Word of God

വിശുദ്ധവാരം : മാർച്ച് 30 വചനവായന

മാർച്ച് 30 തിങ്കൾ

ഒന്നാം വായന

ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ, ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാൻ എന്റെ ആത്മാവിനെ അവനു നല്‌കി; അവൻ ജനതകൾക്കു നീതി പ്രദാനംചെയ്യും. അവൻ വിലപിക്കുകയോ സ്വരമുയർത്തുകയോ ഇല്ല; തെരുവിഥിയിൽ ആ സ്വരം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ മുറിക്കുകയില്ല; മങ്ങിയതിരി കെടുത്തുകയുമില്ല. അവൻ വിശ്വസ്‌തതയോടെ നീതിപുലർത്തും. ഭൂമിയിൽ നീതി സ്‌ഥാപിക്കുന്നതുവരെ അവൻ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു. ആകാശം സൃഷ്‌ടിച്ചു വിരിച്ചുനിർത്തുകയും ഭൂമിയെയും അതിലെ വിഭവങ്ങളെയും വ്യാപിപ്പിക്കുകയും അതിലെ നിവാസികൾക്കു ജീവൻ നല്‌കുകയും അതിൽ ചരിക്കുന്നവർക്ക് ആത്മാവിനെ നല്കുകയും ചെയ്യുന്ന ദൈവമായ കർത്താവ് അരുൾ ചെയ്യുന്നു: ഞാനാണു കർത്താവ്, ഞാൻ നിന്നെ നീതിസ്‌ഥാപിക്കാൻ വിളിച്ചു. ഞാൻ നിന്നെ കൈക്കുപിടിച്ചു നടത്തി സംരക്ഷിച്ചു. അന്‌ധർക്കു കാഴ്ച നല്‌കുന്നതിനും തടവുകാരെ കാരാഗൃഹത്തിൽനിന്നും അന്‌ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയിൽ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാൻ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകൾക്കു പ്രകാശവുമായി നല്‌കിയിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവ് എൻ്റെ പ്രകാശവും രക്‌ഷയുമാണ്,

കർത്താവ് എൻ്റെ പ്രകാശവും രക്‌ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻറ ജീവിതത്തിനു കോട്ടയാണ്. ഞാൻ ആരെ പേടിക്കണം?

കർത്താവ് എൻ്റെ പ്രകാശവും രക്‌ഷയുമാണ്,

എതിരാളികളും ശത്രുക്കളുമായ ദുർവൃത്തർ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോൾ, അവർതന്നെ കാലിടറിവീഴും.

കർത്താവ് എൻ്റെ പ്രകാശവും രക്‌ഷയുമാണ്,

ഒരു സൈന്യംതന്നെ എനിക്കെതിരേ പാളയമടിച്ചാലും എൻ്റെ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേ യുദ്ധമുണ്ടായാലും ഞാൻ ആത്മധൈര്യം വെടിയുകയില്ല.

കർത്താവ് എൻ്റെ പ്രകാശവും രക്‌ഷയുമാണ്,

ജീവിക്കുന്നവരുടെ ദേശത്തു കർത്താവിന്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു. കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെ ധൈര്യമവലംബിക്കുവിൻ; കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ.

കർത്താവ് എൻ്റെ പ്രകാശവും രക്‌ഷയുമാണ്,

സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്‌തുതിയും പുകഴ്‌ചയും ഞങ്ങളുടെ രാജാവേ, വാഴ്‌ക! ഞങ്ങളുടെ തെറ്റുകളിൽ അങ്ങേയ്ക്ക് മാത്രം അലിവ്‌തോന്നിയാലോ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്‌തുതിയും പുകഴ്ച്‌യും.

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവളെ തടയേണ്ടാ. അവൾ അത് എന്റെ ശവസംസ്കാരദിവസത്തേക്കുവേണ്ടി സൂക്ഷിച്ചിരുന്നു എന്നിരിക്കട്ടെ)

മരിച്ചവരിൽനിന്ന് താൻ ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്ന ബഥാനിയായിലേക്ക് പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു വന്നു. അവർ അവന് അത്താഴമൊരുക്കി. മർത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ലാസറും ഉണ്ടയിരുന്നു. മറിയം വിലയേറിയതും ശുദ്‌ധവുമായ ഒരു കുപ്പി നാർദിൻസുഗന്‌ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളിൽ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്‌തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു. അവന്റെ ശിഷ്യൻമാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്‌കറിയോത്താ പറഞ്ഞു: എന്തു കൊണ്ട് ഈ തൈലം മുന്നൂറുദനാറയ്ക്കു വിറ്റ് ദരിദ്രർക്കു കൊടുത്തില്ല? അവൻ ഇതു പറഞ്ഞത്, അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവൻ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവൻ്റെ കൈയിലായിരുന്നതു കൊണ്ടും അതിൽ വീഴുന്നതിൽനിന്ന് അവൻ എടുത്തിരുന്നതു കൊണ്ടുമാണ്. യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ മൃതസംസ്‌കാരദിനത്തിനായി ഇതു ചെയ്‌തുവെന്ന് അവൾ കരുതിക്കൊള്ളട്ടെ. ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാൻ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.

അവൻ അവിടെയുണ്ടെന്നറിഞ്ഞ് വലിയ ഒരു ഗണം യഹൂദർ അവിടേക്കു വന്നു. അവർ വന്നത് യേശുവിനെ ഉദ്‌ദേശിച്ചുമാത്രമല്ല; അവൻ മരിച്ചവരിൽനിന്നുയിർപ്പിച്ച ലാസറിനെ കാണാൻ കൂടിയാണ്. ലാസറിനെക്കൂടി കൊല്ലാൻ പുരോഹിതപ്രമുഖൻമാർ ആലോചിച്ചു. എന്തെന്നാൽ, അവൻ നിമിത്തം യഹൂദരിൽ വളരെപ്പേർ അവരെവിട്ട് യേശുവിൽ വിശ്വസിച്ചിരുന്നു.

കർത്താവിന്റെ സുവിശേഷം..

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.