Word of God

ആണ്ടുവട്ടം ഇരുപത്തൊമ്പതാം വാരം തിങ്കൾ വചനവായന

ഒക്ടോബർ 19 തിങ്കൾ

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(യേശുക്രിസ്തുവിനോടുകൂടെ അവിടന്നു നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവനോടുകൂടെ ഇരുത്തുകയും ചെയ്തു‌)

സഹോദരരേ, അപരാധങ്ങളും പാപങ്ങളുംമൂലം ഒരിക്കൽ നിങ്ങൾ മൃതരായിരുന്നു. അന്ന്, ഈ ലോകത്തിന്റെ ഗതി പിന്തുടർന്നും അനുസരണക്കേടിന്റെ മക്കളിൽ പ്രവർത്തിക്കുന്ന അരൂപിയായ അന്തരീക്‌ഷശക്തികളുടെ അധീശനെ അനുസരിച്ചുമാണ് നിങ്ങൾ നടന്നിരുന്നത്. അനുസരണക്കേടിന്റെ ഈ മക്കളോടൊപ്പം ഒരു കാലത്ത് നമ്മളും ശരീരത്തിന്റെയും മനസ്സിൻെറയും അഭിലാഷങ്ങൾ സാധിച്ചുകൊണ്ട് ജഡമോഹങ്ങളിൽ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്റെ മക്കളായിരുന്നു. എന്നാൽ, നമ്മൾ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്നേഹത്താൽ, ക്രിസ്‌തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു. യേശുക്രിസ്തുവിനോടുകൂടെ അവിടന്നു നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. അവിടന്ന് യേശുക്രിസ്തവിൽ നമ്മോടു കാണിച്ച കാരുണ്യത്താൽ, വരാനിരിക്കുന്ന കാലങ്ങളിൽ തന്റെ അപരിമേയമായ കൃപാസമൃദ്‌ധി വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. വിശ്വാസം വഴി കൃപയാലാണു നിങ്ങൾ രക്ഷിക്കപ്പെട്ടത്. അതു നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല.തൻമൂലം, ആരും അതിൽ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാൻവേണ്ടി ദൈവം മുൻ കുട്ടി ഒരുക്കിയ സത്പ്രവൃത്തികൾക്കായി യേശുക്രിസ്തുവിൽ സൃഷ്‌ടിക്കപ്പെട്ടവരാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടത്തേതാണ്.

ഭൂമി മുഴുവൻ കർത്താവിന്റെ മുൻപിൽ ആനന്ദഗീതം ഉതിർക്കട്ടെ. സന്തോഷത്തോടെ കർത്താവിനു ശുശ്രൂഷ ചെയ്യുവിൻ; ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.

കർത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടത്തേതാണ്.

കർത്താവു ദൈവമാണെന്ന് അറിയുവിൻ; അവിടന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടുത്തേതാണ്; നാം അവിടത്തെ ജനവും അവിടന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.

കർത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടത്തേതാണ്.

കൃതജ്‌ഞതാഗീതത്തോടെ അവിടത്തെ കവാടങ്ങൾ കടക്കുവിൻ; സ്‌തുതികൾ ആലപിച്ചുകൊണ്ട് അവിടത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ. അവിടത്തേക്കു നന്‌ദിപറയുവിൻ; അവിടത്തെ നാമം വാഴ്ത്തുവിൻ.

കർത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടത്തേതാണ്.

കർത്താവു നല്ലവനാണ്, അവിടത്തെ കാരുണ്യം ശാശ്വതമാണ്; അവിടത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്ക്കും

കർത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടത്തേതാണ്.

അല്ലേലൂയാ!

അല്ലേലൂയാ! (മത്താ 5:3). ആത്മാവിൽ ദരിദ്രരായവർ ഭാഗ്യ വാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും?)

അക്കാലത്ത്, ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാൻ എന്റെ സഹോദരനോടു കല്‌പിക്കണമേ! യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തു ഭാഗിക്കുന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവൻ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്.

ഒരു ഉപമയും അവൻ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്‌ധമായ വിളവു നല്‌കി. അവൻ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവൻ സൂക്ഷിക്കാൻ എനിക്കു സ്ഥലമില്ലല്ലോ. അവൻ പറഞ്ഞു: ഞാൻ ഇങ്ങനെ ചെയ്യും, എൻെറ അറപ്പുരകൾ പൊളിച്ച്, കൂടുതൽ വലിയവ പണിയും; അതിൽ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാൻ എന്റെ ആത്മാവിനോടു പറയും: ആത്മാവേ, അനേകവർഷത്തേക്കു വേണ്ട വിഭവങ്ങൾ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക. എന്നാൽ, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിൻ്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും? ഇതു പോലെയാണ് ദൈവസന്നിധിയിൽ സമ്പന്നനാകാതെ തനിക്കു വേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും.

കർത്താവിന്റെ സുവിശേഷം

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.