രണ്ടാം വാരം : ശനി
ഒന്നാം വായന
പ്രഭാഷകന്റെ പുസ്തകത്തിൽനിന്ന്
(ഇസ്രായേലിന്റെ പരിശുദ്ധനാണ് നിൻ്റെ രക്ഷകൻ)
അക്കാലത്ത്, പ്രവാചകനായ ഏലിയാ അഗ്നിപോലെ പ്രത്യക്ഷപ്പെട്ടു; അവൻെറ വാക്കുകൾ പന്തംപോലെ ജ്വലിച്ചു. അവൻ അവരുടെമേൽ ക്ഷാമം വരുത്തി; അവന്റെ തീക്ഷണതയിൽ അവരുടെ എണ്ണം ചുരുങ്ങി. കർത്താവിന്റെ വാക്കുകൊണ്ട് അവൻ ആകാശവാതിലുകൾ അടച്ചു. മൂന്നു പ്രാവശ്യം അഗ്നനിയിറക്കി. ഏലിയാ, അദ്ഭുത പ്രവൃത്തികളിൽ നീ എത്ര മഹത്ത്വമുള്ളവൻ! അത്തരം പ്രവ്യത്തികളുടെ പേരിൽ അഭിമാനിക്കാൻ കഴിയുന്നവർ മറ്റാരുണ്ട്?
ആഗ്നേയാശ്വങ്ങളെ ബന്ധിച്ച രഥത്തിൽ അഗ്നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്. ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനുമുമ്പ് അതിനെ തണുപ്പിക്കുന്ന തിനും പിതാവിൻറെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനും അങ്ങനെ യാക്കോബിന്റെ ഗോത്രങ്ങൾ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി നിശ്ചിതസമയത്ത് നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. നിന്നെ കണ്ടവരും നിൻ്റെ സ്നേഹത്തിനു പാത്രമായവരും അനുഗൃഹീതർ; അവർ ജീവിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!
ഇസ്രായേലിന്റെ ഇടയനേ, ചെവിക്കൊള്ളണമേ! കെരൂബു കളിൻമേൽ വസിക്കുന്നവനേ, പ്രകാശിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ! സ്വർഗത്തിൽനിന്നു നോക്കിക്കാണണമേ! ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലത്തുകൈ നട്ട ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!
എന്നാൽ, അങ്ങയുടെ കരം, അങ്ങയുടെ വലത്തുവശത്തു നിർത്തിയിരിക്കുന്നവന്റെ മേൽ- അങ്ങേക്കു ശുശ്രൂഷചെയ്യാൻ ശക്തനാക്കിയ മനുഷ്യപുത്രൻ്റെ മേൽ ഉണ്ടായിരിക്കട്ടെ. അപ്പോൾ ഞങ്ങൾ അങ്ങിൽനിന്ന് ഒരിക്കലും പിന്തിരിയുകയില്ല; ഞങ്ങൾക്കു ജീവൻ നല്കണമേ! ഞങ്ങൾ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും.
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!
അല്ലേലൂയാ !
അല്ലേലൂയാ! കർത്താവിന്റെ വഴി ഒരുക്കുവിൻ. അവൻ്റെ പാത നേരേയാക്കുവിൻ. സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവർ അവനെ മനസ്സിലാക്കിയില്ല)
മലയിൽനിന്ന് ഇറങ്ങിപ്പോകുമ്പോൾ ശിഷ്യൻമാർ അവനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്ന് നിയമജ്ഞർ പറയുന്നതെന്തുകൊണ്ട്? അവൻ പറഞ്ഞു: ഏലിയാ വന്ന് എല്ലാം പുനഃസ്ഥപിക്കുകതന്നെ ചെയ്യും. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു. ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവർ അവനെ മനസ്സിലാക്കിയില്ല. തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവർ അവനോടു ചെയ്തു. അതുപോലെ, മനുഷ്യപുത്രനും അവരിൽ നിന്നു പീഡകളേല്ക്കാൻ പോകുന്നു. സ്നാപകയോഹന്നാനെപ്പറ്റിയാണ് അവൻ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോൾ ശിഷ്യൻമാർക്കു മനസ്സിലായി.




