Word of God

ആണ്ടുവട്ടം ഇരുപത്തിനാലാം വാരം : വെള്ളി സെപ്തംബർ : 19 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (6 : 2c -12)

(ദൈവികമനുഷ്യനായ നീ നീതി ഉന്നംവയ്ക്കുക)

വാത്സല്യമുള്ളവനേ, ഇക്കാര്യങ്ങളാണ് നീ പഠിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യേണ്ടത്. ആരെങ്കിലും ഇതിൽനിന്നു വ്യത്യസ്‌തമായി പഠിപ്പിക്കുകയോ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ യഥാർഥവചനങ്ങളോടും ദൈവഭക്തിക്കു ചേർന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കയോ ചെയ്താൽ അവൻ അഹങ്കാരിയും അജ്‌ഞനും ആണ്. എല്ലാറ്റിനെയും ചോദ്യംചെയ്യാനും വാക്കുകളെച്ചൊല്ലി തർക്കിക്കാനുമുള്ള ദുർവാസനയ്ക്കു വിധേയനാണവൻ. ഇതിൽനിന്ന് അസൂയയും വഴക്കും അപവാദവും ദുസ്‌സംശയങ്ങളും ഉണ്ടാകുന്നു. ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാർഗമാണെന്നു കരുതുന്നവരുമായ മനുഷ്യർ തമ്മിലുള്ള തുടർച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ ഫലമത്രേ.

ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല. ഭക്ഷണവും വസ്ത്രവുമുണ്ടെങ്കിൽ അതു കൊണ്ടു നമുക്കു തൃപ്‌തിപ്പെടാം. ധനവാൻമാരാകണമെന്ന് ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാൽ, ധനമോഹമാണ് എല്ലാ തിൻമകളുടെയും അടിസ്‌ഥാനകാരണം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തിൽനിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാൽ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ട്. എന്നാൽ, ദൈവികമനുഷ്യനായ നീ ഇവയിൽനിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യശീലം എന്നിവ ഉന്നംവയ്ക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവൻ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റു പറഞ്ഞിട്ടുള്ളതാണല്ലോ.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (49: 5–6, 7–9, 16-17, 18-19)

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്.

എന്നെ പീഡിപ്പിക്കുന്നവരുടെ ദുഷ്‌ടത എന്നെ വലയം ചെയ്യുന്നു. ക്ളേശകാലങ്ങളിൽ ഞാനെന്തിനു ഭയപ്പെടണം? അവർ തങ്ങളുടെ ധനത്തിൽ ആശ്രയിക്കുകയും സമ്പത്തിൽ അഹങ്കരിക്കുകയും ചെയ്യുന്നു.

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്.

തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ ആർക്കും കഴിയുകയില്ല. ജീവൻ്റ വിടുതൽവില വളരെ വലുതാണ്; എത്ര ആയാലും അതു തികയുകയുമില്ല. എന്നേക്കും ജീവിക്കാനോ പാതാളം കാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്.

ഒരുവൻ സമ്പന്നനാകുമ്പോഴും അവന്റെ ഭവനത്തിന്റെ മഹത്ത്വം വർധിക്കുമ്പോഴും നീ ഭയപ്പെടേണ്ടാ. അവൻ മരിക്കു മ്പോൾ ഒന്നും കൂടെ കൊണ്ടുപോവുകയില്ല; അവന്റെ മഹത്ത്വം അവനെ അനുഗമിക്കുകയില്ല.

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്.

ജീവിതകാലത്ത് സന്തുഷ്‌ടനെന്നു കരുതിയെങ്കിലും, അവൻ ഐശ്വര്യം കണ്ട് ആളുകൾ അവനെ സ്തുതിച്ചെങ്കിലും, അവൻ തന്റെ പിതാക്കൻമാരോടു ചേരും; ഇനിമേൽ അവൻ പ്രകാശം കാണുകയില്ല.

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (മത്താ 11:25)

അല്ലേലൂയാ!
അല്ലേലൂയാ! ഈ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (8:1-3)

(തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു)

അക്കാലത്ത്, യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്‌തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു. അശുദ്ധാത്മാക്കളിൽനിന്നും മറ്റു വ്യാധികളിൽ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹേറോദേസിൻ്റെ കാര്യസ്‌ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പ മുണ്ടായിരുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.