Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : തിങ്കൾ ഒക്‌ടോബർ – 20 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (4 : 20-25)

(അവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നതു നമ്മെ സംബന്ധിച്ചുകൂടിയാണ്)

സഹോദരരേ, വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അബ്രാഹം ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് അവൻ വിശ്വാസത്താൽ ശക്തിപ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിനു കഴിയുമെന്ന് അവനു പൂർണബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്. അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത് അവനെ സംബന്‌ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചുകൂടിയാണ്. നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിന് ഏല്പിക്കപ്പെടുകയും നമ്മുടെ നീതിമത്കരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്‌ത നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും അത് നീതിയായി പരിഗണിക്കപ്പെടും.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (ലൂക്കാ 1: 69-70, 71-72, 73-75)

ഇസ്രായേലിൻ്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. അവിടന്ന് തൻ്റെ ജനത്തെ സന്ദർശിച്ചു.

ആദിമുതൽ തന്റെ വിശുദ്ധൻമാരായ പ്രവാചകൻമാരുടെ
അധരങ്ങളിലൂടെ അവിടന്ന് അരുൾചെയ്‌തതുപോലെ,
തന്റെ ദാസനായ ദാവീദിന്റെ ഭവനത്തിൽ നമുക്ക് ശക്‌തനായ
ഒരു രക്ഷ‌കനെ ഉയർത്തി.

ഇസ്രായേലിന്റെ ദൈവമായ വാഴ്ത്തപ്പെട്ടവൻ. അവിടന്ന് തൻ്റെ ജനത്തെ സന്ദർശിച്ചു.

ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്നവരുടെ കൈയിൽനിന്നും
നമ്മെ രക്ഷിക്കാനും നമ്മുടെ പിതാക്കൻമാരോടു വാഗ്ദാനം ചെയ്ത
കാരുണ്യം നിവർത്തിക്കാനുമാണ് ഇത്.

ഇസ്രായേലിന്റെ ദൈവമായ വാഴ്ത്തപ്പെട്ടവൻ. അവിടന്ന് തൻ്റെ ജനത്തെ സന്ദർശിച്ചു.

നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്‌ത അവിടത്തെ വിശുദ്ധമായ
ഉടമ്പടി അനുസ്മരിക്കാനും ശത്രുക്കളുടെ കൈകളിൽനിന്നു വിമോചിതരായി,
നിർഭയം പരിശുദ്‌ധിയിലും നീതിയിലും എപ്പോഴും അവിടത്തെ മുമ്പിൽ
ശുശ്രൂഷ ചെയ്യാൻ വേണ്ട അനുഗ്രഹം നമുക്കു നൽകാനുമായാണ് ഇത്.

ഇസ്രായേലിന്റെ ദൈവമായ വാഴ്ത്തപ്പെട്ടവൻ. അവിടന്ന് തൻ്റെ ജനത്തെ സന്ദർശിച്ചു.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (മത്താ 5:3)

അല്ലേലൂയാ!
അല്ലേലൂയാ! ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. – അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (12: 13-21)

(നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും?)

അക്കാലത്ത്, ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാൻ എന്റെ സഹോദരനോടു കല്‌പിക്കണമേ! യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തു ഭാഗിക്കുന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവൻ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്.

ഒരു ഉപമയും അവൻ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷിസ്‌ഥലം സമൃദ്ധമായ വിളവു നല്‌കി. അവൻ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവൻ സൂക്ഷിക്കാൻ എനിക്കു സ്‌ഥലമില്ലല്ലോ. അവൻ പറഞ്ഞു: ഞാൻ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകൾ പൊളിച്ച്, കൂടുതൽ വലിയവ പണിയും; അതിൽ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാൻ എന്റെ ആത്‌മാവിനോടു പറയും: ആത്മാവേ, അനേകവർഷത്തേക്കു വേണ്ട വിഭവങ്ങൾ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക. എന്നാൽ, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും? ഇതു പോലെയാണ് ദൈവസന്നിധിയിൽ സമ്പന്നനാകാതെ തനിക്കു വേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.