Word of God

വിശുദ്ധവാരം മാർച്ച് 31 വചനവായന

മാർച്ച് 31 ചൊവ്വ

ഒന്നാം വായന

ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(എൻ്റെ രക്ഷ ലോകാതിർത്തിവരെ എത്തുന്നതിന് ഞാൻനിന്നെ ലോകത്തിന്റെ പ്രകാശമായി നൽകും )

തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേൾക്കുവിൻ: ഗർഭത്തിൽത്തന്നെ എന്നെ കർത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തിൽവച്ചുതന്നെ അവിടന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടന്ന് മൂർച്ചയുള്ള വാളുപോലെയാക്കി. തൻ്റെ കൈയുടെ നിഴലിൽ അവിടന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തൻ്റെ ആവനാഴിയിൽ അവിടന്ന് ഒളിച്ചുവച്ചു. ‘ഇസ്രായേലേ, നീ എന്റെ ദാസനാണ്, നിന്നിൽ ഞാൻ മഹത്ത്വം പ്രാപിക്കും’ എന്ന് അവിടന്ന് അരുൾചെയ്തു. ഞാൻ പറഞ്ഞു: ഞാൻ വ്യർഥമായി അധ്വാനിച്ചു; എൻ്റെ ശക്തി വ്യർഥമായും നിഷ്‌ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അവകാശം കർത്താവിലും പ്രതിഫലം ദൈവത്തിലുമാണ്. യാക്കോബിനെ തിരിയെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്റെ അടുക്കൽ ഒന്നിച്ചുചേർക്കാനും ഗർഭത്തിൽവച്ചുതന്നെ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ കർത്താവ് അരുൾചെയ്യുന്നു. എന്തെന്നാൽ, കർത്താവ് എന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്‌തിയാവുകയും ചെയ്തിരിക്കുന്നു. അവിടന്ന് അരുൾചെയ്യുന്നു: യാക്കോബിൻെറ ഗോത്രങ്ങളെ ഉയർത്താനും ഇസ്രായേലിൽ അവശേഷിച്ചിരിക്കുന്നവരെ ഉദ്‌ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്‌ഷ ലോകാതിർത്തിവരെ എത്തുന്നതിന് ഞാൻ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‌കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എന്റെ അധരങ്ങൾ അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികൾ പ്രഘോഷിക്കും.

കർത്താവേ, അങ്ങിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്‌ജിക്കാനിടയാക്കരുതേ! അങ്ങയുടെ നീതിയിൽ എന്നെ മോചിപ്പിക്കുകയും രക്‌ഷിക്കുകയും ചെയ്യണമേ! എന്റെ യാചനകേട്ട് എന്നെ രക്ഷിക്കണമേ!

എന്റെ അധരങ്ങൾ അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികൾ പ്രഘോഷിക്കും.

അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ള രക്ഷാദുർഗവും ആയിരിക്കണമേ! അങ്ങാണ് എന്റെ അഭയശിലയും ദുർഗവും എന്റെ ദൈവമേ, ദുഷ്‌ടന്റെ കൈയിൽനിന്ന്, നീതികെട്ട ക്രൂരൻെറ പിടിയിൽനിന്ന് എന്നെ വിടുവിക്കണമേ!

എന്റെ അധരങ്ങൾ അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികൾ പ്രഘോഷിക്കും.

കർത്താവേ, അങ്ങാണ് എന്റെ പ്രത്യാശ; ചെറുപ്പം മുതൽ അങ്ങാണ് എന്റെ ആശ്രയം. ജനനം മുതൽ ഞാൻ അങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തിൽനിന്ന് അങ്ങാണ് എന്നെ എടുത്തത്; ഞാൻ എപ്പോഴും അങ്ങയെ സ്‌തുതിക്കുന്നു.

എന്റെ അധരങ്ങൾ അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികൾ പ്രഘോഷിക്കും.

എന്റെ അധരങ്ങൾ അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികൾ പ്രഘോഷിക്കും; അവ എന്റെ അറിവിന് അപ്രാപ്യമാണ്. ദൈവമേ, ചെറുപ്പം മുതൽ എന്നെ അങ്ങ് പരിശീലിപ്പിച്ചു. ഞാനിപ്പോഴും അങ്ങയുടെ അദ്‌ഭുതപ്രവൃത്തികൾ പ്രഘോഷിക്കുന്നു.

എന്റെ അധരങ്ങൾ അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികൾ പ്രഘോഷിക്കും.

സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും സ്തുതിയും ഞങ്ങളുടെ രാജാവേ, വാഴ്‌ക! പിതാവിനെ അനുസരിച്ച്, കൊല്ലാൻ പോകുന്ന ശാന്തമായ കുഞ്ഞാടിനെപ്പോലെ, കുരിശു മരണത്തിന് അങ്ങ് ആനയിക്കപ്പെട്ടു. കർത്താവായ യേശുക്രിസ്തു‌വേ, അങ്ങേക്കു മഹത്ത്വവും സ്തു‌തിയും,

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങളിലൊരുവൻ എന്നെ ഒറ്റിക്കൊടുക്കുംം. നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിക്കുന്നതിനുമുന്നി കോഴി കൂവുകയില്ല)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരിക്കവേ, ആത്‌മാവിൽ അസ്വസ്‌ഥനായി അരുൾചെയ്തു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും. അവൻ ആരെപ്പറ്റി പറയുന്നു എന്നറിയാതെ ശിഷ്യൻമാർ ആകുലചിത്തരായി പരസ്‌പരം നോക്കി. ശിഷ്യൻമാരിൽ യേശു സ്നേഹിച്ചിരുന്നവൻ അവന്റെ വക്‌ഷസ്‌സിലേക്കു ചാരിക്കിടന്നിരുന്നു. ശിമയോൻ പത്രോസ് അവനോട് ആംഗ്യം കാണിച്ചു പറഞ്ഞു: അവൻ ആരെപ്പറ്റി പറയുന്നു എന്നു ചോദിക്കുക. യേശുവിൻ്റെ വക്‌ഷസ്‌സിൽ ചേർന്നു കിടന്നുകൊണ്ട് അവൻ ചോദിച്ചു: കർത്താവേ, ആരാണത്? അവൻ പ്രതിവചിച്ചു: അപ്പക്കഷണം മുക്കി ഞാൻ ആർക്കുകൊടുക്കുന്നുവോ അവൻ തന്നെ. അവൻ അപ്പക്കഷണം മുക്കി ശിമയോൻ സ്‌കറിയോത്തായുടെ മകൻ യൂദാസിനു കൊടുത്തു. അപ്പക്കഷണം സ്വീകരിച്ചതിനെത്തുടർന്ന് സാത്താൻ അവനിൽ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക. എന്നാൽ, ഭക്ഷണത്തിനിരുന്നവരിൽ ആരും അവൻ ഇത് എന്തിനു പറഞ്ഞുവെന്ന് അറിഞ്ഞില്ല പണസഞ്ചി യുദാസിൻ്റെ പക്കലായിരുന്നതിനാൽ, നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുക എന്നോ ദരിദ്രർക്ക് എന്തെങ്കിലും കൊടുക്കുക എന്നോ ആയിരിക്കാം യേശു അവനോട് ആവശ്യപ്പെട്ടതെന്ന് ചിലർ വിചാരിച്ചു. ആ അപ്പക്കഷണം സ്വീകരിച്ച ഉടനേ അവൻ പുറത്തു പോയി. അപ്പോൾ രാത്രിയായിരുന്നു.

അവൻ പുറത്തു പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു. അവനിൽ ദൈവവും മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവം അവനിൽ മഹത്ത്വപ്പെട്ടുവെങ്കിൽ ദൈവം അവനെ തന്നിൽ മഹത്ത്വപ്പെടുത്തും; ഉടൻ തന്നെ മഹത്ത്വപ്പെടുത്തും. എന്റെ കുഞ്ഞുങ്ങളേ, ഇനി അല്പസമയം കൂടി ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ഞാൻ യഹൂദരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു, ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല.

ശിമയോൻ പത്രോസ് ചോദിച്ചു: കർത്താവേ, നീ എവിടേക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാൻ പോകുന്നിടത്തേക്ക് ഇപ്പോൾ എന്നെ അനുഗമിക്കാൻ നിനക്കു കഴിയുകയില്ല. എന്നാൽ, പിന്നീടു നീ അനുഗമിക്കും. പത്രോസ് പറഞ്ഞു: കർത്താവേ, ഇപ്പോൾത്തന്നെ നിന്നെ അനുഗമിക്കാൻ എനിക്കു കഴിയാത്തത് എന്തുകൊണ്ട്? നിനക്കുവേണ്ടി എന്റെ ജീവൻ ഞാൻ ത്യജിക്കും. യേശു പ്രതിവചിച്ചു: നീ എനിക്കുവേണ്ടി ജീവൻ ത്യജിക്കുമെന്നോ? സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ എന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.