Word of God

ആഗമനകാലം ഡിസംബർ 17 വചനവായന

മൂന്നാം വരാം: ബുധൻ

ഒന്നാം വായന

ഉത്പത്തി പുസ്തകത്തിൽനിന്ന്

(ചെങ്കോൽ യൂദായെ വിട്ടുപോകയില്ല)

അക്കാലത്ത്, യാക്കോബ് തൻ്റെ മക്കളെ വിളിച്ചുപറഞ്ഞു:യാക്കോബിൻെറ പുത്രൻമാരേ, ഒന്നിച്ചുകൂടി കേൾക്കുവിൻ. നിങ്ങളുടെ പിതാവായ ഇസ്രായേലിൻെറ വാക്കുകൾ ശ്രദ്‌ധിക്കുവിൻ.

യൂദാ, നിൻെറ സഹോദരൻമാർ നിന്നെ പുകഴ്ത്തം, നിൻ്റെ കൈ ശത്രുക്കളുടെ കഴുത്തിൽ പതിക്കും. നിൻെറ പിതാവിന്റെ പുത്രൻമാർ നിൻെറ മുൻപിൽ കുമ്പിടും. യൂദാ ഒരു സിംഹക്കുട്ടിയാണ്. എൻെറ മകനേ, നീ ഇരയിൽനിന്നു മടങ്ങിയിരിക്കുന്നു. അവൻ ഒരു സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെ ഉണർത്താൻ ആർക്കു ധൈര്യമുണ്ടാകും? ചെങ്കോൽ യൂദായെ വിട്ടുപോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദൺഡ് അവന്റെ സന്തതികളിൽനിന്നു നീങ്ങിപ്പോകയില്ല. ജനതകൾ അവനെ അനുസരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

അവന്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ!

ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധർമനിഷ്‌ഠയും നല്‌കണമേ! അവൻ അങ്ങയുടെ ജനത്തെ ധർമനിഷ്‌ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!

അവന്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ!

നീതിയാൽ പർവതങ്ങളും കുന്നുകളും ജനങ്ങൾക്കുവേണ്ടി ഐശ്വര്യം വിളയിക്കട്ടെ! എളിയവർക്ക് അവൻ നീതിപാലിച്ചു കൊടുക്കട്ടെ! ദരിദ്രർക്കു മോചനം നല്‌കട്ടെ!

അവന്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ!

അവന്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനംപുലരട്ടെ! സമുദ്രം മുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അതിർത്തികൾ വരെയും അവന്റെ ആധിപത്യം നിലനില്ക്കട്ടെ!

അവന്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ!

അവന്റെ നാമം നിത്യം നിലനില്ക്കട്ടെ! സൂര്യനുള്ളിടത്തോളം കാലം അവൻ്റെ കീർത്തി നിലനില്ക്കട്ടെ! അവനെപ്പോലെ അനുഗൃഹീതരാകട്ടെ എന്നു ജനം പരസ്‌പരം ആശംസിക്കട്ടെ! ജനതകൾ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.

അവന്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ!

അല്ലേലൂയാ

അല്ലേലൂയാ! അത്യുന്നതൻ്റെ ജ്ഞാനമേ. ശക്തനും ആർദ്രനുമായ സർവലോകനിയന്താവേ, ഞങ്ങളെ വിവേകത്തിൻ്റെ വഴി പഠിപ്പിക്കാൻ വരുക. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ദാവീദിൻ്റെ പുത്രൻ യേശുക്രിസ്‌തുവിന്റെ വംശാവലി)

അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലിഗ്രന്‌ഥം. അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്റെയും യാക്കോബ് യൂദായുടെയും സഹോദരൻമാരുടെയും പിതാവായിരുന്നു. താമാറിൽ നിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ് ഹെസ്റോന്റെയും ഹെസ്‌റോൻ ആരാമിന്റെയും പിതാവായിരുന്നു. ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്ഷോന്റെയും നഹ്ഷോൻ സൽമോന്റെയും പിതാവായിരുന്നു. സൽമോൺ റാഹാബിൽ നിന്നു ജനിച്ച ബോവാസിന്റെയും ബോവാസ് റൂത്തിൽനിന്നു ജനിച്ച ഓബദിന്റെയും ഓബദ് ജസ്സെയുടെയും ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു. ദാവീദ് ഊറിയായുടെ ഭാര്യയിൽനിന്നു ജനിച്ച സോളമൻ്റെ പിതാവായിരുന്നു. സോളമൻ റഹോബോവാമിന്റെയും റഹോബോവാം അബിയായുടെയും അബിയാ ആസായുടെയും പിതാവായിരുന്നു.ആസാ യോസഫാത്തിന്റെയും യോസഫാത്ത് യോറാമിന്റെയും യോറാം ഓസിയായുടെയും ഓസിയാ യോഥാമിന്റെയും യോഥാം ആഹാസിന്റെയും ആഹാസ് ഹെസെക്കിയായുടെയും ഹെസെക്കിയാ മനാസ്സെയുടെയും മനാസെ ആമോസിന്റെ യും ആമോസ് ജോസിയായുടെയും പിതാവായിരുന്നു. ബാബിലോൺ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരൻമാരുടെയും പിതാവായിരുന്നു ജോസിയാ.

യാക്കോണിയാ ബാബിലോൺപ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും സലാത്തിയേൽ സൊറൊബാബേലിന്റെയും പിതാവായിരുന്നു. സൊറൊബാബേൽ അബിയൂദിന്റെയും അബിയൂദ് എലിയാക്കിമിന്റെയും എലിയാക്കിം ആസോറിൻ്റെയും ആസോർ സാദോക്കിന്റെയും സാദോക്ക് അക്കീമിന്റെയും അക്കീം എലിയൂദിന്റെയും എലിയൂദ് എലെയാസറിന്റെയും എലെയാസർ മഥാന്റെയും മഥാൻ യാക്കോബിന്റെയും പിതാവായിരുന്നു. യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിൻ്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.

ഇങ്ങനെ, അബ്രാഹം മുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബിലോൺപ്രവാസംവരെ പതിന്നാലും ബാബിലോൺപ്രവാസം മുതൽ ക്രിസ്‌തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.