Word of God

പെസഹകാലം രണ്ടാം വാരം ബുധൻ വചനവായന

ഏപ്രിൽ 15 ബുധൻ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(ഇതാ നിങ്ങൾ കാരാഗ്യഹത്തിലടച്ച മനുഷ്യർ ദേവാലയത്തിൽനിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു)

അക്കാലത്ത്, പ്രധാനപുരോഹിതനും അവനോടു ചേർന്നു നിന്നിരുന്ന സദുക്കായവിഭാഗവും അസൂയ നിറഞ്ഞ് അപ്പസ്തോലൻമാരെ പിടിച്ചു ബന്‌ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു. രാത്രി കർത്താവിന്റെ ദൂതൻ കാരാഗ്യഹവാതിലുകൾ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു: നിങ്ങൾ ദേവാലയത്തിൽ ചെന്ന് എല്ലാ ജനങ്ങളോടും നവജീവൻെറ ഈ വചനം പ്രസംഗിക്കുവിൻ.

അവർ ഇതുകേട്ട് പ്രഭാതമായപ്പോൾ ദേവാലയത്തിൽ പ്രവേശിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരൻമാരും ഒന്നിച്ചുകൂടി ന്യായാധിപസംഘത്തെയും ഇസ്രായേലിലെ എല്ലാ ജനപ്രമുഖൻമാരെയും വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാൻ ജയിലിലേക്ക് ആളയയ്ക്കുകയും ചെയ്തു. ആ സേവകർ കാരാഗൃഹത്തിൽ ചെന്നപ്പോൾ അവരെ അവിടെ കണ്ടില്ല. അവർ തിരിച്ചുചെന്ന് വിവരമറിയിച്ചു: കാരാഗൃഹത്തിന്റെ വാതിലുകൾ ഭദ്രമായി ബന്‌ധിക്കപ്പെട്ടിരിക്കുന്നതും പടയാളികൾ കാവൽനില്ക്കുന്നതും ഞങ്ങൾ കണ്ടു, എന്നാൽ, വാതിൽ തുറന്നപ്പോൾ അകത്ത് ആരെയും കണ്ടില്ല ഇതു കേട്ടപ്പോൾ ദേവാലയസേനാധിപനും പുരോഹിത പ്രമുഖൻമാരും ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി. അപ്പോൾ ഒരാൾ വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദേവാലയത്തിൽ നിന്നുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നു. അപ്പോൾ സേനാധിപൻ സേവകരോടുകൂടെച്ചെന്ന് ബലപ്രയോഗം കൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങൾ തങ്ങളെ കല്ലെറിയുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഈ എളിയവൻ നിലവിളിച്ചു. കർത്താവ് കേട്ടു. (അല്ലെങ്കിൽ: അല്ലേലൂയാ!)

കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും. അവിടത്തെ സ്‌തുതികൾ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും. കർത്താവിൽ ഞാൻ അഭിമാനം കൊള്ളുന്നു; പീഡിതർ കേട്ട് ആനന്ദിക്കട്ടെ!

ഈ എളിയവൻ നിലവിളിച്ചു. കർത്താവ് കേട്ടു.

എന്നോടൊത്ത് കർത്താവിനെ മഹത്ത്വപ്പെടുത്തുവിൻ; നമുക്കൊരുമിച്ച് അവിടത്തെ നാമം സ്തുതിക്കാം. ഞാൻ കർത്താവിനെ തേടി, അവിടന്ന് എനിക്കുത്തരമരുളി; സർവ ഭയങ്ങളിലുംനിന്ന് അവിടന്ന് എന്നെ മോചിപ്പിച്ചു.

ഈ എളിയവൻ നിലവിളിച്ചു. കർത്താവ് കേട്ടു.

അവിടത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജിതരാവുകയില്ല. ഈ എളിയവൻ നിലവിളിച്ചു. കർത്താവു കേട്ടു. എല്ലാ കഷ്ട‌തകളിലുംനിന്ന് അവനെ രക്‌ഷിക്കുകയും ചെയ്തു.

ഈ എളിയവൻ നിലവിളിച്ചു. കർത്താവു കേട്ടു

കർത്താവിന്റെ ദൂതൻ ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. കർത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിൻ; അവിടത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

ഈ എളിയവൻ നിലവിളിച്ചു. കർത്താവ് കേട്ടു.

അല്ലേലൂയാ !

അല്ലേലൂയാ! (യോഹ 3:16). അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‌കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് അവൻ വഴി ലോകം രക്ഷ പ്രാപിക്കുന്നതിന് )

അക്കാലത്ത്, യേശു നിക്കൊദേമോസിനോട് അരുൾചെയ്‌തു. തന്റെ ഏകജാതനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏക ജാതനെ നല്‌കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്‌ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവൻവഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനിൽ വിശ്വസിക്കുന്ന ഒരുവനും ശിക്‌ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതൻ്റെ നാമത്തിൽ വിശ്വസിക്കായ്ക്ക മൂലം, നേരത്തെതന്നെ ശിക്‌ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യർ പ്രകാശത്തെക്കാൾ അധികമായി അന്‌ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികൾ തിൻമനിറഞ്ഞതായിരുന്നു. തിൻമ പ്രവർത്തിക്കുന്നവൻ പ്രകാശം വെറുക്കുന്നു. അവന്റെ പ്രവൃത്തികൾ വെളിപ്പെടാതിരിക്കുന്നതിന് അവൻ വെളിച്ചത്തുവരുന്നുമില്ല. സത്യം പ്രവർത്തിക്കുന്നവൻ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികൾ ദൈവൈക്യത്തിൽ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.