Word of God

പെസഹാക്കാലം മൂന്നാം ഞായർ വചന വായന

ഏപ്രിൽ 19 ഞായർ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(അവിടന്ന് പാതാളത്തിൽ ബന്ധിതനായിരിക്കാൻ പാടില്ലായിരുന്നു)

പന്തക്കുസ്‌താദിനത്തിൽ, പത്രോസ് മറ്റു പതിനൊന്നു പേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമിൽ വസിക്കുന്നവരേ, ഇതു മനസ്‌സിലാക്കുവിൻ; ഏന്റെ വാക്കുകൾ ശ്രദ്‌ധിക്കുവിൻ. ഇസ്രായേൽജനങ്ങളേ, ഈ വാക്കുകൾ കേൾക്കുവിൻ. നിങ്ങൾക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താൻ അവൻ വഴി നിങ്ങളുടെയിടയിൽ പ്രവർത്തിച്ച മഹത്തായ കാര്യങ്ങൾകൊണ്ടും തന്റെ അദ്‌ഭുതകൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങൾക്കു സാക്‌ഷ്യപ്പെടുത്തിത്തന്നു. അവൻ ദൈവത്തിന്റെ നിശ്ചിതപദ്‌ധതിയും പൂർവജ്‌ഞാനവുമനുസരിച്ച് നിങ്ങളുടെ കൈകളിൽ ഏല്‌പിക്കപ്പെട്ടു. അധർമികളുടെ കൈകളാൽ അവനെ നിങ്ങൾ കുരിശിൽ തറച്ചുകൊന്നു. എന്നാൽ, ദൈവം അവനെ മ്യത്യുപാശത്തിൽനിന്നു വിമുക്‌തനാക്കി ഉയിർപ്പിച്ചു. കാരണം, അവൻ മരണത്തിന്റെ പിടിയിൽ കഴിയുക അസാധ്യമായിരുന്നു. ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാൻ കർത്താവിനെ എപ്പോഴും കൺമുമ്പിൽ ദർശിച്ചിരുന്നു. ഞാൻ പതറിപ്പോകാതിരിക്കാൻ അവിടന്ന് എന്റെ വലത്തുവശത്തുണ്ട്. എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവു സ്തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയിൽ നിവസിക്കും. എന്തെന്നാൽ, എന്റെ ആത്‌മാവിനെ അവിടന്നു പാതാളത്തിൽ ഉപേക്ഷിക്കുകയില്ല. അവിടത്തെ പരിശുദ്‌ധൻ ജീർണിക്കാൻ, അവിടന്ന് അനുവദിക്കുകയുമില്ല. ജീവൻ്റെ വഴികൾ അവിടന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താൽ അവിടന്ന് എന്നെ സന്തോഷഭരിതനാക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങ് എനിക്കു ജീവൻ്റെ മാർഗം കാണിച്ചുതരുന്നു (അല്ലെങ്കിൽ: അല്ലേലൂയാ!).

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണം വച്ചിരിക്കുന്നു. അവിടന്നാണ് എന്റെ കർത്താവ്; കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടത്തെ കരങ്ങളിലാണ്.

കർത്താവേ, അങ്ങ് എനിക്കു ജീവൻ്റെ മാർഗം കാണിച്ചുതരുന്നു

എനിക്ക് ഉപദേശം നല്‌കുന്ന കർത്താവിനെ ഞാൻ വാഴ്ത്തുന്നു; രാത്രിയിലും എന്റെ അന്തരംഗത്തിൽ പ്രബോധനം നിറയുന്നു. കർത്താവ് എപ്പോഴും എന്റെ കൺമുൻപിലുണ്ട്; അവിടന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ട് ഞാൻ കുലുങ്ങുകയില്ല.

കർത്താവേ, അങ്ങ് എനിക്കു ജീവൻ്റെ മാർഗം കാണിച്ചുതരുന്നു

അതിനാൽ, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്‌ദംകൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്‌ഷിതമായി വിശ്രമിക്കുന്നു. അവിടന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല; അങ്ങയുടെ പരിശുദ്‌ധൻ ജീർണിക്കാൻ അനുവദിക്കുകയില്ല.

കർത്താവേ, അങ്ങ് എനിക്കു ജീവൻ്റെ മാർഗം കാണിച്ചുതരുന്നു

അങ്ങ് എനിക്കു ജീവന്റെ മാർഗംകാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്‌ദത്തിന്റെ പൂർണതയുണ്ട് അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്

കർത്താവേ, അങ്ങ് എനിക്കു ജീവൻ്റെ മാർഗം കാണിച്ചുതരുന്നു

രണ്ടാം വായന

വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്, ക്രിസ്‌തുവിൻ – നിഷ്കളങ്കമായ കുഞ്ഞാടിന്റെ അമൂല്യരക്തത്താലമത്രേ )

