ജൂൺ 26 വെള്ളി
ഒന്നാം വായന
രാജാക്കൻമാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന്
(യൂദാ നാടുകടത്തപ്പെട്ടു)
സെദെക്കിയായുടെ ഒൻപതാം ഭരണവർഷം പത്താം മാസം പത്താംദിവസം ബാബിലോൺ രാജാവായ നബുക്കദ്‌നേസർ സകല സൈന്യങ്ങളോടും കൂടെവന്ന് ജറുസലെമിനെ ആക്രമിച്ച്, ചുറ്റും ഉപരോധമേർപ്പെടുത്തി. സെദെക്കിയായുടെ പതിനൊന്നാം ഭരണവർഷം വരെ നഗരം ഉപരോധിക്കപ്പെട്ടുകിടന്നു. നാലാംമാസം ഒൻപതാംദിവസം നഗരത്തിൽ ക്‌ഷാമം വളരെ രൂക്ഷമായി. ജനത്തിന് ഭക്ഷിക്കാനൊന്നുമുണ്ടായിരുന്നില്ല. കല്‌ദായർ നഗരം വളഞ്ഞിരുന്നെങ്കിലും കോട്ടയിൽ പിളർപ്പുണ്ടാക്കി, രാജാവും പടയാളികളും രാജകീയോദ്യാനത്തിനടുത്തുള്ള രണ്ടു ചുമരുകൾക്കിടയിലുള്ള വാതിലിലൂടെ രാത്രി പലായനം ചെയ്‌തു. അരാബായെ ലക്ഷ്യമാക്കിയാണ് അവർ പോയത്. എന്നാൽ, കല്‌ദായ സൈന്യം രാജാവിനെ അനുധാവനം ചെയ്‌ത് ജറീക്കോ സമതലത്തിൽ വച്ചു മറികടന്നു. അപ്പോൾ അവന്റെ പടയാളികൾ ചിതറിപ്പോയി. കല്ദായർ രാജാവിനെ പിടിച്ച് റിബ്‌ലായിൽ ബാബിലോൺ രാജാവിന്റെ അടുത്തു കൊണ്ടുവന്നു. അവൻ സെദെക്കിയായുടെമേൽ വിധിപ്രസ്‌താവിച്ചു. പുത്രൻമാരെ അവൻ്റെ കൺമുൻപിൽ വച്ചു നിഗ്രഹിച്ചു. അവനെ, കണ്ണുകൾ ചൂഴ്ന്നടുത്തതിനു ശേഷം, ചങ്ങലകൊണ്ടു ബന്‌ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.ബാബിലോൺ രാജാവായ നബുക്കദ്നേസറിൻ്റെ പത്തൊൻപതാം ഭരണവർഷം അഞ്ചാംമാസം ഏഴാംദിവസം അവൻെറ അംഗ രക്ഷകൻമാരുടെ നായകനായ ദാസൻ നബുസരദാൻ ജറുസലേമിൽ വന്നു. അവിടെ കർത്താവിന്റെ ആലയവും രാജകൊട്ടാരവും ജറുസലേമിലെ വീടുകളും അഗ്നിക്കിരയാക്കി; മാളികകൾ കത്തിചാമ്പലായി. അവനോടുകൂടെ ഉണ്ടായിരുന്ന കല്ദായ സൈന്യം ജറുസലേമിനു ചുറ്റുമുള്ള കോട്ട തകർത്തു. നഗരത്തിൽ അവശേഷിച്ചിരുന്ന ജനത്തെയും ബാബിലോൺ രാജാവിനോടു കുറു പ്രഖ്യാപിച്ചവരെയും അവശേഷിച്ചിരുന്ന കരകൗശലക്കാരെയും നബുസരദാൻ തന്നോടു കൂടെക്കൊണ്ടുപോയി. അതി ദരിദ്രരായ ചിലരെ ഉഴവുകാരായും മുന്തിരിത്തോട്ടപ്പണിക്കാരായും അവിടെത്തന്നെ നിയോഗിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ജറുസലേമിനെ ഞാൻ ഓർക്കുന്നില്ലെങ്കിൽ, എന്റെ നാവ് അണ്ണാക്കിൽ ഒട്ടിപ്പോകട്ടെ!
