Word of God

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ വചനവായന

ആഗസ്റ്റ് 02 ഞായർ

ഒന്നാം വായന

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്

(നിർധനൻ വന്ന് വാങ്ങി ഭക്ഷിക്കട്ടെ!)

കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ദാഹാർത്തരേ, ജലാശയത്തിലേക്കു വരുവിൻ. നിർധനൻ വന്ന് വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിന് പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേൾക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങൾ ആസ്വദിക്കുകയും ചെയ്യുക. എന്റെ അടുക്കൽ വന്ന് എന്റെ വാക്കു കേൾക്കുവിൻ. നിങ്ങൾ ജീവിക്കും; ഞാൻ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാൻ സ്‌ഥിരമായ സ്നേഹം കാട്ടും. കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

അവിടന്ന് കൈതുറന്ന് കൊടുക്കുന്നു; എല്ലാവരും സംതൃപ്തരാകുന്നു.

കർത്താവു കൃപാലുവും കരുണാമയനും ക്‌ഷമാശീലനും സ്നേഹസമ്പന്നനുമാണ്. കർത്താവ് എല്ലാവർക്കും നല്ലവനാണ്; തൻ്റെ സർവസൃഷ്‌ടിയുടെയുംമേൽ അവിടന്ന് കരുണ ചൊരിയുന്നു.

അവിടന്ന് കൈതുറന്ന് കൊടുക്കുന്നു; എല്ലാവരും സംതൃപ്തരാകുന്നു.

എല്ലാവരും അങ്ങിൽ ദൃഷ്‌ടി പതിച്ചിരിക്കുന്നു; അങ്ങ് അവർക്കു യഥാസമയം ആഹാരം കൊടുക്കുന്നു. അവിടന്ന് കൈതുറന്ന് കൊടുക്കുന്നു; എല്ലാവരും സംതൃപ്തരാകുന്നു.

അവിടന്ന് കൈതുറന്ന് കൊടുക്കുന്നു; എല്ലാവരും സംതൃപ്തരാകുന്നു.

കർത്താവിന്റെ വഴികൾ നീതിനിഷ്ഠവും അവിടത്തെ പ്രവൃത്തികൾ കൃപാപൂർണവുമാണ്. തന്നെ വിളിച്ചപേക്‌ഷിക്കുന്നവർക്ക്, ഹൃദയപരമാർഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക്, കർത്താവു സമീപസ്‌ഥനാണ്.

അവിടന്ന് കൈതുറന്ന് കൊടുക്കുന്നു; എല്ലാവരും സംതൃപ്തരാകുന്നു.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(ഒരു സൃഷ്ടിക്കും നമ്മുടെ കർത്താവായ, യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ കഴിയുകയില്ല)

സഹോദരരേ, ക്രിസ്‌തുവിന്റെ സ്നേഹത്തിൽനിന്ന് ആരു നമ്മെ വേർപെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇവയിലെല്ലാം നാം പൂർണവിജയം വരിക്കുന്നു. എന്തെന്നാൽ, മരണത്തിനോ ജീവനോ ദൂതൻമാർക്കോ അധികാരങ്ങൾക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവക്കോ ശക്തികൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

കർത്താവിന്റെ വചനം.
അല്ലേലൂയാ !

അല്ലേലൂയാ! (Mt. 4: 4b) മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിൻ്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടു മാണ് ജീവിക്കുന്നത്. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(എല്ലാവരും ഭക്ഷിച്ചു തൃപ്തിതരായി)

അക്കാലത്ത്, സ്നാപകയോഹന്നാന്റെ മരണത്തെപ്പറ്റി കേട്ടപ്പോൾ യേശു വഞ്ചിയിൽ കയറി, തനിച്ച് ഒരു വിജനസ്ഥലത്തേ ക്കുപോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളിൽനിന്നു കാല്നടയായി അവനെ പിന്തുടർന്നു. അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേൽ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവൻ സുഖപ്പെടുത്തി. സായാഹ്നമായപ്പോൾ ശിഷ്യൻമാർ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്‌ഥലമാണ്; നേരം വൈകിയുമിരിക്കുന്നു. ഗ്രാമങ്ങളിൽ പോയി തങ്ങൾക്കു ഭക്ഷണംവാങ്ങാൻ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക. എന്നാൽ യേശു പറഞ്ഞു: അവർ പോകേണ്ടതില്ല; നിങ്ങൾതന്നെ അവർക്കു ഭക്‌ഷണം കൊടുക്കുവിൻ. അവർ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ. അവൻ പറഞ്ഞു: അത് എന്റെ അടുത്തു കൊണ്ടുവരുക. അവൻ ജനക്കൂട്ടത്തോട് പുല്ത്തകിടിയിൽ ഇരിക്കാൻ കല്പ്‌പിച്ചതിനുശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവും എടുത്ത്, സ്വർഗത്തിലേക്കുനോക്കി, ആശീർവദിച്ച്, അപ്പം മുറിച്ച്, ശിഷ്യൻമാരെ ഏല്പിച്ചു. അവർ അത് ജനങ്ങൾക്കു വിളമ്പി. അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങൾ പന്ത്രണ്ടുകുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷ്‌ഷിച്ചവർ സ്ത്രീകളും കുട്ടികളുമൊഴികെ, അയ്യായിരത്തോളം പുരുഷൻമാർ ആയിരുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.