Uncategorized

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ 31 ആഗസ്റ്റ് 2025 അനുദിന വായന & സുവിശേഷം

ഒന്നാം വായന:

പ്രഭാഷകന്റെ പുസ്‌തകത്തിൽനിന്ന് (3 : 17 – 20, 28 -29)

(നിന്നെത്തന്നെ താഴ്ത്തുക; അപ്പോൾ നീ ദൈവസന്നിധിയിൽ അനുഗ്രഹം കണ്ടെത്തും)
മകനേ, സൗമ്യശീലത്തോടുകൂടെ കർത്തവ്യങ്ങളനുഷ്ഠിക്കുക; ദൈവത്തിന് അഭിമതരായവർ നിന്നെ സ്നേഹിക്കും. നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോൾ കർത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും. കർത്താവിന്റെ ശക്തി വലുതാണ്; വിനീതർ അവിടത്തെ മഹത്ത്വപ്പെടുത്തുന്നു. അഹങ്കാരിയുടെ കഷ്‌ടതകൾക്കു പ്രതിവിധിയില്ല; എന്തെന്നാൽ, ദുഷ്ടത അവനിൽ വേരുറച്ചു വളരുന്നു. ബുദ്‌ധിമാനായ മനുഷ്യൻ പഴമൊഴിയുടെ പൊരുൾ ഗ്രഹിക്കുന്നു; വിജ്‌ഞാനം ശ്രദ്ധിക്കുന്ന ചെവിയാണ് ബുദ്‌ധിമാൻ അഭിലഷിക്കുന്നത്.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.

പ്രതിവചനസങ്കീർത്തനം (68 : 3-4a, 5-6ab, 9-10)

ദൈവമേ, അങ്ങയുടെ നന്മയാൽ ദരിദ്രർക്ക് ആവശ്യമായതെല്ലാം അങ്ങു നല്കി.
നീതിമാൻമാർ സന്തോഷഭരിതരാകട്ടെ! ദൈവസന്നിധിയിൽ അവർ ഉല്ലസിക്കട്ടെ! അവർ ആനന്ദംകൊണ്ടു മതിമറക്കട്ടെ! ദൈവത്തിനു സ്തുതി പാടുവിൻ, അവിടത്തെ നാമം പ്രകീർത്തിക്കുവിൻ.
ദൈവമേ, അങ്ങയുടെ നന്മയാൽ ദരിദ്രർക്ക് ആവശ്യമായതെല്ലാം അങ്ങു നല്കി.
ദൈവം തന്റെ വിശുദ്‌ധ നിവാസത്തിൽ അനാഥർക്കു പിതാവും വിധവകൾക്കു സംരക്ഷകനുമാണ്. അഗതികൾക്കു വസിക്കാൻ ദൈവം ഇടം കൊടുക്കുന്നു; അവിടന്നു തടവുകാരെ മോചിപ്പിച്ച് ഐശ്വര്യത്തിലേക്കു നയിക്കുന്നു:
ദൈവമേ, അങ്ങയുടെ നന്മയാൽ ദരിദ്രർക്ക് ആവശ്യമായതെല്ലാം അങ്ങു നല്കി.
ദൈവമേ, അങ്ങ് ധാരാളം മഴപെയ്യിച്ചു; അങ്ങയുടെ വാടിത്തളർന്നിരുന്ന അവകാശം പൂർവസ്ഥിതിയിലാക്കി. അങ്ങയുടെ അജഗണം അതിലൊരു വാസസ്‌ഥലം കണ്ടെത്തി; ദൈവമേ, അങ്ങയുടെ നൻമയാൽ ദരിദ്രർക്ക് ആവശ്യമായതെല്ലാം അങ്ങു നല്കി.
ദൈവമേ, അങ്ങയുടെ നന്മയാൽ ദരിദ്രർക്ക് ആവശ്യമായതെല്ലാം അങ്ങു നല്കി.

രണ്ടാം വായന:

ഹെബ്രായർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (12:18-19, 22-24)
(സീയോൻ പർവതത്തിന്റെയും സജീവ ദൈവത്തിന്റെ നഗരത്തിന്റെയും സമീപത്തു നിങ്ങൾ വന്നിരിക്കുന്നു)
സഹോദരരേ, സ്‌പർശിക്കാവുന്ന വസ്‌തുവിനെയോ എരിയുന്ന അഗ്നിയെയോ അന്‌ധകാരത്തെയോ കാർമേഘത്തെയോ ചുഴലിക്കാറ്റിനെയോ കാഹളധ്വനിയെയോ ഇനി അരുതേ എന്ന് കേട്ടവരെക്കൊണ്ടു പറയിക്കുന്ന വാക്കുകളുടെ മുഴക്കത്തെയോ അല്ല നിങ്ങൾ സമീപിക്കുന്നത്. സീയോൻമലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വർഗീയ ജറുസലേമിലേക്കും അസംഖ്യം ദൂതൻമാരുടെ സമൂഹത്തിലേക്കുമാണു നിങ്ങൾ വന്നിരിക്കുന്നത്. സ്വർഗത്തിൽ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുൻപിലേക്കും പരിപൂർണരാക്കപ്പെട്ട നീതിമാൻമാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായ യേശുവിന്റെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്‌ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങൾ വന്നിരിക്കുന്നത്.

സുവിശേഷം പ്രഘോഷണ വാക്യം (Mt. 11 : 29ab)

അല്ലേലൂയാ !
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ-അല്ലേലൂയാ!

സുവിശേഷം


ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (14: 1,7-14)
(തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും)
ഒരു സാബത്തിൽ യേശു ഫരിസേയപ്രമാണികളിൽ ഒരുവന്റെ വീട്ടിൽ ഭക്ഷണത്തിനുപോയി. അവർ അവനെ ശ്രദ്‌ധിച്ചുകൊണ്ടിരുന്നു. ക്ഷണിക്കപ്പെട്ടവർ പ്രമുഖസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാൽ, പ്രമുഖസ്‌ഥാനത്തു കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നെക്കാൾ ബഹുമാന്യനായ ഒരാളെ അവൻ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവൻ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോൾ നീ ലജ്‌ജിച്ച്, അവസാനത്തെ സ്‌ഥാനത്തുപോയി ഇരിക്കും. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോൾ അവസാനത്തെ സ്‌ഥാനത്തുപോയി ഇരിക്കുക. ആതിഥേയൻ വന്നു നിന്നോട്, സ്നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നു പറയും. അപ്പോൾ നിന്നോടുകൂടെ ഭക്‌ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്ത്വമുണ്ടാകും. തന്നത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. തന്നെ ക്ഷണിച്ചവനോടും അവൻ പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോൾ നിന്റെ സ്നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്ക്കാരെയോ വിളിക്കരുത്. ഒരു പക്ഷേ, അവർ നിന്നെ പകരം ക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും. എന്നാൽ, നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാൽ, പകരം നല്കാൻ അവരുടെ പക്കൽ ഒന്നുമില്ല. നീതിമാൻമാരുടെ ഉത്ഥാനത്തിൽ നിനക്കു പ്രതിഫലം ലഭിക്കും.
കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

support@preigo.com

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.