Uncategorized

പെസഹകാലം മൂന്നാം വാരം തിങ്കൾ വചനവായന

ഏപ്രിൽ 20 തിങ്കൾ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(അവന്റെ സംസാരത്തിൽ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിർത്തുനില്ക്കാൻ അവർക്കു കഴിഞ്ഞില്ല)

അക്കാലത്ത്, സ്തേഫാനോസ് കൃപാവരവും ശക്തിയും കൊണ്ടുനിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തിൽ പ്രവർത്തിച്ചു. കിറേനേക്കാരും അലക്സാൺ ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉൾപ്പെട്ടിരുന്നതും, സ്വതന്ത്രൻമാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങൾ എഴുന്നേറ്റ് സ്തേഫാനോസിനോട് വാദപ്രതിവാദത്തിലേർപ്പെട്ടു. എന്നാൽ, അവന്റെ സംസാരത്തിൽ വെളിപ്പെട്ട ജ്‌ഞാനത്തോടും ആത്‌മാവിനോടും എതിർത്തു നിൽക്കാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ട്, അവർ രഹസ്യത്തിൽ പ്രേരിപ്പിച്ചതനുസരിച്ച് ജനങ്ങളിൽ ചിലർ പറഞ്ഞു: അവൻ മോശയ്ക്കും ദൈവത്തിനും എതിരായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ടു. അവർ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്‌ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച് ന്യായാധിപസംഘത്തിന്റെ മുമ്പിൽ കൊണ്ടുവരുകയും ചെയ്തു.
കള്ള സാക്ഷികൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവൻ ഈ വിശുദ്ധസ്‌ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതിൽ നിന്ന് ഒരിക്കലും വിരമിക്കുന്നില്ല. നസറായനായ യേശുഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നല്‌കിയ ആചാരങ്ങൾ മാറ്റുകയും ചെയ്യുമെന്ന് ഇവൻ പ്രസ്താവിക്കുന്നതു ഞങ്ങൾ കേട്ടു. സംഘത്തിലുണ്ടായിരുന്നവർ അവന്റെ നേരെ സൂക്‌ഷിച്ചുനോക്കി. അവന്റെ മുഖം ഒരു ദൈവദൂതൻ മുഖം പോലെ കാണപ്പെട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

അപങ്കിലമായ മർഗത്തിൽ ചരിക്കുന്നവർ ഭാഗ്യവാന്മാർ. (അല്ലെങ്കിൽ: അല്ലേലൂയാ!)

രാജാക്കൻമാർ ഒത്തുചേർന്ന് എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു; എന്നാൽ, ഈ ദാസൻ അങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കും. അവിടത്തെ കല്‌പനകളാണ് എൻ്റെ ആനന്ദം; അവയാണ് എനിക്ക് ഉപദേശം നല്‌കുന്നത്.

അപങ്കിലമായ മർഗത്തിൽ ചരിക്കുന്നവർ ഭാഗ്യവാന്മാർ

എന്റെ അവസ്‌ഥ ഞാൻ വിവരിച്ചപ്പോൾ, അങ്ങ് എനിക്കുത്തരമരുളി; അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ പ്രമാണങ്ങൾ നിർദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ! ഞാൻ അങ്ങയുടെ അദ്‌ഭുതകൃത്യങ്ങളെ പ്പറ്റി ധ്യാനിക്കും.

അപങ്കിലമായ മർഗത്തിൽ ചരിക്കുന്നവർ ഭാഗ്യവാന്മാർ

തെറ്റായ മാർഗങ്ങൾ എന്നിൽനിന്ന് അകറ്റണമേ കാരുണ്യ പൂർവം അങ്ങയുടെനിയമം എന്നെ പഠിപ്പിക്കണമേ! ഞാൻ വിശ്വസ്തതയുടെ മാർഗം തിരഞ്ഞെടുത്തിരിക്കുന്നു. അങ്ങയുടെ ശാസനങ്ങൾ എൻ്റെ കൺമുൻപിലുണ്ട്.

അപങ്കിലമായ മർഗത്തിൽ ചരിക്കുന്നവർ, ഭാഗ്യവാന്മാർ

അല്ലേലൂയാ !

അല്ലേലൂയാ! (മത്താ 4:4b). മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ)

അക്കാലത്ത്, അവിടെ ഒരു വള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യൻമാരോടുകൂടെ യേശു അതിൽ കയറിയിരുന്നില്ല എന്നും ശിഷ്യൻമാർ തനിയേ ആണു പോയതെന്നും കടലിന്റെ മറുകരെനിന്ന ആളുകൾ പിറ്റേദിവസം മനസ്‌സിലാക്കി. കർത്താവ് കൃതജ്‌ഞതാസ്തോത്രം ചെയ്‌തുനല്‌കിയ അപ്പം ജനങ്ങൾ ഭക്ഷിച്ച ആ സ്‌ഥലത്തിനടുത്തേക്ക് തിബേരിയാസിൽ നിന്ന് മറ്റു വള്ളങ്ങൾ വന്നു. യേശുവോ ശിഷ്യൻമാരോ അവിടെ യില്ലെന്നു കണ്ടപ്പോൾ ജനക്കൂട്ടം വള്ളങ്ങളിൽ കയറി യേശുവിനെത്തിരക്കി കഫർണാമിലെത്തി.
യേശുവിനെ കടലിന്റെ മറുകരയിൽ കണ്ടെത്തിയപ്പോൾ അവർ ചോദിച്ചു: റബ്ബീ, അങ്ങ് എപ്പോൾ ഇവിടെയെത്തി? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അടയാളങ്ങൾ കണ്ടതുകൊണ്ടല്ല. അപ്പം ഭക്ഷിച്ചു തൃപ്ത‌രായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ. എന്തെന്നാൽ, പിതാവായ ദൈവം അവന്റെ മേൽ അംഗീകാരമുദ്രവച്ചിരിക്കുന്നു. അപ്പോൾ അവർ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവർത്തിക്കുന്നവരാകാൻ ഞങ്ങൾ എന്തു ചെയ്യണം? യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി – അവിടന്ന് അയച്ചവനിൽ വിശ്വസിക്കുക.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.