ജൂലൈ 19 ഞായർ
ഒന്നാം വായന
ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന്
(കർത്താവ് അനുതാപത്തിന് അവസരം നല്‌കുന്നു)
അങ്ങല്ലാതെ, എല്ലാവരോടും കരുണകാണിക്കുന്ന മറ്റൊരു ദൈവം ഇല്ല; അങ്ങയുടെ വിധി നീതിപൂർവകമാണെന്ന് ആരുടെ മുൻപിലും തെളിയിക്കേണ്ടതുമില്ല. അങ്ങയുടെ ശക്തി, നീതിയുടെ ഉറവിടമാണ്. എല്ലാറ്റിന്റെയും മേൽ അവിടത്തേക്കുള്ള പരമാധികാരം എല്ലാറ്റിനോടും ദയകാണിക്കാൻ കാരണമാകുന്നു. അങ്ങയുടെ അധികാരത്തിന്റെ പൂർണത സംശയിക്കുന്നവർക്ക് അങ്ങ് അങ്ങയുടെ ശക്‌തി അനുഭവപ്പെടുത്തിക്കൊടുക്കുന്നു; അറിഞ്ഞിട്ടും ഗർവു ഭാവിക്കുന്നവരെ ശാസിക്കുകയും ചെയ്യുന്നു. സർവശക്‌തനായ അങ്ങ് മൃദുലമായ ശിക്‌ഷ നല്‌കുന്നു; വലിയ സഹിഷ്‌ണുതയോടെ ഞങ്ങളെ ഭരിക്കുന്നു; യഥേഷ്ടം പ്രവർത്തിക്കാൻ അങ്ങേക്ക് അധികാരമുണ്ടല്ലോ. നീതിമാൻ ദയാലുവായിരിക്കണമെന്ന് ഇത്തരം പ്രവൃത്തികൾകൊണ്ട് അങ്ങ് സ്വജനത്തെ പഠിപ്പിച്ചു. അവിടന്ന് പാപത്തെക്കുറിച്ച് അനുതാപം നല്‌കി. അവിടത്തെ മക്കളെ പ്രത്യാശകൊണ്ടു നിറച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്.
കർത്താവേ, അങ്ങു നല്ലവനും ക്‌ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നവരോട് അങ്ങു സമ്യദ്‌ധമായി കൃപ കാണിക്കുന്നു. കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! എന്റെ യാചനയുടെ സ്വരം ശ്രദ്‌ധിക്കണമേ!
കർത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്.
കർത്താവേ, അങ്ങു സൃഷ്‌ടിച്ച ജനതകൾവന്ന് അങ്ങയെ കുമ്പിട്ട് ആരാധിക്കും; അവർ അങ്ങയുടെ നാമത്തെ മഹത്ത്വപ്പെടുത്തും. എന്തെന്നാൽ, അങ്ങു വലിയവനാണ്. വിസ്മയകരമായ കാര്യങ്ങൾ അങ്ങു നിർവഹിക്കുന്നു; അങ്ങുമാത്രമാണു ദൈവം.
കർത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്.
കർത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്; അങ്ങ് ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്. എന്നിലേക്ക് ആർദ്രതയോടെ തിരിയണമേ!
കർത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു)
സഹോദരരേ, നമ്മുടെ ബലഹീനതയിൽ ആത്‌മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ, ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്‌ധർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്.
കർത്താവിന്റെ വചനം.
അല്ലേലുയാ !
അല്ലേലൂയാ! (cf. Mt. 11 : 25) ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെടട്ടെ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(കൊയ്ത്തുവരെ ഗോതമ്പുകളോടൊപ്പം കളകളും വളരട്ടെ)
(അക്കാലത്ത് യേശു ഒരു ഉപമ ജനക്കൂട്ടത്തോടു പറഞ്ഞു: ഒരുവൻ വയലിൽ നല്ല വിത്തു വിതയ്ക്കുന്നതിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. ആളുകൾ ഉറക്കമായപ്പോൾ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയിൽ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികൾ വളർന്ന് കതിരായപ്പോൾ കളകളും പ്രത്യക്‌ഷപ്പെട്ടു. വേലക്കാർ ചെന്ന് വീട്ടുടമസ്‌ഥനോടു ചോദിച്ചു: യജമാനനേ, നീ വയലിൽ നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്? അവൻ പറഞ്ഞു: ശത്രുവാണ് ഇതുചെയ്‌തത്. വേലക്കാർ ചോദിച്ചു: ഞങ്ങൾപോയി കളകൾ പറിച്ചുകൂട്ടട്ടേ? അവൻ പറഞ്ഞു: വേണ്ടാ, കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങൾ പിഴുതുകളഞ്ഞെന്നുവരും. കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തു കാലത്ത് ഞാൻ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകൾ ശേഖരിച്ച്, തീയിൽ ചുട്ടുകളയാൻ അവ കെട്ടുകളാക്കി വയ്ക്കുവിൻ; ഗോതമ്പ് എന്റെ ധാന്യപ്പുരയിൽ സംഭരിക്കുവിൻ).
വേറൊരു ഉപമ അവൻ അവരോടു പറഞ്ഞു: സ്വർഗരാജ്യം ഒരുവൻ വയലിൽ പാകിയ കടുകുമണിക്കു സദൃശം. അത് എല്ലാവിത്തിനെയുംകാൾ ചെറുതാണ്; എന്നാൽ, വളർന്നു കഴിയുമ്പോൾ അത് മറ്റു ചെടികളെക്കാൾ വലുതായി, ആകാശപ്പറവകൾ വന്ന് അതിന്റെ ശിഖരങ്ങളിൽ ചേക്കേറാൻ തക്കവിധം മരമായിത്തീരുന്നു. മറ്റൊരു ഉപമ അവൻ അവരോട് അരുൾചെയ്തു. മൂന്ന് ഇടങ്ങഴിമാവിൽ അതു പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിനു സദൃശമാണ് സ്വർഗരാജ്യം.ഇതെല്ലാം യേശു ഉപമകൾ വഴിയാണ് ജനക്കൂട്ടത്തോട് അരുൾചെയ്തത്. ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ഞാൻ ഉപമകൾ വഴി സംസാരിക്കും, ലോകസംസ്‌ഥാപനം മുതൽ നിഗൂഢമായിരുന്നവ ഞാൻ പ്രസ്‌താവിക്കും എന്ന പ്രവാചകവചനം പൂർത്തിയാകാനായിരുന്നു ഇത്.
ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവൻ വീട്ടിലേക്കു വന്നു. ശിഷ്യൻമാർ അവൻെറ അടുത്തുവന്ന് അപേക്‌ഷിച്ചു: വയലിലെ കളകളെ സംബന്ധിക്കുന്ന ഉപമ ഞങ്ങൾക്കു വിശദീകരിച്ചു തന്നാലും! അവൻ ഉത്തരം പറഞ്ഞു: നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രനാണ്. വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രൻമാരും കളകൾ ദുഷ്‌ടൻ്റെ പുത്രൻമാരുമാണ്. അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്ത് യുഗാന്തമാണ്; കൊയ്ത്‌തുകാർ ദൈവദൂതൻമാരും. കളകൾ ശേഖരിച്ച് അഗ്നി ക്കിരയാക്കുന്നതെങ്ങനെയോ, അങ്ങനെതന്നെ യുഗാന്തത്തിലും സംഭവിക്കും. മനുഷ്യപുത്രൻ തൻ്റെ ദൂതൻമാരെ അയയ്ക്കുകയും അവർ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിൻമ പ്രവർത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. അപ്പോൾ നീതിമാൻമാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.



