Word of God

ആണ്ടുവട്ടം നാലാം വാരം ഫെബ്രുവരി 07 വചനവായന

ഫെബ്രുവരി 07 ശനി

ഒന്നാം വായന

രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽനിന്ന്

(നൻമയും തിൻമയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ പോരുന്ന വിവേകം ഈ ദാസനു നല്‌കിയാലും)

അക്കാലത്ത്, സോളമൻ രാജാവ് ബലിയർപ്പിക്കാൻ മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തിൽ അവൻ ആയിരം ദഹനബലി അർപ്പിച്ചിട്ടുണ്ടായിരുന്നു. അവിടെ വച്ച് രാത്രി കർത്താവു സോളമന് സ്വ‌പ്നത്തിൽ പ്രത്യക്‌ഷനായി. ദൈവം അവനോട് അരുൾചെയ്തു‌: നിനക്ക് എന്തു വേണമെന്നു പറഞ്ഞുകൊള്ളുക. അവൻ പറഞ്ഞു: എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദ് വിശ്വസ്‌തതയോടും നീതിബോധത്തോടും പരമാർഥഹൃദയത്തോടും കൂടെ അവിടത്തെ മുൻപിൽ വ്യാപരിച്ചു. അങ്ങ് അവനോട് അതിയായ സ്നേഹം എപ്പോഴും കാണിച്ചുപോന്നു. അവിടന്ന് ആ സ്നേഹം നിലനിർത്തുകയും അവന്റെ സിംഹാസനത്തിലിരിക്കാൻ ഒരു മകനെ നല്‌കുകയും ചെയ്തു. എന്റെ ദൈവമായ കർത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത് രാജാവാക്കിയിരിക്കുന്നു. അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്റെ നടുവിലാണ് അങ്ങയുടെ ദാസൻ. ഈ മഹാജനത്തെ ഭരിക്കാൻ ആർക്കു കഴിയും? ആകയാൽ, നൻമയും തിൻമയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ പോരുന്ന വിവേകം ഈ ദാസനു നല്‌കിയാലും.

സോളമന്റെ ഈ അപേക്ഷ കർത്താവിനു പ്രീതികരമായി. അവിടന്ന് അവനോട് അരുൾ ചെയ്തു: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിർവഹണത്തിനുവേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്. നിന്റെ അപേക്‌ഷ ഞാൻ സ്വീകരിച്ചിരിക്കുന്നു. ജ്‌ഞാനവും വിവേകവും ഞാൻ നിനക്കു തരുന്നു. ഇക്കാര്യത്തിൽ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല, നീ ചോദിക്കാത്തവകൂടി ഞാൻ നിനക്കു തരുന്നു. നിന്റെ ജീവിത കാലം മുഴുവൻ സമ്പത്തും മഹത്ത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!

യുവാവ് തന്റെ മാർഗം എങ്ങനെ നിർമലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്. പൂർണ ഹൃദയത്തോടെ ഞാൻ അങ്ങയെ തേടുന്നു; അങ്ങയുടെ കല്പന വിട്ടുനടക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ!

കർത്താവേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!

അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിന് ഞാൻ അങ്ങയുടെ വചനം ഹൃദയത്തിൽ സൂക്‌ഷിച്ചിരിക്കുന്നു. കർത്താവേ, അങ്ങു വാഴ്ത്തപ്പെടട്ടെ! അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!

കർത്താവേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!

അങ്ങയുടെ നാവിൽ നിന്നു പുറപ്പെടുന്ന ശാസനങ്ങൾ എന്റെ അധരങ്ങൾ പ്രഘോഷിക്കും. സമ്പദ്‌സമൃദ്‌ധിയിലെന്നപോലെ അങ്ങയുടെ കല്‌പനകൾ പിന്തുടരുന്നതിൽ ഞാൻ ആനന്ദിക്കും.

കർത്താവേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!

അല്ലേലൂയാ !

അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരുന്നു.)

അക്കാലത്ത്, അപ്പസ്തോലൻമാർ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങൾ ചെയ്‌തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകൾ അവിടെ വരുകയും പോകുകയും ചെയ്‌തിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അവർക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാൽ അവൻ പറഞ്ഞു: നിങ്ങൾ ഒരു വിജനസ്ഥലത്തേക്കു വരുവിൻ; അല്‌പം വിശ്രമിക്കാം. അവർ വഞ്ചിയിൽ കയറി ഒരു വിജനസ്ഥലത്തേക്കു പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലും നിന്ന് ജനങ്ങൾ കരവഴി ഓടി അവർക്കുമുമ്പേ അവിടെയെത്തി. അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റം പോലെ ആയിരുന്നു. അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.