ജൂൺ 23 ചൊവ്വ
ഒന്നാം വായന
രാജാക്കൻമാരുടെ രണ്ടാം പുസ്തകത്തിൽനിന്ന്
(എനിക്കും എന്റെ ദാസനായ ദാവീദിനുംവേണ്ടി ഞാൻ ഈ നഗരം പ്രതിരോധിച്ചു രക്ഷിക്കും)
അക്കാലത്ത്, അസ്സീറിയാ രാജാവായ സെന്നാക്കെരീബ് ദൂതൻമാരെ അയച്ച് യൂദാരാജാവായ ഹെസക്കിയായോട് ഇങ്ങനെ പറയണമെന്നു കല്പിച്ചു: ജറുസലേം, അസ്സീറിയാ രാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടുകയില്ലെന്നു വാഗ്ദാനം ചെയ്ത്, നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാനനുവദിക്കരുത്. എല്ലാ രാജ്യങ്ങളെയും തീർത്തും നശിപ്പിക്കുന്ന അസീറിയാ രാജാക്കൻമാരുടെ പ്രവൃത്തികൾ നീ കേട്ടിട്ടില്ലേ? പിന്നെ നീ ഒഴിവാക്കപ്പെടുമോ?
ഹെസക്കിയാ ദുതൻമാരുടെ കൈയിൽനിന്നു കത്തുവാങ്ങി വായിച്ചു. അവൻ കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ച് അത് അവിടത്തെ മുൻപിൽ വച്ചു. അവൻ കർത്താവിൻ്റെ മുൻപിൽ പ്രാർഥിച്ചു: ഇസ്രായേലിൻെറ ദൈവമായ കർത്താവേ, കെരൂബുകളുടെ മുകളിൽ സിംഹാസനസ്ഥനായിരിക്കുന്ന അവിടന്നാണ് ദൈവം; അവിടന്നു മാത്രമാണ് ഭൂമിയിലെ രാജ്യങ്ങൾക്കെല്ലാം ദൈവം. അങ്ങ് ആകാശവും ഭൂമിയും സൃഷ്ടിച്ചു. കർത്താവേ, ചെവിക്കൊള്ളണമേ! കർത്താവേ, കടാക്ഷിക്കണമേ! ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കാൻ സെന്നാക്കെരിബ് പറഞ്ഞയച്ച വാക്കു കേട്ടാലും! കർത്താവേ, അസ്സീറിയാ രാജാക്കൾ ജനതകളെയും അവരുടെ ദേശങ്ങളെയും സത്യമായും ശൂന്യമാക്കിയിരിക്കുന്നു. അവരുടെ ദേവൻമാരെ അഗ്നിയിലെറിഞ്ഞിരിക്കുന്നു. അവ ദൈവമായിരുന്നില്ല; മരത്തിലും കല്ലിലും മനുഷ്യർ പണിതുണ്ടാക്കിയവയായിരുന്നു. അതിനാൽ, അവ നശിച്ചു. ഞങ്ങളുടെ ദൈവമായ കർത്താവേ, അവന്റെ കൈയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ, അങ്ങു മാത്രമാണു ദൈവമെന്ന് ഭൂമിയിലെ ജനതകൾ അറിയട്ടെ!
ആമോസിന്റെ പുത്രനായ ഏശയ്യാ ഹെസക്കിയായ്ക്ക് ഈ സന്ദേശമയച്ചു: ഇസ്രായേലിൻെറ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. അസ്സീറിയാ രാജാവായ സെന്നാക്കെരിബിനെക്കുറിച്ചു നീ ചെയ്ത പ്രാർഥന ഞാൻ കേട്ടിരിക്കുന്നു. അവനെക്കുറിച്ച് കർത്താവ് ഇങ്ങനെ അരുൾചെയ്യുന്നു: ജറുസലെമിൽ നിന്ന് ഒരു അവശിഷ്ടഭാഗവും സീയോൻമലയിൽനിന്ന് അതി ജീവിക്കുന്നവരുടെ ഒരു ഗണവും പുറപ്പെടും. കർത്താവിന്റെ തീക്ഷണത ഇത് നിർവഹിക്കും. അസ്സീറിയാരാജാവിനെക്കുറിച്ചു കർത്താവ് അരുൾചെയ്യുന്നു, അവൻ ഈ നഗരത്തിൽ പ്രവേശിക്കുകയോ ഇവിടെ അസ്ത്രം എയ്യുകയോ പരിചധരിച്ച് ഇവിടെ വരുകയോ നഗരത്തിനെതിരേ ഉപരോധം നിർമിക്കുകയോ ചെയ്യുകയില്ല. അവൻ നഗരത്തിൽ പ്രവേശിക്കാതെ, വന്ന വഴിയേ മടങ്ങുമെന്ന് കർത്താവ് അരുൾചെയ്യുന്നു. എനിക്കും എന്റെ ദാസനായ ദാവീദിനുംവേണ്ടി ഞാൻ ഈ നഗരം പ്രതിരോധിച്ചു രക്ഷിക്കും.അന്നുരാത്രി കർത്താവിന്റെ ദൂതൻ അസ്സീറിയാ പാളയത്തിൽ കടന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം പേരെ വധിച്ചു. പ്രഭാതത്തിൽ ആളുകൾ ഉണർന്നപ്പോൾ ഇവർ ജഡമായി മാറിയിരിക്കുന്നതു കണ്ടു. പിന്നെ അസ്സീറിയാരാജാവായ സെന്നാക്കെരിബ് അവിടെനിന്ന് നിനെവേയിലേക്കു പോയി, അവിടെ താമസിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവം എന്നേക്കുമായി തന്റെ നഗരം സുസ്ഥിരമാക്കിയിരിക്കുന്നു.
കർത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ അത്യന്തം സ്തുത്യർഹനുമാണ്. ഉയർന്നു മനോഹരമായ അവിടത്തെ വിശുദ്ധഗിരി ഭൂമി മുഴുവൻ്റെയും സന്തോഷമാണ്.
ദൈവം എന്നേക്കുമായി തന്റെ നഗരം സുസ്ഥിരമാക്കിയിരിക്കുന്നു.
അങ്ങു വടക്കുള്ള സീയോൻ പർവതം ഉന്നതനായ രാജാവിന്റെ നഗരമാണ്. അതിന്റെ കോട്ടകൾക്കുള്ളിൽ ദൈവം സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
ദൈവം എന്നേക്കുമായി തന്റെ നഗരം സുസ്ഥിരമാക്കിയിരിക്കുന്നു.
ദൈവമേ, അങ്ങയുടെ ആലയത്തിൽ ഞങ്ങൾ അങ്ങയുടെ കാരുണ്യം ധ്യാനിച്ചു. ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെ അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുക ളോളം എത്തുന്നു; അവിടത്തെ വലംകൈ വിജയംകൊണ്ടുനിറഞ്ഞിരിക്കുന്നു.
ദൈവം എന്നേക്കുമായി തന്റെ നഗരം സുസ്ഥിരമാക്കിയിരിക്കുന്നു.
അല്ലേലുയാ !
അല്ലേലൂയാ! (യോഹ 8 : 12). കർത്താവ് അരുൾ ചെയ്യുന്നു: ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു. വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞ് നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം.
മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്ര ഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ. ഇതാണു നിയമവും പ്രവാചകൻമാരും. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ; വിനാശത്തിലേക്കു നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവർ വളരെയാണുതാനും. എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ, ചുരുക്കം.




