ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (8 :12-17)
(പുത്രസ്വീകാരത്തിൻ്റെ ആത്‌മാവിനെയാണു നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണ് നാം ആബാ-പിതാവേ എന്നുവിളിക്കുന്നത്)
സഹോദരരേ, ജഡികപ്രവണതകൾക്കനുസരിച്ചു ജീവിക്കാൻ നാം ജഡത്തിനു കടപ്പെട്ടവരല്ല. ജഡികരായി ജീവിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും മരിക്കും. എന്നാൽ, ശരീരത്തിന്റെ പ്രവണതകൾ ആത്മാവാൽ നിഹനിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രൻമാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്‌മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ-പിതാവേ എന്നുവിളിക്കുന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോടു ചേർന്ന് സാക്ഷ്യം നല്‌കുന്നു. നാം മക്കളെങ്കിൽ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാൽ, അവനോടൊപ്പം ഒരിക്കൽ മഹത്ത്വപ്പെടേണ്ടതിന് ഇപ്പോൾ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (68 : 1+3, 5-6ab, 19-20)
നമ്മുടെ ദൈവം രക്‌ഷയുടെ ദൈവമാണ്.
ദൈവം ഉണർന്നെഴുന്നേല്ക്കട്ടെ! അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ! അവിടത്തെ ദ്വേഷിക്കുന്നവർ അവിടത്തെ മുൻപിൽ നിന്ന് ഓടിപ്പോകട്ടെ! നീതിമാൻമാർ സന്തോഷഭരിതരാകട്ടെ ! ദൈവസന്നിധിയിൽ അവർ ഉല്ലസിക്കട്ടെ! അവർ ആനന്ദം കൊണ്ടു മതിമറക്കട്ടെ!
നമ്മുടെ ദൈവം രക്‌ഷയുടെ ദൈവമാണ്.
ദൈവം തന്റെ വിശുദ്‌ധ നിവാസത്തിൽ അനാഥർക്കു പിതാവും വിധവകൾക്കു സംരക്‌ഷകനുമാണ്. അഗതികൾക്കു വസിക്കാൻ ദൈവം ഇടംകൊടുക്കുന്നു; അവിടന്ന് തടവുകാരെ മോചിപ്പിച്ച് ഐശ്വര്യത്തിലേക്കു നയിക്കുന്നു.
നമ്മുടെ ദൈവം രക്‌ഷയുടെ ദൈവമാണ്.
അനുദിനം നമ്മെ താങ്ങുന്ന കർത്താവു വാഴ്ത്തപ്പെടട്ടെ! ദൈവമാണു നമ്മുടെ രക്‌ഷ. നമ്മുടെ ദൈവം രക്‌ഷയുടെ ദൈവമാണ്, മരണത്തിൽനിന്നുള്ള മോചനം ദൈവമായ കർത്താവാണു നല്കുന്നത്.
നമ്മുടെ ദൈവം രക്‌ഷയുടെ ദൈവമാണ്.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (യോഹ 17:17b)
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവേ, അങ്ങയുടെ വചനമാണ് സത്യം. സത്യത്താൽ ഞങ്ങളെ വിശുദ്‌ധീകരിക്കണമേ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (13:10-17)
(അബ്രാഹത്തിൻ്റെ ഈ മകളെ സാബത്തുദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ?)
ഒരു സാബത്തിൽ യേശു ഒരു സിനഗോഗിൽ പഠിപ്പിച്ചു കൊണ്ടിരുന്നു. പതിനെട്ടു വർഷമായി ഒരു ആത്മാവു ബാധിച്ച് രോഗിണിയായി നിവർന്നുനില്ക്കാൻ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവൾ അവിടെയുണ്ടായിരുന്നു. യേശു അവളെ കണ്ടപ്പോൾ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തിൽ നിന്നു നീ മോചിപ്പിക്കപ്പെട്ടിരിക്കുന്നു. അവൻ അവളുടെമേൽ കൈകൾവച്ചു. തത്‌ക്‌ഷണം അവൾ നിവർന്നുനില്ക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. യേശു സാബത്തിൽ രോഗം സുഖപ്പെടുത്തിയതിൽ കോപിച്ച് സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവസങ്ങൾ ഉണ്ട്. ആ ദിവസങ്ങളിൽ വന്ന് രോഗശാന്തി നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല. അപ്പോൾ കർത്താവു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങൾ ഓരോരുത്തരും സാബത്തിൽ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നഴിച്ച് വെള്ളം കുടിപ്പിക്കാൻ കൊണ്ടുപോകുന്നില്ലേ? പതിനെട്ടുവർഷം സാത്താൻ ബന്‌ധിച്ചിട്ടിരുന്നവളായ അബ്രാഹത്തിന്റെ ഈ മകളെ സാബത്തുദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ? ഇതുകേട്ട് അവന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാൽ, ജനക്കൂട്ടം മുഴുവൻ അവൻ ചെയ്‌തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.




