന്നു; നിൻറെ കോട്ട യ്ക്കുള്ളിലുള്ള മക്കളെ അവിടന്ന് അനുഗ്രഹിക്കുന്നു.

ജറുസലേമേ, കർത്താവിനെ സ്‌തുതിക്കുക.

അവിടന്ന് നിൻ്റെ അതിർത്തികളിൽ സമാധാനം സ്‌ഥാപിക്കുന്നു; അവിടന്ന് വിശിഷ്‌ടമായ ഗോതമ്പുകൊണ്ടു നിന്നെ തൃപ്തയാക്കുന്നു. അവിടന്ന് ഭൂമിയിലേക്കു കല്‌പന അയയ്ക്കുന്നു; അവിടത്തെ വചനം പാഞ്ഞുവരുന്നു.

ജറുസലേമേ, കർത്താവിനെ സ്‌തുതിക്കുക

അവിടന്ന് യാക്കോബിന് തൻ്റെ കല്‌പനയും ഇസ്രായേലിന് തന്റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇങ്ങനെ ചെയ്തിട്ടില്ല; അവിടത്തെ പ്രമാണങ്ങൾ അവർക്ക് അജ്‌ഞാതമാണ്.

ജറുസലേമേ, കർത്താവിനെ സ്തു‌തിക്കുക.

അല്ലേലുയാ !

അല്ലേലൂയാ! (മർക്കോ. 10 : 45). മനുഷ്യപുത്രൻ വന്നിരിക്കു ന്നത്. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേ കർക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഇതാ, നമ്മൾ ജറുസലേമിലേക്കു പോകുന്നു. മനുഷ്യപുത്രൻ പ്രധാന പുരോഹിതൻമാർക്കും നിയമജ്ഞൻമാർക്കും ഏല്‌പിക്കപ്പെടും)

അക്കാലത്ത് യേശുവും ശിഷ്യന്മാരും ജറുസലേമിലേക്കുള്ള വഴിയേ നടന്നുപോവുകയായിരുന്നു. യേശു അവരുടെ മുമ്പിൽ നടന്നിരുന്നു. അവർ വിസ്‌മയിച്ചു; അനുയാത്ര ചെയ്‌തിരുന്നവർ ഭയപ്പെടുകയും ചെയ്‌തു. അവൻ പന്ത്രണ്ടുപേരെയും അടുത്തു വിളിച്ച്, തനിക്കു സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പറയാൻ തുടങ്ങി. ഇതാ, നമ്മൾ ജറുസലേമിലേക്കു പോകുന്നു. മനുഷ്യ പുത്രൻ പ്രധാന പുരോഹിതൻമാർക്കും നിയമജ്‌ഞൻമാർക്കും ഏല്പിക്കപ്പെടും. അവർ അവനെ മരണത്തിനു വിധിക്കുകയും വിജാതീയർക്ക് ഏല്‌പിച്ചുകൊടുക്കുകയും ചെയ്യും. അവർ അവനെ പരിഹസിക്കുകയും അവന്റെ മേൽ തുപ്പുകയും അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. മൂന്നു ദിവസത്തിനുശേഷം അവൻ ഉയിർത്തെഴുന്നേൽക്കും.

സെബദിപുത്രൻമാരായ യാക്കോബും യോഹന്നാനും അവനെ സമീപിച്ച് അപേക്‌ഷിച്ചു: ഗുരോ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങൾക്കു ചെയ്തുതരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവൻ ചോദിച്ചു: നിങ്ങൾക്കുവേണ്ടി ഞാൻ എന്തുചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അവർ പറഞ്ഞു: അങ്ങയുടെ മഹത്ത്വത്തിൽ ഞങ്ങളിൽ ഒരാൾ അങ്ങയുടെ വലത്തുവശത്തും മറ്റേയാൾ ഇടത്തുവശത്തും ഉപവിഷ്‌ടരാകാൻ അനുവദിക്കണമേ! യേശു പ്രതിവചിച്ചു: നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ? ഞങ്ങൾക്കു കഴിയും എന്ന് അവർ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാനം നിങ്ങൾ സ്വീകരിക്കും. എന്നാൽ, എൻെറ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാനുള്ള വരം തരേണ്ടതു ഞാനല്ല. അത് ആർക്കുവേണ്ടി സജ്‌ജമാക്കപ്പെട്ടിരിക്കുന്നുവോ അവർക്കുള്ളതാണ്. ഇതുകേട്ടപ്പോൾ ബാക്കി പത്തുപേർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നി. യേശു അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നുംഅവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.