ഫെബ്രുവരി 09 തിങ്കൾ
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന്
(കർത്താവിൻ്റെ വാഗ്‌ദാനപേടകം അതിവിശിയസ്ഥലമായ ശ്രീകോവിലിൽ സ്ഥാപിച്ചു
അക്കാലത്ത്, കർത്താവിൻെറ വാഗ്‌ദാനപേടകം ദാവീദിൻ നഗരമായ സീയോനിൽനിന്നു കൊണ്ടുവരാൻ സോളമൻരാജാവ് ഇസ്രായേലിലെ ശ്രേഷ്‌ഠൻമാരെയും ഗോത്രനേതാക്കൻമാരെയും ഇസ്രായേൽജനത്തിലെ കുടുംബത്തലവൻമാരെയും ജറുസലേമിൽ വിളിച്ചുകൂട്ടി. ഏഴാംമാസമായ എത്താനിമിൽ, തിരുനാൾ ദിവസം ഇസ്രായേൽജനം രാജസന്നിധിയിൽ സമ്മേളിച്ചു. ഇസ്രായേലിലെ ശ്രേഷ്ഠൻമാർ വന്നുചേർന്നു; പുരോഹിതൻമാർ പേടകം വഹിച്ചു. പുരോഹിതൻമാരും ലേവ്യരും ചേർന്ന് കർത്താവിന്റെ പേടകവും സമാഗമകൂടാരവും അതിലുള്ള വിശുദ്‌ധപാത്രങ്ങളും കൊണ്ടുവന്നു. സോളമൻ രാജാവും അവിടെ സമ്മേളിച്ച ഇസ്രായേൽജനവും പേടകത്തിന്റെ മുൻപിൽ, അസംഖ്യം കാളകളെയും ആടുകളെയും ബലികഴിച്ചുകൊണ്ടിരുന്നു.
പുരോഹിതർ കർത്താവിന്റെ വാഗ്ദാനപേടകം അതി വിശുദ്‌ധസ്‌ഥലമായ ശ്രീകോവിലിൽ യഥാസ്‌ഥാനം കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ സ്‌ഥാപിച്ചു. കെരൂബുകൾ പേടകത്തിനു മുകളിൽ ചിറകുകൾ വിരിച്ച്, പേടകത്തെയും അതിന്റെ തണ്ടുകളെയും മറച്ചിരുന്നു.
മോശ ഹോറെബിൽവച്ചു നിക്ഷേപിച്ച രണ്ടു ശിലാഫലകങ്ങളല്ലാതെ ഒന്നും പേടകത്തിൽ ഉണ്ടായിരുന്നില്ല. അവിടെവച്ചാണ് ഈജിപ്തിൽനിന്നു മോചിതരായിപ്പോന്ന ഇസ്രായേൽ ജനവുമായി കർത്താവ് ഉടമ്പടി ചെയ്തത്.
പുരോഹിതൻമാർ വിശുദ്‌ധസ്ഥലത്തുനിന്നു പുറത്തിറങ്ങിയപ്പോൾ ഒരു മേഘം കർത്താവിന്റെ ആലയത്തിൽ നിറഞ്ഞു. മേഘംകാരണം പുരോഹിതൻമാർക്ക് അവിടെനിന്നു ശുശ്രൂഷ ചെയ്യാൻ സാധിച്ചില്ല. കർത്താവിന്റെ തേജസ്‌സ് ആലയത്തിൽ നിറഞ്ഞുനിന്നു. അപ്പോൾ സോളമൻ പറഞ്ഞു: കർത്താവ് സൂര്യനെ ആകാശത്തു സ്‌ഥാപിച്ചു; എന്നാൽ, നിറഞ്ഞ അന്ധകാരത്തിലാണ് താൻ വസിക്കുക എന്ന് അവിടന്ന് അരുൾചെയ്തു. അവിടത്തേക്ക് എന്നേക്കും വസിക്കാൻ മഹനീയമായ ഒരാലയം ഞാൻ നിർമിച്ചിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ വിശ്രമസ്‌ഥലത്തേക്കു വരണമേ!
എഫ്രാത്തായിൽ വച്ചു നാം അതിനെപ്പറ്റി കേട്ടു; യാആറിലെ വയലുകളിൽ അതിനെ നാം കണ്ടെത്തി. നമുക്ക് അവിടത്തെ വാസസ്‌ഥലത്തേക്കു പോകാം; അവിടത്തെ പാദപീഠത്തിങ്കൽ ആരാധിക്കാം.
കർത്താവേ, അങ്ങയുടെ വിശ്രമസ്‌ഥലത്തേക്കു വരണമേ!
കർത്താവേ, എഴുന്നേറ്റ് അവിടത്തെ ശക്‌തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്‌ഥലത്തേക്കു വരണമേ! അങ്ങയുടെ പുരോഹിതൻമാർ നീതി ധരിക്കുകയും അങ്ങയുടെവിശുദ്‌ധർ ആനന്ദിച്ച് ആർപ്പുവിളിക്കുകയും ചെയ്യട്ടെ അങ്ങയുടെ ദാസനായ ദാവീദിനെപ്രതി അങ്ങയുടെ അഭിഷികനെ തിരസ്ക്കരിക്കരുതേ!
കർത്താവേ, അങ്ങയുടെ വിശ്രമസ്‌ഥലത്തേക്കു വരണമേ!
അല്ലേലൂയാ !
അല്ലേലൂയാ! യേശു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവിടത്തെ സ്പർശിച്ചവരെല്ലാം സുഖം പ്രാപിച്ചു)
അക്കാലത്ത്, യേശുവും ശിഷ്യൻമാരും കടൽ കടന്ന്, ഗനേസറത്തിൽ എത്തി, വഞ്ചി കരയ്ക്കടുപ്പിച്ചു. കരയ്ക്കിറങ്ങിയപ്പോൾത്തന്നെ ആളുകൾ അവനെ തിരിച്ചറിഞ്ഞു. അവർ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അവൻ ഉണ്ടെന്നുകേട്ട സ്‌ഥലത്തേക്കു കൊണ്ടുവരാൻ തുടങ്ങി. ഗ്രാമങ്ങളിലോ നഗരങ്ങളിലോ നാട്ടിൻപുറങ്ങളിലോ അവൻ ചെന്നിടത്തൊക്കെ, ആളുകൾ രോഗികളെ കൊണ്ടുവന്ന് പൊതു സ്‌ഥലങ്ങളിൽ കിടത്തിയിരുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും സ്പർശിക്കാൻ അനുവദിക്കണമെന്ന് അവർ അപേക്ഷിച്ചു. സ്പർശിച്ചവരെല്ലാം സുഖം പ്രാപിക്കയുംചെയ്തു.




