Word of God

പെസഹകാലം മൂന്നാം വാരം : ബുധൻ വചനവായന

ഏപ്രിൽ 22 ബുധൻ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(ചിതറിക്കപ്പെട്ടവർ, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.)

അക്കാലത്ത്, സാവൂൾ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലേമിലെ സഭയ്ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്തോലൻമാരൊഴികേ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി. വിശ്വാസികൾ സ്തേഫാനോസിനെ സംസ്‌കരിച്ചു. അവനെച്ചൊല്ലി അവർ വലിയ വിലാപം ആചരിച്ചു.

എന്നാൽ, സാവൂൾ സഭയെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൻ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷൻമാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി. ചിതറിക്കപ്പെട്ടവർ, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു. പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തിൽച്ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ വാക്കുകൾ കേൾക്കുകയും അവൻ പ്രവർത്തിച്ച അടയാളങ്ങൾ കാണുകയും ചെയ്ത ജനക്കൂട്ടം അവൻ പറഞ്ഞകാര്യങ്ങൾ ഏകമനസ്സോടെ ശ്രദ്‌ധിച്ചു. എന്തെന്നാൽ, അശുദ്‌ധാത്മാക്കൾ തങ്ങൾ ആവേശിച്ചിരുന്ന വരെവിട്ട് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളർവാതരോഗികളും മുടന്തൻമാരും സുഖം പ്രാപിച്ചു. അങ്ങനെ ആ നഗരത്തിൽ വലിയ സന്തോഷമുണ്ടായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ (അല്ലെങ്കിൽ അല്ലേലൂയാ!)

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ അവിടത്തെ നാമത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുവിൻ; സ്‌തുതികളാൽ അവിടത്തെ മഹത്ത്വപ്പെടുത്തുവിൻ അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം!

ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ

ഭൂവാസികൾ മുഴുവൻ അവിടത്തെ ആരാധിക്കുന്നു, അവർ അങ്ങയെ പാടിപ്പുകഴ്ത്തുന്നു. അങ്ങയുടെ നാമത്തിനു സ്തോത്രമാലപിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികൾ വന്നുകാണുവിൻ മനുഷ്യരുടെ ഇടയിൽ അവിടത്തെ പ്രവൃത്തികൾ ഭീതി ജനകമാണ്.

ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ

അവിടന്ന് സമുദ്രം ഉണങ്ങിയ നിലമാക്കി; അവർ അതിലൂടെ നടന്നുനീങ്ങി. അവിടെ നമ്മൾ ദൈവത്തിൽ സന്തോഷിച്ചു. അവിടന്ന് തന്റെ ശക്തിയിൽ എന്നേക്കും വാഴും.

ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ

അല്ലേലൂയാ !

അല്ലേലൂയാ! (cf. യോഹ 6 : 40). കർത്താവ് അരുൾചെയ്യുന്നു: പുത്രനെ കാണുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കും. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(പുത്രനെ കാണുകയും അവനിൽ വിശസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവൻ ഉണ്ടാകണമെന്നതാണ് എൻ്റെ പിതാവിൻ്റെ ഇഷ്ടം )

അക്കാലത്ത്, യേശു ജനങ്ങളോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എൻെറ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല. എന്നാൽ, നിങ്ങൾ എന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. പിതാവ് എനിക്കു നല്‌കുന്നവരെല്ലാം എൻെറ അടുത്തു വരും. എൻ്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല. ഞാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവർത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്‌ടം നിറവേറ്റാനാണ്. അവിടന്ന് എനിക്കു നല്‌കിയവരിൽ ഒരുവനെപ്പോലും ഞാൻ നഷ്ട‌പ്പെടുത്താതെ, അന്ത്യദിനത്തിൽ ഉയിർപ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്‌ടം. പുത്രനെ കാണുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നവനാരോ, അവനു നിത്യജീവൻ ഉണ്ടാകണമെന്നതാണ് എൻെറ പിതാവിൻ്റെ ഇഷ്‌ടം. അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കുകയും ചെയ്യും.

കർത്താവിന്റെ സുവിശേഷം

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.