സ്വന്തം ലേഖകൻ
തിരുപുറം: ഛത്തീസ്ഗഡിലെ ദുർഗിൽ ട്രെയിൻ യാത്ര ചെയ്യുകയായിരുന്ന മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരുടെ നേരെ തീവ്ര ഹിന്ദു സംഘടനയായ ബജ്‌റംഗ്ദൾ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും സന്ന്യസ്തരെ ബന്ദിയാക്കുകയും തുടർന്ന് നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് സന്ന്യസ്തരെ ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രേതിഷേധിച്ച് തിരുപുറം ഇടവകകുടുംബം പ്രതിഷേധ റാലി നടത്തി.
തിരുപുറം ഇടവക വികാരി ഫാ.ജിബിൻ രാജ് ദിവ്യബലിക്കു ശേഷം ഉദ്ഘാടനം ചെയ്ത പ്രതിഷേധ റാലിയിൽ ഇരുന്നൂറോളം വിശ്വാസികളും ഉർസുലൈൻ സന്ന്യാസികളും പങ്കെടുത്തു. വിവിധ ഭക്തസംഘടനകളുടെയും കെ.എൽ.സി.എ, കെ.സി.വൈ.എം തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും റാലിയിൽ അണിചേർന്നു. ബി.സി.സി. കോർഡിനേറ്റർ അനിൽ കുമാർ, പാരീഷ് കൗൺസിൽ സെക്രട്ടറി ഗ്രീഗറി തുടങ്ങിയവർ റാലിക്ക് ക്രമീകരണ നേതൃത്വം നൽകി.
നീതി നടപ്പിലാക്കണം എന്നത് ഞങ്ങളുടെ മൗലീക അവകാശമാണെന്നും, പീഡനം കൊണ്ട് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനാകില്ലെന്നും, പീഡനം ഞങ്ങൾക്ക് പുതുമയല്ലെന്നും, ക്രൂശിലേറിയവനാണ് ഞങ്ങടെ വഴികാട്ടിയെന്നും വിശ്വാസികൾ റാലിയിലുടനീളം പ്രഘോഷിച്ചു.




