ഒക്ടോബർ 18 ഞായർ
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(സൈറസിന്റെ മുമ്പിൽ രാജ്യങ്ങൾ കീഴ്പ്പെടുന്നതിന്, കർത്താവ് അദ്ദേഹത്തിന്റെ വലത്തുകൈക്കു പിടിച്ചിരിക്കുന്നു)
രാജ്യങ്ങൾ കീഴടക്കുന്നതിനും രാജാക്കൻമാരുടെ അരപ്പട്ടകൾ അഴിക്കുന്നതിനും നഗരകവാടങ്ങൾ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത്തുകൈ താൻ ഗ്രഹിച്ചിരിക്കുന്നുവോ, തന്റെ അഭിഷിക്തനായ ആ സൈറസിനോടു കർത്താവ് അരുൾചെയ്യുന്നു: എന്റെ ദാസനായ യാക്കോബിനും ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാൻ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാൻ നിന്നെ നിന്റെ പിത്യനാമത്തിലും വിളിക്കുന്നു. ഞാനല്ലാതെ മറ്റൊരു കർത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല; നീ എന്നെ അറിയുന്നില്ലെങ്കിലും ഞാൻ നിന്റെ അരമുറുക്കും. കിഴക്കും പടിഞ്ഞാറുമുള്ള എല്ലാവരും, ഞാനാണു കർത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല എന്ന് അറിയുന്നതിനും വേണ്ടിത്തന്നെ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ജനപദങ്ങളേ, മഹത്ത്വവും ശക്തിയും കർത്താവിന്റേതെന്ന് ഉദ്ഘോഷിക്കുവിൻ.
കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ, ഭൂമി മുഴുവൻ കർത്താവിനെ പാടിസ്തുതിക്കട്ടെ! ജനതകളുടെയിടയിൽ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിൻ; ജനപദങ്ങളുടെയിടയിൽ അവിടത്തെ അദ്ഭുതപ്രവത്തികൾ വർണിക്കുവിൻ.
ജനപദങ്ങളേ, മഹത്ത്വവും ശക്തിയും കർത്താവിന്റേതെന്ന് ഉദ്ഘോഷിക്കുവിൻ.
എന്തെന്നാൽ, കർത്താവ് ഉന്നതനും അത്യന്തം സ്തുത്യർഹനുമാണ്; സകല ദേവൻമാരെയുംകാൾ ഭയപ്പെടേണ്ടവനുമാണ്. ജനതകളുടെ ദേവൻമാർ വിഗ്രഹങ്ങൾ മാത്രം; എന്നാൽ, കർത്താവ് ആകാശത്തിൻ്റെ സ്രഷ്ടാവാണ്.
ജനപദങ്ങളേ, മഹത്ത്വവും ശക്തിയും കർത്താവിന്റേതെന്ന് ഉദ്ഘോഷിക്കുവിൻ.
ജനപദങ്ങളേ, ഉദ്ഘോഷിക്കുവിൻ; മഹത്ത്വവും ശക്തിയും കർത്താവിന്റേതെന്ന് ഉദ്ഘോഷിക്കുവിൻ. കർത്താവിന്റെ നാമത്തിനു ചേർന്നവിധം അവിടത്തെ മഹത്ത്വപ്പെടുത്തുവിൻ; കാഴ്ചകളുമായി അവിടത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ.
ജനപദങ്ങളേ, മഹത്ത്വവും ശക്തിയും കർത്താവിന്റേതെന്ന് ഉദ്ഘോഷിക്കുവിൻ.
വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടത്തെ ആരാധിക്കുവിൻ; ഭൂമി മുഴുവൻ അവിടത്തെമുൻപിൽ ഭയന്നുവിറയ്ക്കട്ടെ! ജനതകളുടെ ഇടയിൽ പ്രഘോഷിക്കുവിൻ: കർത്താവു വാഴുന്നു; അവിടന്നു ജനതകളെ നീതിപൂർവം വിധിക്കും.
ജനപദങ്ങളേ, മഹത്ത്വവും ശക്തിയും കർത്താവിന്റേതെന്ന് ഉദ്ഘോഷിക്കുവിൻ.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(നിങ്ങളുടെ വിശ്വാസവും പ്രത്യാശയും സ്നേഹവും ഞങ്ങൾ സ്മരിക്കുന്നു)
പൗലോസും സിൽവാനോസും തിമോത്തേയോസും ചേർന്ന്, പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലോനിക്കാക്കാരുടെ സഭയ്ക്കെഴുതുന്നത്. നിങ്ങൾക്കു കൃപയും സമാധാനവും! ഞങ്ങളുടെ പ്രാർഥനകളിൽ സദാ നിങ്ങളെ അനുസ്മരിച്ചുകൊണ്ട് നിങ്ങൾക്കെല്ലാവർക്കും വേണ്ടി ദൈവത്തിനു ഞങ്ങൾ നന്ദിപറയുന്നു. നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പാകേ, നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവത്തിയും സ്നേഹത്തിന്റെ പ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങൾ അനുസ്മരിക്കുന്നു. ദൈവത്തിന്റെ വാത്സല്യഭാജനങ്ങളായ സഹോദരരേ, നിങ്ങളെ അവിടന്നു തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് ഞങ്ങൾ അറിയുന്നു. എന്തെന്നാൽ, ഞങ്ങൾ നിങ്ങളെ സുവിശേഷം അറിയിച്ചത് വചനത്തിൽ മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും ഉത്തമമായ ബോധ്യത്തോടെയുമത്രേ.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Phil. 15d, 16a) നിങ്ങൾ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിൽ വെളിച്ചമായി പ്രകാശിക്കട്ടെ.
അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സീസറിന്റേതു സീസറിനും ദൈവത്തിൻ്റേതു ദൈവത്തിനും കൊടുക്കുവിൻ)
അക്കാലത്ത്, ഫരിസേയർ പോയി, യേശുവിനെ എങ്ങനെ വാക്കിൽ കുടുക്കാം എന്ന് ആലോചന നടത്തി. അവർ തങ്ങളുടെ അനുയായികളെ ഹേറോദേസ്പക്ഷക്കാരോടൊത്ത് അവന്റെ അടുത്തയച്ചു ചോദിച്ചു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിർഭയനായി ദൈവത്തിന്റെവഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങൾ അറിയുന്നു. അതു കൊണ്ട് ഞങ്ങളോടു പറയുക, നിനക്ക് എന്തു തോന്നുന്നു, സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ? അവരുടെ ദുഷ്ടത മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങൾ എന്നെ പരീക്ഷിക്കുന്നതെന്ത് ? നികുതിക്കുള്ള നാണയം എന്നെക്കാണിക്കുക. അവർ ഒരു ദനാറ അവനെ കാണിച്ചു. യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റേറത് എന്ന് അവർ പറഞ്ഞു. അവൻ അരുൾചെയ്തു. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.



