Word of God

ആണ്ടുവട്ടം ഇരുപത്തിനാലാം വാരം : ശനി സെപ്തംബർ : 20 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (6 : 13 -16)

(കർത്താവ് പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായി നീ കാത്തുസൂക്ഷിക്കണം)

വാത്സല്യമുള്ളവനേ, എല്ലാറ്റിനും ജീവൻ നല്‌കുന്ന ദൈവത്തിന്റെയും പന്തിയോസ് പീലാത്തോസിൻ്റെ മുമ്പിൽ സത്യ ത്തിനു സാക്ഷ്യംനല്‌കിയ യേശുക്രിസ്‌തുവിന്റെയും സന്നിധിയിൽ നിന്നോടു ഞാൻ കല്‌പിക്കുന്നു. കർത്താവായ യേശുക്രിസ്‌തു പ്രത്യക്‌ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യൂനമായും നീ കാത്തുസുക്ഷിക്കണം. വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കൻമാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവുമായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും. അവിടന്നു മാത്രമാണ് മരണമില്ലാത്തവൻ. അപ്രാപ്യമായ പ്രകാശത്തിൽ വസിക്കുന്ന അവിടത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്‌തുതിയും അനന്തമായ ആധിപത്യവും അവിടത്തേക്കുള്ളതാണ്. ആമേൻ.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (100: 2, 3, 4, 5)

സന്തോഷത്തോടെ കർത്താവിൻ്റെ സന്നിധിയിൽ വരുവിൻ.

ഭൂമി മുഴുവൻ സന്തോഷത്തോടെ കർത്താവിനു ശുശ്രൂഷ ചെയ്യുവിൻ; ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.

സന്തോഷത്തോടെ കർത്താവിന്റെ സന്നിധിയിൽ വരുവിൻ.

കർത്താവു ദൈവമാണെന്ന് അറിയുവിൻ; അവിടന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടത്തേതാണ്; നാം അവിടത്തെ ജനവും അവിടന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.

സന്തോഷത്തോടെ കർത്താവിന്റെ സന്നിധിയിൽ വരുവിൻ.

കൃതജ്ഞതാഗീതത്തോടെ അവിടത്തെ കവാടങ്ങൾ കടക്കുവിൻ; സ്തു‌തികൾ ആലപിച്ചുകൊണ്ട് അവിടത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ. അവിടത്തേക്കു നന്ദിപറയുവിൻ; അവിടത്തെ നാമം വാഴ്ത്തുവിൻ.

സന്തോഷത്തോടെ കർത്താവിന്റെ സന്നിധിയിൽ വരുവിൻ.

കർത്താവു നല്ലവനാണ്, അവിടത്തെ കാരുണ്യം ശാശ്വതമാണ്; അവിടത്തെ വിശ്വസ്തത തലമുറകളോളം നിലനില്ക്കും.

സന്തോഷത്തോടെ കർത്താവിന്റെ സന്നിധിയിൽ വരുവിൻ.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (Cf. ലൂക്കാ 8:15)

അല്ലേലൂയാ!
അല്ലേലൂയാ! വചനം കേട്ട്, ഉത്കൃഷ്ടവും നിർമലവുമായ ഹൃദയത്തിൽ അത് സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവർ ഭാഗ്യവാൻമാർ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന(8: 4-15)

(നല്ല നിലത്തു വീണ വിത്ത്, വചനം കേട്ട് അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്)

അക്കാലത്ത്, പല പട്ടണങ്ങളിലും നിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ യേശു അരുൾചെയ്തു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികിൽ വീണു. ആളുകൾ അതു ചവിട്ടിക്കളയുകയും പക്‌ഷികൾ വന്നു തിന്നുകയും ചെയ്തു‌. ചിലതു പാറമേൽ വീണു. അതു മുളച്ചു വളർന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി. ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ അതിനോടൊപ്പം വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. ചിലതു നല്ല നിലത്തുവീണു. അതു വളർന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടർന്ന് അവൻ സ്വരമുയർത്തിപ്പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

ഈ ഉപമയുടെ അർഥമെന്ത് എന്നു ശിഷ്യൻമാർ അവനോടു ചോദിച്ചു. അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാൻ വരം ലഭിച്ചിരിക്കുന്നത് നിങ്ങൾക്കാണ്. മറ്റുള്ളവർക്കാകട്ടെ, അവ ഉപമകളിലൂടെ നല്‌കപ്പെടുന്നു. അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണത്. ഉപമ ഇതാണ്: വിത്ത് ദൈവവചനമാണ്. ചിലർ വചനം ശ്രവിച്ചെങ്കിലും അവർ വിശ്വസിക്കുകയോ രക്ഷപ്പെടുകയോ ചെയ്യാതിരിക്കാൻവേണ്ടി പിശാചു വന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു. ഇവരാണ് വഴിയരികിൽ വീണ വിത്ത്. പാറയിൽ വീണത്, വചനം കേൾക്കുമ്പോൾ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്. എങ്കിലും അവർക്കു വേരുകളില്ല. അവർ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാൽ പ്രലോഭനങ്ങളുടെ സമയത്ത് അവർ വീണുപോകുന്നു. മുള്ളുകളുടെ ഇടയിൽ വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതക്ലേശങ്ങൾ, സമ്പത്ത്, സുഖഭോഗങ്ങൾ എന്നിവ വചനം ഞെരുക്കിക്കളയുന്നതുകൊണ്ട് ഫലം പുറപ്പെടുവിക്കാത്തവരാണ്. നല്ല നിലത്തു വീണതോ, വചനം കേട്ട്, ഉത്കൃഷ്ടവും നിർമലവുമായ ഹൃദയത്തിൽ അതു സംഗ്രഹിച്ച്, ക്‌ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.