മെയ് 04
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(വ്യർഥമായ ഈ രീതികളിൽനിന്ന്, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങൾ തിരിയണം എന്ന് ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു)
അക്കാലത്ത്, അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരു നീക്കം വിജാതീയരുടെയും യഹൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി. ഇതറിഞ്ഞ് അവർ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെർബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു. അവിടെ അവർ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു.
കാലുകൾക്കു സ്വാധീനമില്ലാത്ത ഒരുവൻ ലിസ്ത്രായിൽ ഉണ്ടായിരുന്നു. ജൻമനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാൻ കഴിഞ്ഞിരുന്നില്ല. പൗലോസ് പ്രസംഗിക്കുന്നത് അവൻ കേട്ടു. പൗലോസ് അവനെ സൂക്ഷിച്ചുനോക്കി. സൗഖ്യം പ്രാപിക്കാൻ തക്കവിശ്വാസം അവനുണ്ടെന്നുകണ്ട് പൗലോസ് ഉച്ചത്തിൽ പറഞ്ഞു: എഴുന്നേറ്റ് കാലുറപ്പിച്ചുനില്ക്കുക. അവൻ ചാടിയെഴുന്നേറ്റു നടന്നു. പൗലോസ് ചെയ്ത ഈപ്രവൃത്തി കണ്ട ജനക്കൂട്ടം, ലിക്കവോനിയൻ ഭാഷയിൽ ഉച്ചത്തിൽ പറഞ്ഞു: ദേവൻമാർ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു. അവർ ബാർണബാസിനെ സേവുസെന്നും പൗലോസ് പ്രധാന പ്രസംഗകനായിരുന്നതിനാൽ അവനെ ഹെർമസ് എന്നും വിളിച്ചു. നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതൻ കാളകളും പൂമാലകളുമായി കവാടത്തിങ്കൽവന്ന് ജനങ്ങളോടു ചേർന്ന് ബലിയർപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇതറിഞ്ഞ് അപ്പസ്തോലൻമാരായ ബാർണബാസും പൗലോസും വസ്ത്രം കീറി ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് വിളിച്ചുപറഞ്ഞു: ഹേ, മനുഷ്യരേ, നിങ്ങൾ ഈ ചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യർഥമായ ഈ രീതികളിൽനിന്ന്, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങൾ തിരിയണം എന്ന് ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. അവിടന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്. കഴിഞ്ഞതലമുറകളിൽ എല്ലാ ജനതകളെയും സ്വന്തം മാർഗങ്ങളിൽ സഞ്ചരിക്കാൻ അവിടന്ന് അനുവദിച്ചു. എങ്കിലും, നൻമ പ്രവർത്തിക്കുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടടമായ കാലാവസ്ഥയും നിങ്ങൾക്കു പ്രദാനം ചെയ്യുകയും ആഹാരവും ആനന്ദവും നല്കി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തുതുകൊണ്ട് അവിടന്ന് തനിക്കു സാക്ഷ്യം നല്കിക്കൊണ്ടിരുന്നു. അവർ ഇപ്രകാരം പറഞ്ഞ് തങ്ങൾക്കു ബലിയർപ്പിക്കുന്നതിൽനിന്ന് ജനങ്ങളെ കഷ്ടിച്ചു പിൻതിരിപ്പിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഞങ്ങൾക്കല്ല, കർത്താവേ, ഞങ്ങൾക്കല്ല, അങ്ങയുടെ നാമത്തിനാണു മഹത്ത്വം നല്കപ്പെടേണ്ടത്. (അല്ലെങ്കിൽ: അല്ലേലൂയാ!)
ഞങ്ങൾക്കല്ല, കർത്താവേ, ഞങ്ങൾക്കല്ല, അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും പ്രതി അങ്ങയുടെ നാമത്തിനാണ് മഹത്ത്വം നല്കപ്പെടേണ്ടത്.
ഞങ്ങൾക്കല്ല, കർത്താവേ, ഞങ്ങൾക്കല്ല, അങ്ങയുടെ നാമത്തിനാണു മഹത്ത്വം നല്കപ്പെടേണ്ടത്.
അവരുടെ ദൈവമെവിടെ എന്ന് ജനതകൾ പറയാൻ ഇടയാക്കുന്നതെന്തിന്? നമ്മുടെ ദൈവം സ്വർഗത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടന്നു ചെയ്യുന്നു. അവരുടെ വിഗ്രഹങ്ങൾ സ്വർണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകൾ മാത്രം!
ഞങ്ങൾക്കല്ല, കർത്താവേ, ഞങ്ങൾക്കല്ല, അങ്ങയുടെ നാമത്തിനാണു മഹത്ത്വം നല്കപ്പെടേണ്ടത്.
കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളെയും നിങ്ങളുടെ മക്കളെയും. ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! ആകാശം കർത്താവിനു മാത്രമുള്ളത്, എന്നാൽ, ഭൂമി അവിടന്ന് മനുഷ്യമക്കൾക്കു നല്കിയിരിക്കുന്നു.
ഞങ്ങൾക്കല്ല, കർത്താവേ, ഞങ്ങൾക്കല്ല, അങ്ങയുടെ നാമത്തിനാണു മഹത്ത്വം നല്കപ്പെടേണ്ടത്.
അല്ലേലൂയാ 1
അല്ലേലൂയാ! (യോഹ 14:26). പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു. എന്റെ കല്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എൻ്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.
യൂദാസ് – യൂദാസ്കറിയോത്തായല്ല – അവനോടു പറഞ്ഞു:കർത്താവേ, നീ നിന്നെ ഞങ്ങൾക്കു വെളിപ്പെടുത്താൻ പോകുന്നു, എന്നാൽ ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്? യേശു പ്രതിവചിച്ചു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്നേഹിക്കാത്തവനോ, എന്റെ വചനങ്ങൾ പാലിക്കുന്നില്ല. നിങ്ങൾ ശ്രവിക്കുന്ന ഈവചനം എന്റെ തല്ല; എന്നെ അയച്ച പിതാവിന്റേതാണ്. നിങ് ളോടുകൂടെ ആയിരിക്കുമ്പോൾത്തന്നെ ഇതു ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാൽ, എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും.