ഏറ്റവും വാത്സല്യമുള്ളവരേ, ഓരോരുത്തനെയും പ്രവൃത്തികൾക്കനുസരിച്ചു നിഷ്‌പക്‌ഷമായി വിധിക്കുന്നവനെയാണ് നിങ്ങൾ പിതാവെന്നു വിളിക്കുന്നതെങ്കിൽ, നിങ്ങളുടെ ഈ പ്രവാസകാലത്ത് ഭയത്തോടെ ജീവിക്കുവിൻ. പിതാക്കൻമാരിൽ നിന്നു നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്ന് നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വർണമോ കൊണ്ടല്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്‌തുവിന്റെ അമൂല്യ രക്തം കൊണ്ടത്രേ. അവനാകട്ടെ, ലോകസംസ്‌ഥാപനത്തിനു മുൻപുതന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങൾക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്. അവനെ മരിച്ചവരിൽനിന്ന് ഉയർപ്പിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്ത ദൈവത്തിൽ, അവൻമൂലം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.

കർത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (cfr. Lk. 24 : 32) കർത്താവായ യേശുവേ, അങ്ങ് തിരുവെഴുത്തുകൾ വ്യാഖ്യാനിച്ചുതരണമേ; അങ്ങു സംസാരിക്കുമ്പോൾ ഞങ്ങളുടെ ഹൃദയങ്ങൾ ജ്വലിപ്പിക്കുകയും ചെയ്യണമേ. അല്ലേലൂയാ!
സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അപ്പം മുറിച്ചപ്പോൾ അവനെ അവർ തിരിച്ചറിഞ്ഞു

യേശു ഉയിർത്തെഴുന്നേറ്റ ആ ദിവസംതന്നെ അവരിൽ രണ്ടു പേർ ജറുസലെമിൽനിന്ന് ഏകദേശം അറുപതു സ്‌താദിയോൺ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവർ സംസാരിച്ചുകൊണ്ടിരുന്നു.അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്‌തു കൊണ്ടുപോകുമ്പോൾ, യേശുവും അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു. എന്നാൽ, അവനെ തിരിച്ചറിയാൻ കഴിയാത്തവിധം അവരുടെ കണ്ണുകൾ മൂടപ്പെട്ടിരുന്നു. അവൻ അവരോടു ചോദിച്ചു: എന്തിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? അവർ മ്ളാനവദനരായിനിന്നു. അവരിൽ ക്ലെയോപാസ് എന്നു പേരുള്ളവൻ അവനോടു ചോദിച്ചു: ഈ ദിവസങ്ങളിൽ ജറുസലെമിൽ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ? അവൻ ചോദിച്ചു: ഏതു കാര്യങ്ങൾ? അവർ പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവൻ ദൈവത്തിന്റെ യും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവൃത്തിയിലും ശക്ത‌നായ പ്രവാചകനായിരുന്നു. ഞങ്ങളുടെ പുരോഹിതപ്രമുഖൻമാരും നേതാക്കളും അവനെ മരണവിധിക്ക് ഏല്‌പിച്ചുകൊടുക്കുകയും ക്രൂശിക്കുകയും ചെയ്‌തു. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവൻ ഇവനാണ് എന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾ ഞങ്ങളെ വിസ്‌മയിപ്പിച്ചു. ഇന്നു രാവിലേ അവർ കല്ലറയിങ്കൽ പോയിരുന്നു. അവന്റെ ശരീരം അവർ അവിടെ കണ്ടില്ല. അവർ തിരിച്ചുവന്ന് തങ്ങൾക്കു ദൂതൻമാരുടെ ദർശനമുണ്ടായെന്നും അവൻ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചുവെന്നും പറഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരിൽ ചിലരും കല്ലറയി എന്നാൽ, അവനെ അവർ കണ്ടില്ല. അപ്പോൾ അവൻ അവരോടു പറഞ്ഞു: ഭോഷൻമാരേ, പ്രവാചകൻമാർ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാൻ കഴിയാത്തവിധം ഹ്യദയംമന്‌ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്ത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ? മോശ തുടങ്ങി എല്ലാ പ്രവാചകൻമാരും വിശുദധലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവൻ അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

അവർ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെ. യാത്ര തുടരുകയാണെന്നു ഭാവിച്ചു. അവർ അവനെ നിർബന്‌ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകൽ അസ്‌തമിക്കാറായി. അവൻ അവരോടുകൂടെ താമസിക്കാൻ കയറി. അവരോടൊപ്പം ഭക്ഷ്ണത്തിനിരുന്നപ്പോൾ, അവൻ അപ്പം എടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്കു കൊടുത്തു. അപ്പോൾ അവരുടെ കണ്ണുതുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു. പക്ഷേ, അവൻ അവരുടെ മുമ്പിൽനിന്ന് അപ്രത്യക്ഷനായി. അവർ പരസ്‌പരം പറഞ്ഞു: വഴിയിൽ വച്ച് അവൻ വിശുദ്‌ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ? അവർ അപ്പോൾ ത്തന്നെ എഴുന്നേറ്റ് ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു. കർത്താവു സത്യമായും ഉയിർത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്‌ഷപ്പെട്ടു എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വഴിയിൽവച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോൾ തങ്ങൾ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.