Word of God

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ വചനവായന

ഫെബ്രുവരി 08 ഞായർ

ഒന്നാം വായന

ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(നിൻ്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും)

കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: വിശക്കുന്നവനുമായി ആഹാരംപങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? അപ്പോൾ, നിൻെറ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും: നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിൻ്റെ മുൻപിലും കർത്താവിൻെറ മഹത്ത്വം നിൻെറ പിൻപിലും നിന്നെ സംരക്‌ഷിക്കും. നീ പ്രാർഥിച്ചാൽ കർത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ, എന്ന് അവിടന്ന് മറുപടി തരും. മർദനവും കുറ്റാരോപണവും ദുർഭാഷണവും നിന്നിൽനിന്ന് ദൂരേയകറ്റുക. വിശക്കുന്നവർക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതർക്കു സംതൃപ്തി നല്കുകയും ചെയ്താൽ നിന്റെ പ്രകാശം അന്ധകാരത്തിൽ ഉദിക്കും. നിന്റെ ഇരു വേളകൾ മധ്യാഹ്നം പോലെയാകും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

പരമാർഥഹൃദയന് അന്ധകാരത്തിൽ പ്രകാശമുദിക്കും

പരമാർഥഹൃദയന് അന്ധകാരത്തിൽ പ്രകാശമുദിക്കും; അവൻ ഉദാരനും കാരുണ്യവാനും നീതിനിഷ്‌ഠനുമാണ്. ഉദാരമായി വായ്പ്‌പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നൻമ കൈവരും.

പരമാർഥഹൃദയന് അന്ധകാരത്തിൽ പ്രകാശമുദിക്കും

നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല. അവൻറെ സ്മരണ എന്നേക്കും നിലനില്ക്കും ദുർവാർത്തകൾ അവൻ ഭയപ്പെടുകയില്ല. അവന്റെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്.

പരമാർഥഹൃദയന് അന്ധകാരത്തിൽ പ്രകാശമുദിക്കും

അവൻെറ ഹ്യദയം ദൃഢതയുള്ളതായിരിക്കും; അവൻ ഭയപ്പെടുകയില്ല; അവൻ ദരിദ്രർക്ക് ഉദാരമായി ദാനം ചെയ്യുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. അവൻ അഭിമാനത്തോടെ ശിരസ്‌സുയർത്തി നില്ക്കും.

പരമാർഥഹൃദയന് അന്ധകാരത്തിൽ പ്രകാശമുദിക്കും

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(ക്രിസ്തുവിന് സാക്ഷ്യം നല്കാൻ ഞാൻ നിങ്ങളുടെ അടുക്കൽ വന്നു)

സഹോദരരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ ദൈവത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയത് വാഗ്വിലാസത്താലോ വിജ്‌ഞാനത്താലോ അല്ല. നിങ്ങളുടെയിടയിലായിരുന്നപ്പോൾ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചു. നിങ്ങളുടെ മുമ്പിൽ ഞാൻ ദുർബലനും ഭയചകിതനുമായിരുന്നു. എൻെറ വചനവും പ്രസംഗവും വിജ്‌ഞാനം കൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്‌ഥാനം മാനുഷികവിജ്‌ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്.

കർത്താവിന്റെ വചനം.

അല്ലേലൂയാ !

അല്ലേലൂയാ ! ഞാൻ ലോകത്തിന്റെ പ്രകാശമാണ് എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്‌തു: നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാൽ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല. നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണം മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെകീഴിൽ വയ്ക്കാറില്ല, പീഠത്തിൻമേലാണു വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നല്കുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.