ഏപ്രിൽ 12 ഞായർ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(വിശ്വാസികളെല്ലാം ഒരുമിച്ചു താമസിച്ചു. അവർക്കുള്ള സമസ്തവും പൊതുവായി കരുതപ്പെട്ടു)
അവർ അപ്പസ്തോലൻമാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർഥന എന്നിവയിൽ സദാ താത്പര്യപൂർവം പങ്കുചേർന്നു. എല്ലാവരിലും ഭീതി ഉളവായി. അപ്പസ്തോലൻമാർ വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു. വിശ്വസിച്ചവർ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചു. അവർ ഏകമനസ്സോടെ താത്പര്യ പൂർവം അനുദിനം ദേവാലയത്തിൽ ഒന്നിച്ചുകൂടുകയും ഭവനം തോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയിരുന്നു. അവർ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കർത്താവ് അവരുടെ ഗണത്തിൽ പ്രതിദിനം ചേർത്തു കൊണ്ടിരുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ; അവിടന്നു നല്ലവനാണ്; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു (അല്ലെങ്കിൽ: അല്ലേലൂയാ!)
അവിടത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേൽ പറയട്ടെ! അവിടത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്റെ ഭവനം പറയട്ടെ! അവിടത്തെ കാരുണ്യം ശാശ്വതമാണെന്ന് കർത്താവിന്റെ ഭക്തൻമാർ പറയട്ടെ!
കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ; അവിടന്നു നല്ലവനാണ്; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു
അവർ തള്ളിക്കയറി; ഞാൻ വീഴുമായിരുന്നു; എന്നാൽ, കർത്താവ് എന്റെ സഹായത്തിനെത്തി. കർത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്; അവിടന്ന് എനിക്കു രക്ഷ നല്കി. ഇതാ, നീതിമാൻമാരുടെ കൂടാരത്തിൽ ജയഘോഷമുയരുന്നു; കർത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ; അവിടന്നു നല്ലവനാണ്; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു
പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു. ഇതു കർത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയിൽ വിസ്മയാവഹമായിരിക്കുന്നു. കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.
കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ; അവിടന്നു നല്ലവനാണ്; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു
രണ്ടാം വായന
വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(മരിച്ചവരിൽനിന്നുള്ള യേശുക്രിസ്തുവിൻ്റെ ഉത്ഥാനംവഴി സജീവമായ പ്രത്യാശയിൽ നാം പുനർജീവിച്ചിരിക്കുന്നു)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. അവിടന്നു തന്റെ കാരുണ്യാതിരേകത്താൽ യേശുക്രിസ്തുവിൻെറ, മരിച്ചവരിൽ നിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങൾക്കായി സ്വർഗത്തിൽ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാൽ വിശ്വാസം വഴി നിങ്ങൾ കാത്തുസൂക്ഷിക്കപ്പെടുന്നു. അല്പകാലത്തേക്കു വിവിധ പരീക്ഷകൾ നിമിത്തം നിങ്ങൾക്കു വ്യസനിക്കേണ്ടിവന്നാലും അതിൽ ആനന്ദിക്കുവിൻ. കാരണം, അഗ്നിശോധന അതിജീവിക്കുന്ന നശ്വരമായ സ്വർണത്തെക്കാൾ വിലയേറിയതായിരിക്കും പരീക്ഷകൾ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തിൽ സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും. അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു. ഇപ്പോൾ കാണുന്നില്ലെങ്കിലും അവനിൽ വിശ്വസിച്ചു കൊണ്ട് അവാച്യവും മഹത്ത്വപൂർണവുമായ സന്തോഷത്തിൽ നിങ്ങൾ മുഴുകുന്നു. അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ് നിങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Jn. 20 : 29) തോമ്മാ, നീ എന്നെ കണ്ടതു കൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എട്ടു ദിവസങ്ങൾക്കുശേഷം യേശു വന്നു)
ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകീട്ട് ശിഷ്യൻമാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കേ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! ഇപ്രകാരം പറഞ്ഞുകൊണ്ട് അവൻ തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ട് ശിഷ്യൻമാർ സന്തോഷിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ് ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുൾചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ, അവ അവരോടും ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ, അവ ബന്ധിക്കപ്പെട്ടിരിക്കും.
പന്ത്രണ്ടുപേരിലൊരുവനും ദീദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്, യേശു വന്നപ്പോൾ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മറ്റു ശിഷ്യൻമാർ അവനോടു പറഞ്ഞു: ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻപറഞ്ഞു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങൾക്കുശേഷം വീണ്ടും അവന്റെ ശിഷ്യൻമാർ വീട്ടിലായിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! അവൻ തോമസിനോടു പറഞ്ഞു: നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിൻ്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എന്റെ കർത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ!
ഈ ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാള ങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തിൽ പ്രവർത്തിച്ചു. എന്നാൽ, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപു ത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുകനിമിത്തം നിങ്ങൾക്ക് അവന്റെ നാമത്തിൽ ജീവനുണ്ടാകുന്നതിനും വേണ്ടിയാണ്.




