Word of God

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ വചനവായന

ജൂലൈ 05 ഞായർ

ഒന്നാം വായന

സഖറിയാ പ്രവാചകന്റെ പുസ്ത‌കത്തിൽനിന്ന്

(ഇതാ, വിനീതനായ നിൻ്റെ രാജാവ് നിൻ്റെ അടുക്കൽ വരുന്നു)

കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: സീയോൻ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ, ആർപ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു. ഞാൻ എഫ്രായിമിൽനിന്നു രഥത്തെയും ജറുസലെമിൽ നിന്നു പടക്കുതിരയെയും വിച്ഛേദിക്കും. പടവില്ല് ഞാൻ ഒടിക്കും. അവൻ ജനതകൾക്കു സമാധാനമരുളും. അവന്റെ ആധിപത്യം സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ ഭൂമി യുടെ അറ്റം വരെയും ആയിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും.

എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാൻ പുകഴ്ത്തും; ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും. അനുദിനം ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും.

ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും.

കർത്താവു കൃപാലുവും കരുണാമയനും ക്‌ഷമാശീലനും സ്നേഹസമ്പന്നനുമാണ്. കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവസൃഷ്‌ടിയുടെയുംമേൽ അവിടന്നു കരുണ ചൊരിയുന്നു.

ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും.

കർത്താവേ, അവിടത്തെ എല്ലാ സൃഷ്‌ടികളും അവിടത്തേക്കു കൃതജ്‌ഞതയർപ്പിക്കും; അങ്ങയുടെ വിശുദ്‌ധർ അങ്ങയെ വാഴ്ത്തും. അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും; അവിടത്തെ ശക്തി അവർ വർണിക്കും.

ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും.

കർത്താവു വാഗ്ദാനങ്ങളിൽ വിശ്വസ്‌തനും പ്രവൃത്തികളിൽ കാരുണ്യവാനുമാണ്. കർത്താവ് വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു.

ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ

ലേഖനത്തിൽനിന്ന്

(ശരീരത്തിൻ്റെ പ്രവണതകൾ ആത്മാവാൽ നിഹനിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും)

പ്രിയസഹോദരരേ, ദൈവത്തിന്റെ ആത്‌മാവ് യഥാർഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിൻെറ ആത്‌മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവൻ ആത്മാവ് നിങ്ങളിൽ വസിക്കുന്നുണ്ടെങ്കിൽ, യേശുക്രിസ്തവിനെ ഉയിർപ്പിച്ചവൻ നിങ്ങളുടെ മർത്ത്യശരീരങ്ങൾക്കും നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവാൽ ജീവൻ പ്രദാനം ചെയ്യും. ആകയാൽ, സഹോദരരേ, ജഡികപ്രവണതകൾക്കനുസരിച്ചു ജീവിക്കാൻ നാം ജഡത്തിനു കടപ്പെട്ടവരല്ല. ജഡികരായി ജീവിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും മരിക്കും
എന്നാൽ, ശരീരത്തിന്റെ പ്രവണതകൾ ആത്മാവാൽ നിഹനിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും.

കർത്താവിന്റെ വചനം.

അല്ലേലൂയാ !

അല്ലേലൂയാ! (Mt. 15: 25) സ്വർഗത്തിൻ്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഞാൻ ശാന്തശീലനും വിനീതഹൃദയനുമത്രേ)

അക്കാലത്ത്, യേശു ഉദ്‌ഘോഷിച്ചു: സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാൻമാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിൻെറ തിരുവുള്ളം. സർവവും എന്റെ പിതാവ് എന്നെ ഏലിപിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തിക്കൊടുക്കാൻ മനസ്‌സാകുന്നുവോ അവനുമല്ലാതെ, മറ്റാരും പിതാവിനെയും അറിയുന്നില്ല. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം-ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.