സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ഇടവക വികാരിമാരുടെ മധ്യസ്ഥനായ വിശുദ്ധ മരിയ വിയാനിയുടെ തിരുനാൾ ദിനം ആചരിച്ചു. ഓഗസ്റ്റ് 01 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമികനായി വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ വചനസന്ദേശം നൽകി.
ദിവ്യബലിയെ തുടർന്ന് നെയ്യാറ്റിൻകര രൂപത ബിഷപ്പ് അഭിവന്ദ്യ സെൽവരാജൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന മോൺ.ക്രിസ്തുദാസ് തോംസൻ, ഫാ.സജി മാത്യു പുഞ്ചാൽ, ഫാ.കുര്യൻ ആലുങ്കൽ OCD, 75-ാം ജന്മദിനം ആഘോഷിക്കുന്ന രൂപത ശുശ്രുഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ്ലിൻ എന്നിവരെ ആദരിച്ചു.
സമ്മേളനത്തിൽ വൈദിക സെനറ്റ് സെക്രട്ടറി ഫാ.ജോയ് മത്യാസ്, വൈദികരുടെ കുടുംബാംഗങ്ങളുടെ പ്രതിനിധിയായി ശ്രീ. അനിൽ ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിന് ബോർഡ് ഫോർ ക്ലർജി ആൻഡ് റിലീജിയസ് ഡയറക്ടർ ഫാ. അലോഷ്യസ് സത്യനേശൻ സ്വഗതവും രൂപത ചാൻസിലർ ഫാ.അനുരാജ് നന്ദിയും ആശംസിച്ചു.
രൂപതയിലെ ഭൂരിഭാഗം വൈദികരും അവരുടെ മാതാപിതാക്കളും സഹോദരങ്ങളും ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനി ദിനാഘോത്തിൽ പങ്കെടുത്തു. അഭിവന്ദ്യ പിതാക്കന്മാർ വൈദികരുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ജപമാല സമ്മാനമായി നൽകി. സ്നേഹ വിരുന്നോടുകൂടിയാണു പരിപാടികൾ സമാപിച്ചത്.