ബാബിലോൺ നദികളുടെ തീരത്തിരുന്നു സീയോനെയോർത്തു ഞങ്ങൾ കരഞ്ഞു. അവിടെയുള്ള അലരിവൃക്ഷങ്ങളിൽ ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു.
ജറുസലേമിനെ ഞാൻ ഓർക്കുന്നില്ലെങ്കിൽ, എന്റെ നാവ് അണ്ണാക്കിൽ ഒട്ടിപ്പോകട്ടെ!
ഞങ്ങളെ തടവിലാക്കിയവർ അവിടെവച്ചു പാട്ടുപാടാൻ ഞങ്ങളോട് ആവശ്യപ്പെട്ടു; ഞങ്ങളുടെ മർദകർ സീയോനെക്കുറിച്ചുളള ഗീതങ്ങൾ ആലപിച്ച് തങ്ങളെ രസിപ്പിക്കാൻ ഞങ്ങളോടു പറഞ്ഞു.
ജറുസലേമിനെ ഞാൻ ഓർക്കുന്നില്ലെങ്കിൽ, എന്റെ നാവ് അണ്ണാക്കിൽ ഒട്ടിപ്പോകട്ടെ!
വിദേശത്തു ഞങ്ങൾ എങ്ങനെ കർത്താവിൻ്റെ ഗാനം ആലപിക്കും? ജറുസലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ, എന്റെ വലത്തുകൈ എന്നെ മറക്കട്ടെ!
ജറുസലേമിനെ ഞാൻ ഓർക്കുന്നില്ലെങ്കിൽ, എന്റെ നാവ് അണ്ണാക്കിൽ ഒട്ടിപ്പോകട്ടെ!
നിന്നെ ഞാൻ ഓർക്കുന്നില്ലെങ്കിൽ, ജറുസലേമിനെ എന്റെ ഏറ്റവും വലിയ സന്തോഷത്തെക്കാൾ വിലമതിക്കുന്നില്ലെങ്കിൽ, എന്റെ നാവ് അണ്ണാക്കിൽ ഒട്ടിപ്പോകട്ടെ!
ജറുസലേമിനെ ഞാൻ ഓർക്കുന്നില്ലെങ്കിൽ, എന്റെ നാവ് അണ്ണാക്കിൽ ഒട്ടിപ്പോകട്ടെ!
അല്ലേലൂയാ !
അല്ലേലൂയാ! (മത്താ 8 : 17). ക്രിസ്‌തു നമ്മുടെ ബലഹീനത കൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അങ്ങേക്കു മനസ്‌സുണ്ടെങ്കിൽ എന്നെ ശുദ്‌ധനാക്കാൻ കഴിയും)
അക്കാലത്ത്, യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. അപ്പോൾ ഒരു കുഷ്ഠ രോഗി അടുത്തുവന്ന് താണുവണങ്ങിപ്പറഞ്ഞു: കർത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കിൽ എന്നെ ശുദ്‌ധനാക്കാൻ കഴിയും. യേശു കൈനീട്ടി അവനെ സ്‌പർശിച്ചുകൊണ്ട്, അരുൾചെയ്തു: എനിക്കു മനസ്‌സുണ്ട്, നിനക്കു ശുദ്‌ധിവരട്ടെ. തത്‌ക്‌ഷണം കുഷ്‌ഠം മാറി അവനു ശുദ്‌ധിവന്നു. യേശു അവനോടു പറഞ്ഞു: നീ ഇത് ആരോടും പറയരുത്. പോയി നിന്നത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ള കാഴ്ച ജനത്തിന്റെ സാക്‌ഷ്യത്തിനായി സമർപ്പിക്കുകയും ചെയ്യുക.



