ഏപ്രിൽ 14 ചൊവ്വ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(വിശ്വാസികളുടെ സമൂഹം ഒരു ഹ്യദയവും ഒരാത്മാവുമായിരുന്നു)
വിശ്വാസികളുടെ സമൂഹം ഒരു ഹ്യദയവും ഒരാത്മാവുമായിരുന്നു. ആരും തങ്ങളുടെ വസ്‌തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു. അപ്പസ്തോലൻമാർ, കർത്താവായ യേശുവിന്റെ ഉത്‌ഥാനത്തിന് വലിയ ശക്തിയോടെ സാക്ഷ്യം നല്കി. അവരെല്ലാവരുടെയും മേൽ കൃപാവരം സമ്യദ്ധമായി ഉണ്ടായിരുന്നു. അവരുടെയിടയിൽ ദാരിദ്ര്യമനുഭവിക്കുന്നവർ ആരുമുണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലൻമാരുടെ കാല്ക്കലർപ്പിച്ചു. അത് ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു.
ബാർണബാസ് എന്ന അപരനാമത്താൽ അപ്പസ്തോലൻമാർ വിളിച്ചിരുന്നവനും – ഈ വാക്കിന്റെ അർഥം ആശ്വാസപുത്രൻ എന്നാണ് – സൈപ്രസ് സ്വദേശിയും ലേവായനുമായ ജോസഫ് തന്റെ വയൽ വിറ്റുകിട്ടിയ പണം അപ്പസ്തോലൻമാരുടെ കാല്ക്കലർപ്പിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവു വാഴുന്നു; അവിടന്ന് മഹിമയണിഞ്ഞിരിക്കുന്നു (അല്ലെങ്കിൽ അല്ലേലൂയാ!)
കർത്താവു വാഴുന്നു: അവിടന്ന് മഹിമയണിഞ്ഞിരിക്കുന്നു; അവിടന്ന് ശക്തികൊണ്ട് അരമുറുക്കിയിരിക്കുന്നു.
കർത്താവു വാഴുന്നു; അവിടന്ന് മഹിമയണിഞ്ഞിരിക്കുന്നു
ലോകം സുസ്‌ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല. അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിമുതലേ ഉള്ളവനാണ്.
കർത്താവു വാഴുന്നു; അവിടന്ന് മഹിമയണിഞ്ഞിരിക്കുന്നു
അങ്ങയുടെ കല്‌പന വിശ്വാസ്യവും അലംഘനീയവുമാണ്; കർത്താവേ, പരിശുദ്‌ധി അങ്ങയുടെ ആലയത്തിന് എന്നേക്കും യോജിച്ചതാണ്.
കർത്താവു വാഴുന്നു; അവിടന്ന് മഹിമയണിഞ്ഞിരിക്കുന്നു
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 3 : 15). തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേ ണ്ടിയിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്വർഗത്തിൽനിന്നറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വർഗത്തിൽ കയറിയിട്ടില്ല)
അക്കാലത്ത്, യേശു നിക്കൊദേമോസിനോട് അരുൾചെയ്തു: വീണ്ടും ജനിക്കണം എന്നു ഞാൻ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു. എന്നാൽ, അത് എവിടെ നിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്‌മാവിൽനിന്നു ജനിക്കുന്ന ഏവനും. ഇതെല്ലാം എങ്ങനെ സംഭവിക്കും എന്ന് നിക്കൊദേമോസ് ചോദിച്ചു. യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്‌സിലാകുന്നില്ലേ? സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്‌ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല. ഭൗമികകാര്യങ്ങളെപ്പറ്റി ഞാൻ പറഞ്ഞത് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വർഗത്തിൽ കയറിയിട്ടില്ല. മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു. തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു.



