ഒക്ടോബർ 05 തിങ്കൾ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(സുവിശേഷം ഞാൻ മനുഷ്യനിൽനിന്നല്ല സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിൻ്റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്)
സഹോദരരേ, ക്രിസ്തുവിന്റെ കൃപയിൽ നിങ്ങളെ വിളിച്ചവനെ നിങ്ങൾ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതിൽഎനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തിൽ, മറ്റൊരു സുവിശേഷമില്ല; എന്നാൽ, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷം ദുഷിപ്പിക്കാനുമാഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽനിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങൾതന്നെയോ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാൽ, അവൻ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങൾ നേരത്തേ നിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാൻ പറയുന്നു, നിങ്ങൾ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ! ഞാൻ ഇപ്പോൾ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്റേതാണോ ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാൻ ഞാൻ യത്നിക്കുകയാണോ? ഞാൻ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കിൽ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു.
സഹോദരരേ, ഞാൻ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാൻ അറിയിക്കുന്നു. എന്തെന്നാൽ, മനുഷ്യനിൽ നിന്നല്ല ഞാൻ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവു തൻ്റെ ഉടമ്പടി എപ്പോഴും അനുസ്മരിക്കുന്നു
കർത്താവിനെ സ്തുതിക്കുവിൻ! നീതിമാൻമാരുടെ സംഘത്തിലും സഭയിലും പൂർണഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദിപറയും. കർത്താവിന്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്; അവയിൽ ആനന്ദിക്കുന്നവർ അവഗ്രഹിക്കാൻ ആഗ്രഹിക്കുന്നു.
കർത്താവു തൻ്റെ ഉടമ്പടി എപ്പോഴും അനുസ്മരിക്കുന്നു
അവിടത്തെ പ്രവൃത്തികൾ വിശ്വസ്തവും നീതിയുക്തവുമാണ്. അവിടത്തെ പ്രമാണങ്ങൾ വിശ്വാസ്യമാണ്; വിശ്വസ്തതയോടും പരമാർഥതയോടുംകൂടെ പാലിക്കപ്പെടാൻ, അവ എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു.
കർത്താവു തൻ്റെ ഉടമ്പടി എപ്പോഴും അനുസ്മരിക്കുന്നു
അവിടന്നു തന്റെ ജനത്തെ വീണ്ടെടുത്തു; അവിടന്നു തന്റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു; വിശുദ്ധവും ഭീതിദായകവുമാണ് അവിടത്തെ നാമം. അവിടന്ന് എന്നേക്കും സ്തുതിക്കപ്പെടും!
കർത്താവു തൻ്റെ ഉടമ്പടി എപ്പോഴും അനുസ്മരിക്കുന്നു
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 13:34). കർത്താവ് അരുൾചെയ്യുന്നു: ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നല്കുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ആരാണ് എന്റെ അയല്ക്കാരൻ?)
അക്കാലത്ത്, ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവൻ ഉത്തരം പറഞ്ഞു: നീ നിൻ്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടൂം പൂർണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയല്ക്കാരനെ നിന്നെപ്പോലെയും. അവൻ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവർത്തിക്കുക; നീ ജീവിക്കും. എന്നാൽ അവൻ തന്നത്തന്നെ സാധൂകരിക്കാൻ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്റെ അയല് ക്കാരൻ? യേശു പറഞ്ഞു: ഒരുവൻ ജറുസലേമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവൻ കവർച്ചക്കാരുടെ കൈയിൽപ്പെട്ടു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അർധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതൻ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോൾ, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാൽ, ഒരു സമരിയാക്കാരൻ യാത്രാമധ്യേ അവൻ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ചുകെട്ടി, തൻ്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്നു പരിചരിച്ചു. അടുത്തദിവസം അവൻ സത്രം സൂക്ഷിപ്പുകാരൻ്റെ കൈയിൽ രണ്ടു ദനാറ കൊടുത്തിട്ടുപറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം. കവർച്ചക്കാരുടെ കൈയിൽപ്പെട്ട ആ മനുഷ്യന് ഈ മൂവരിൽ ആരാണ് അയല്ക്കാരനായി വർത്തിച്ചത്? അവനോടു കരുണ കാണിച്ചവൻ എന്ന് ആ നിയമജ്ഞൻ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതു പോലെ ചെയ്യുക.




