Word of God

ആണ്ടുവട്ടത്തിലെ ഇരുപത്താറാം ഞായർ വചനവായന

സെപ്റ്റംബർ 27 ഞായർ

ഒന്നാം വായന

എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ദുഷ്‌ടൻ താൻ പ്രവർത്തിച്ചിരുന്ന തിന്മയിൽനിന്നു പിന്തിരിഞ്ഞാൽ അവൻ തൻ്റെ ജീവൻ രക്ഷിക്കും)

കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: കർത്താവിന്റെ വഴി നീതിപൂർവകമല്ല എന്നു നിങ്ങൾ പറയുന്നു. ഇസ്രായേൽ ഭവനമേ, കേൾക്കുക. എന്റെ വഴി നീതിപൂർവകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്തത്? നീതിമാൻ തന്റെ നീതിമാർഗം വെടിഞ്ഞ് തിൻമ പ്രവർത്തിച്ചാൽ ആ തിൻമകൾ നിമിത്തം അവൻ മരിക്കും; അവൻ ചെയ്‌ത അകൃത്യങ്ങൾ നിമിത്തം അവൻ മരിക്കും. ദുഷ്‌ടൻ താൻ പ്രവർത്തിച്ചിരുന്ന തിൻമയിൽനിന്നു പിന്തിരിഞ്ഞ് നീതിയും ന്യായവും പാലിച്ചാൽ അവൻ തന്റെ ജീവൻ രക്‌ഷിക്കും. താൻ പ്രവർത്തിച്ചിരുന്ന തിൻമകൾ മനസ്‌സിലാക്കി അവയിൽനിന്നു പിൻമാറിയതിനാൽ അവൻ തീർച്ചയായും ജീവിക്കും; അവൻ മരിക്കുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!

കർത്താവേ, അങ്ങയുടെ മാർഗങ്ങൾ എനിക്കു മനസ്സിലാക്കിത്തരണമേ! അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ!എന്തെന്നാൽ, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കുവേണ്ടി ദിവസം മുഴുവൻ ഞാൻ കാത്തിരിക്കുന്നു.

കർത്താവേ, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!

കർത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്‌തതയും അനുസ്‌മരിക്കണമേ! എൻ്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓർക്കരുതേ! കർത്താവേ, അങ്ങയുടെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി കരുണാപൂർവം എന്നെ അനുസ്മരിക്കണമേ!

കർത്താവേ, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!

കർത്താവു നല്ലവനും നീതിമാനുമാണ്. പാപികൾക്ക് അവിടന്നു നേർവഴി കാട്ടുന്നു. എളിയവരെ അവിടന്നു നീതിമാർഗത്തിൽ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

കർത്താവേ, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ)

(സഹോദരരേ, ക്രിസ്‌തുവിൽ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തിൽനിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കിൽ നിങ്ങൾ ഒരേ കാര്യം ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തിൽ വർത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായിഎന്റെ സന്തോഷം പൂർണമാക്കുവിൻ. മാത്സര്യമോ വ്യർഥാഭിമാനമോ മൂലം നിങ്ങൾ ഒന്നും ചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മ‌യോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാൽ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ). ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ അതെ കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.

കർത്താവിന്റെ വചനം.

(ബ്രാക്കറ്റിൽ ഉള്ളത് ഹസ്വരൂപം)

അല്ലേലൂയാ !

അല്ലേലൂയാ! (Jn. 10 : 27) കർത്താവ് അരുൾചെയ്യുന്നു: എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവൻ അനുതപിച്ചു. ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്കുമുമ്പേ സ്വർഗരാജ്യത്തിൽ പ്രവേശിക്കുക)

അക്കാലത്ത്, യേശു പ്രധാനാചാര്യന്മാരോടും പ്രമാണികളോടും ചോദിച്ചു: നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രൻമാരുണ്ടായിരുന്നു. അവൻ ഒന്നാമൻ അടുത്തു ചെന്നു പറഞ്ഞു: മകനേ, പോയി ഇന്ന് മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യുക. ‘ഞാൻ പോകാം’ എന്ന് അവൻ പറഞ്ഞു; എങ്കിലും പോയില്ല. അവൻ രണ്ടാമൻ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, ‘എനിക്കു മനസ്‌സില്ല’ എന്നു പറഞ്ഞു; എങ്കിലും പിന്നീടു മനസ്സുമാറ്റി അവൻ പോയി. ഈ രണ്ടു പേരിൽ ആരാണ് പിതാവിൻെറ ഇഷ്‌ടം നിറവേറ്റിയത്? അവർ പറഞ്ഞു: രണ്ടാമൻ. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്കു മുമ്പേ സ്വർഗരാജ്യത്തിൽ പ്രവേശിക്കുക. എന്തെന്നാൽ, യോഹന്നാൻ നീതിയുടെ മാർഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങൾ അവനിൽ വിശ്വസിച്ചില്ല. എന്നാൽ ചുങ്കക്കാരും വേശ്യകളും അവനിൽ വിശ്വസിച്ചു. നിങ്ങൾ അതു കണ്ടിട്ടും അവനിൽ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.