മെയ് 03 ഞായർ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(പരിശുദ്ധാത്മാവിനെക്കൊണ്ട് നിറഞ്ഞ ഏഴുപേരെ അവർ തിരഞ്ഞെടുത്തു.
അക്കാലത്ത്, ശിഷ്യരുടെ സംഖ്യ വർധിച്ചതോടെ പ്രതിദിനമുള്ള സഹായവിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാർ ഫെബ്രായർക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടുപേർ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളിൽ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാൽ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവുംകൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളിൽ നിന്നു കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏല്പിക്കാം. ഞങ്ങൾ പ്രാർഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം. അവർ പറഞ്ഞത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അവർ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ സ്തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോർ, തീമോൻ, പർമേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരൻ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു. അവരെ അപ്പസ്തോലൻമാരുടെ മുമ്പിൽ നിറുത്തി. അവർ പ്രാർഥിച്ചിട്ട് അവരുടെമേൽ കൈകൾ വച്ചു. ദൈവവചനം പ്രചരിക്കുകയും ജറുസലെമിൽ ശിഷ്യരുടെ എണ്ണം ഏറെ വർധിക്കുകയും ചെയ്തു. പുരോഹിതൻമാരിൽ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു (അല്ലെങ്കിൽ അല്ലേലൂയാ!)
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ സ്തോത്രം ആലപിക്കുന്നതു നീതിമാൻമാർക്കു യുക്തമാണല്ലോ. കിന്നരംകൊണ്ടു കർത്താവിനെ സ്തുതിക്കുവിൻ, പത്തുകമ്പിയുള്ള വീണമീട്ടി അവിടത്തേക്കു കീർത്തനമാലപിക്കുവിൻ.
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു
കർത്താവിന്റെ വചനം സത്യമാണ്; അവിടത്തെ പ്രവൃത്തി വിശ്വസനീയമാണ്. അവിടന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കർത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു
ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുന്നവരെയും കർത്താവു കടാക്ഷിക്കുന്നു. അവിടന്ന് അവരുടെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കുന്നു; ക്ഷാമത്തിൽ അവരുടെ ജീവൻ നിലനിർത്തുന്നു.
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു
രണ്ടാം വായന
വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(നിങ്ങൾ തിരരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവുമത്രേ)
സഹോദരരേ, സജീവശിലയായ ക്രിസ്തുവിനെ നമുക്കു സമീപിക്കാം. മനുഷ്യർ തിരസ്കരിച്ചതും ദൈവം തിരഞ്ഞെടുത്തതുമായ അമൂല്യശിലയാണ് അവൻ. നിങ്ങൾ സജീവശിലകൾ കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയർത്തപ്പെടട്ടെ, യേശുക്രിസ്തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളർപ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിതജനമാവുകയും ചെയ്യട്ടെ. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനിൽ ഞാൻ ഒരു കല്ല് സ്ഥാപിക്കുന്നു -തിരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതിൽ വിശ്വസിക്കുന്നവൻ ഒരിക്കലും ലജ്ജിക്കുകയില്ല. വിശ്വസിക്കുന്ന നിങ്ങൾക്ക് അത് അഭിമാനമാണ്; വിശ്വസിക്കാത്തവർക്ക് പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു. അത് അവർക്ക് തട്ടിവീഴ് ത്തുന്ന കല്ലും ഇടർച്ചയ്ക്കുള്ള പാറയുമായിരിക്കും. എന്തെന്നാൽ, വചനം ധിക്കരിക്കുന്ന അവർ, വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു. എന്നാൽ, നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാൽ, അന്ധകാരത്തിൽനിന്ന് തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നൻമകൾ പ്രകീർത്തിക്കണം.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Jn. 14 : 6) കർത്താവ് അരുൾചെയ്യുന്നു. വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(വഴിയും സത്യവും ജീവനും ഞാനാണ്)
അക്കാലത്ത് യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്കു സ്ഥലമൊരുക്കാൻ പോകുന്നുവെന്നു ഞാൻ നിങ്ങളോടു പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടി ക്കൊണ്ടുപോകും. ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾ ക്കറിയാം. തോമസ് പറഞ്ഞു: കർത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കുവരുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾ മുതൽ നിങ്ങൾ അവനെ അറിയുന്നു. നിങ്ങൾ അവനെ കാണുകയും ചെയ്തിരിക്കുന്നു. പീലിപ്പോസ് പറഞ്ഞു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക, ഞങ്ങൾക്ക് അതു മതി. യേശുപറഞ്ഞു: ഇക്കാലമത്രയും ഞാൻ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. പിന്നെ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക’ എന്നു നീ പറയുന്നതെങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്. ഞാൻ പിതാവിലും പിതാവ് എന്നിലും ആണന്ന് ഞാൻ പറയുന്നതു വിശ്വസിക്കുവിൻ. അല്ലെങ്കിൽ പ്രവൃത്തികൾമൂലം വിശ്വസിക്കുവിൻ. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും.



