Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തൊമ്പതാം ഞായർ ഒക്‌ടോബർ – 19 വചന വായന

ഒന്നാം വായന

പുറപ്പാടിൻ്റെ പുസ്‌തകത്തിൽനിന്ന് (17 : 8 – 13)

(മോശ കരങ്ങളുയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം, ഇസ്രായേല്യർ വിജയം വരിച്ചുകൊണ്ടിരുന്നു)

അമലേക്യർ റഫിദീമിൽ വന്ന് ഇസ്രായേല്ക്കാരെ ആക്രമിച്ചു. അപ്പോൾ മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായി യുദ്‌ധത്തിനു പുറപ്പെടുക. ഞാൻ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്ത് മലമുകളിൽ നില്ക്കും. മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായി യുദ്‌ധം ചെയ്തു‌തു. മോശ, അഹറോൻ, ഹൂർ എന്നിവർ മലമുകളിൽ കയറിനിന്നു. മോശ കരങ്ങളുയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം, ഇസ്രായേൽ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങൾ താഴ്ത്തിയപ്പോൾ അമലേക്യർക്കായിരുന്നു വിജയം. മോശയുടെ കൈകൾ കുഴഞ്ഞു. അപ്പോൾ അവർ ഒരു കല്ലു നീക്കിയിട്ടുകൊടുത്തു. മോശ അതിൻമേൽ ഇരുന്നു. അഹറോനും ഹുറും അവന്റെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്‌തമയംവരെ അവന്റെ കൈകൾ ഉയർന്നുതന്നെ നിന്നു. ജോഷ്വ അമലേക്കിനെയും അവന്റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (121 : 1-2, 3-4, 5-6, 7-8)

ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്നത്രേ നമുക്കു സഹായം ലഭിക്കുന്നത്.

പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു;
എനിക്കു സഹായം എവിടെ നിന്നു വരും?
എനിക്കു സഹായം കർത്താവിൽനിന്നു വരുന്നു;
ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്ന്.

ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്നത്രേ നമുക്കു സഹായം ലഭിക്കുന്നത്.

നിന്റെ കാൽ വഴുതാൻ അവിടന്നു സമ്മതിക്കുകയില്ല;
നിന്നെ കാക്കുന്നവൻ ഉറക്കംതൂങ്ങുകയില്ല.
ഇസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല;
ഉറങ്ങുകയുമില്ല.

ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്നത്രേ നമുക്കു സഹായം ലഭിക്കുന്നത്.

കർത്താവാണു നിന്റെ കാവല്ക്കാരൻ;
നിനക്കു തണലേകാൻ അവിടന്നു നിന്റെ വലത്തുഭാഗത്തുണ്ട്.
പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല.

ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്നത്രേ നമുക്കു സഹായം ലഭിക്കുന്നത്.

സകല തിൻമകളിലുംനിന്ന് കർത്താവ് നിന്നെ കാത്തുകൊള്ളും;
അവിടന്ന് നിന്റെ ജീവൻ സംരക്ഷിക്കും.
കർത്താവ് നിന്റെ വ്യാപാരങ്ങൾ ഇന്നുമെന്നേക്കും കാത്തുകൊള്ളും.

ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്നത്രേ നമുക്കു സഹായം ലഭിക്കുന്നത്.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ
രണ്ടാം ലേഖനത്തിൽനിന്ന് (3 : 14 4:2)

(ദൈവഭക്തനായ മനുഷ്യൻ പൂർണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്‌തനാവുകയും ചെയ്യുന്നു)

ഏറ്റവും വാത്സല്യമുള്ളവനേ, എന്നാൽ നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുള്ളതുമായ കാര്യങ്ങൾ ആരിൽനിന്നാണു പഠിച്ചതെന്നോർത്ത് അവയിൽ സ്ഥിരമായി നില്ക്കുക. യേശുക്രിസ്തു‌വിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിന് നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതൽ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു.

ദൈവത്തിൻ്റെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്‌തുവിൻ്റെ മുമ്പാകെ യും അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരിൽ ഞാൻ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു: വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകുലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വർത്തിക്കുക; മറ്റുള്ളവരിൽ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തിൽ ശ്രദ്ധിക്കുകയും ചെയ്യുക.

കർത്താവിന്റെ വചനം.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (Heb 4:12).

അല്ലേലൂയാ !
അല്ലേലൂയാ! ദൈവത്തിൻ്റെ വചനം സജീവവും ഊർജസ്വലവുമാണ്; ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ് – അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (18:1-8)

(തന്നെ വിളിച്ചപേക്ഷിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്താതിരിക്കുമോ?)

ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണം എന്നു കാണിക്കാൻ യേശു അവരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്‌ഷിക്കുമായിരുന്നു. കുറെ നാളത്തേക്ക് അവൻ അതു ഗൗനിച്ചില്ല. പിന്നീട്, അവൻ ഇങ്ങനെ ചിന്തിച്ചു: ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാനവൾക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കിൽ, അവൾ കൂടക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കർത്താവ് പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപൻ പറഞ്ഞതെന്തെന്ന് ശ്രദ്‌ധിക്കുവിൻ. അങ്ങനെയെങ്കിൽ, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ട വർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടന്ന് അതിനു കാലവിളംബം വരുത്തുമോ? അവർക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.