Word of God

ആണ്ടുവട്ടം പന്ത്രണ്ടാം വാരം തിങ്കൾ വചനവായന

ജൂൺ 22 തിങ്കൾ

ഒന്നാം വായന

രാജാക്കൻമാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന്

(കർത്താവ് ഇസ്രായേലിനെ തൻ്റെ കൺമുമ്പിൽനിന്നു നീക്കിക്കളഞ്ഞു.യൂദാഗോത്രമല്ലാതെ ഒന്നും അവശേഷിച്ചില്ല)

അക്കാലത്ത്, അസ്‌സീറിയാരാജാവ് രാജ്യം ആക്രമിക്കുകയും സമരിയായിൽവന്ന് മൂന്നു കൊല്ലത്തേക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്‌തു. ഹോസിയായുടെ ഒൻപതാം ഭരണ വർഷം അസ്‌സീറിയാരാജാവ് സമരിയാ അധീനമാക്കി. ഇസ്രായേല്യരെ അസ്‌സീറിയായിലേക്കു കൊണ്ടുപോയി ഹാലായിലും ഗോസാനിലെ ഹാബോർനദീതീരത്തും മെദിയാനഗരങ്ങളിലും പാർപ്പിച്ചു.

ഇങ്ങനെ സംഭവിച്ചതിനു കാരണമിതാണ്. തങ്ങളെ ഈജിപ്തിൽനിന്ന്, ഫറവോരാജാവിൻ്റെ അടിമത്തത്തിൽനിന്ന് മോചിച്ച തങ്ങളുടെ ദൈവമായ കർത്താവിനെതിരേ ഇസ്രായേൽജനം പാപം ചെയ്തു‌; അവർ അന്യദേവൻമാരോടു ഭക്ത്യാദരങ്ങൾ കാണിക്കുകയും കർത്താവ് ഇസ്രായേൽജനത്തിന്റെ മുൻപിൽനിന്ന് ഉച്ചാടനംചെയ്ത‌ ജനതകളുടെ ആചാരങ്ങളിലും ഇസ്രായേൽരാജാക്കൻമാർ ആവിഷ്കരിച്ച അനുഷ്‌ഠാനങ്ങളിലും വ്യാപരിക്കുകയും ചെയ്തു.

കർത്താവ് പ്രവാചകൻമാരെയും ദീർഘദർശികളെയും അയച്ച്, ഇസ്രായേലിനും യൂദായ്ക്കും ഇപ്രകാരം മുന്നറിയിപ്പു നല്കിയിരുന്നു: നിങ്ങളുടെ പിതാക്കൻമാരോടു ഞാൻ കല്പിക്കുകയും എന്റെ ദാസൻമാരായ പ്രവാചകരിലൂടെ അറിയിക്കുകയും ചെയ്ത നിയമങ്ങൾ അനുസരിച്ച് ദുർമാർഗങ്ങളിൽനിന്ന് പിൻമാറുകയും എന്റെ കല്‌പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിൻ. അവർ അതു വകവച്ചില്ല. ദൈവമായ കർത്താവിൽ വിശ്വസിക്കാതിരുന്ന തങ്ങളുടെ പിതാക്കൻമാരെപ്പോലെ അവർ ദുശ്‌ശാഠ്യക്കാരായിരുന്നു. തങ്ങളുടെ പിതാക്കൻമാർക്ക് അവിടന്നു നല്കിയ കല്‌പനകളും ഉടമ്പടിയും തങ്ങൾക്കു ലഭിച്ച മുന്നറിയിപ്പുകളും അവർ അവഗണിച്ചു. അതിനാൽ, കർത്താവ് ഇസ്രായേലിന്റെ നേരേ ക്രുദ്‌ധനായി അവരെ തന്റെ കൺമുൻപിൽനിന്നു നീക്കിക്കളഞ്ഞു. യൂദാഗോത്രമല്ലാതെ ഒന്നും അവശേഷിച്ചില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, ഞങ്ങളുടെ പ്രാർഥനകേട്ട് അങ്ങയുടെ വലത്തുകൈയാൽ ഞങ്ങളെ രക്ഷിക്കണമേ!

ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധനിരകൾ തകർത്തു; അവിടുന്നു കുപിതനായിരുന്നു; ഞങ്ങളെ കടാക്ഷിക്കണമേ!

കർത്താവേ, ഞങ്ങളുടെ പ്രാർഥനകേട്ട് അങ്ങയുടെ വലത്തുകൈയാൽ ഞങ്ങളെ രക്ഷിക്കണമേ!

അവിടന്നു ഭൂമിയെ വിറപ്പിച്ചു, അവിടന്ന് അതിനെ പിളർന്നു. അതിന്റെ വിള്ളലുകൾ നികത്തണമേ! അത് ഇടിഞ്ഞുവീഴാറായിരിക്കുന്നു. അങ്ങു സ്വന്തം ജനത്തെ കഠിനയാതനയ്ക്ക് ഇരയാക്കി; അവിടന്ന് ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു.

കർത്താവേ, ഞങ്ങളുടെ പ്രാർഥനകേട്ട് അങ്ങയുടെ വലത്തുകൈയാൽ ഞങ്ങളെ രക്ഷിക്കണമേ!

ദൈവമേ, അങ്ങ് ഞങ്ങളെ പരിത്യജിച്ചില്ലേ? അങ്ങ് ഞങ്ങളുടെ സൈന്യത്തോടൊപ്പം ഇല്ലല്ലോ. ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! മനുഷ്യന്റെ സഹായം വ്യർഥമാണ്.

കർത്താവേ, ഞങ്ങളുടെ പ്രാർഥനകേട്ട് അങ്ങയുടെ വലത്തുകൈയാൽ ഞങ്ങളെ രക്ഷിക്കണമേ!

അല്ലേലൂയാ !

അല്ലേലൂയാ! (ഹെബ്രാ 4 :12). ദൈവത്തിൻ്റെ വചനം സജീവവും ഊർജ്ജസ്വലവുമാണ്. ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ആദ്യം സ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാറ്റുക)

അക്കാലത്ത്, യേശു തന്റെ ശിഷ്യൻമാരോട് അരുൾചെയ്തു: വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങൾക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവാ, നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽനിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെപറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽ നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്‌ച തെളിയും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.