ജൂലൈ 16 വ്യാഴം
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(പൂഴിയിൽ ശയിക്കുന്നവരേ, ഉണർന്നു സന്തോഷകീർത്തനം ആലപിക്കുവിൻ)
നീതിമാന്റെ മാർഗം നിരപ്പുള്ളതാണ്; അവിടന്ന് അതിനെ മിനുസമുളളതാക്കുന്നു. കർത്താവേ, അങ്ങയുടെ നിയമത്തിന്റെ പാതയിൽ ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; അങ്ങയുടെ നാമവും അങ്ങയുടെ ഓർമയുമാണ് ഞങ്ങളുടെ ഹൃദയാഭിലാഷം. രാത്രിയിൽ എൻെറ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു, എന്റെ ആത്മാവ് അങ്ങയെ തേടുന്നു. എന്തെന്നാൽ, അങ്ങയുടെ കല്പന ഭൂമിയിൽ ഭരണം നടത്തുമ്പോൾ ഭൂവാസികൾ നീതി അഭ്യസിക്കുന്നു. കർത്താവേ, അങ്ങ് ഞങ്ങൾക്കു സമാധാനം നല്കുന്നു; ഞങ്ങളുടെ പ്രവൃത്തികൾ യഥാർഥത്തിൽ അങ്ങാണല്ലോ ചെയ്യുന്നത്.
കർത്താവേ, കഷ്ടതകൾ വന്നപ്പോൾ അവർ അങ്ങയെ അന്വേഷിച്ചു: അങ്ങയുടെ ശിക്ഷ തങ്ങളുടെമേൽ പതിച്ചപ്പോൾ അവർ അങ്ങയോടു പ്രാർഥിച്ചു. കർത്താവേ, ഗർഭിണി പ്രസവ മടുക്കുമ്പോൾ വേദനകൊണ്ടു കരയുന്നതുപോലെ, ഞങ്ങൾ അങ്ങേക്കുവേണ്ടി വേദനിച്ചു കരഞ്ഞു. ഞങ്ങളും ഗർഭം ധരിച്ച് വേദനയോടെ പ്രസവിച്ചു. എന്നാൽ കാറ്റിനെ പ്രസവിക്കുന്നതു പോലെയായിരുന്നു അത്. ദേശത്തെ രക്ഷിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല; ഭൂമിയിൽ വസിക്കാൻ ഇനി ആരും ജനിക്കുകയില്ല.അങ്ങയുടെ മരിച്ചവർ ജീവിക്കും; അവരുടെ ശരീരം ഉയിർത്തെഴുന്നേല്ക്കും. പൂഴിയിൽ ശയിക്കുന്നവരേ, ഉണർന്നു സന്തോഷ കീർത്തനം ആലപിക്കുവിൻ! അങ്ങയുടെ ഹിമകണം, പ്രകാശം ചൊരിയുന്ന തുഷാരബിന്ദുവാണ്. നിഴലുകളുടെ താഴ്വരയിൽ അങ്ങ് അതു വർഷിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സ്വർഗത്തിൽനിന്നു കർത്താവു ഭൂമിയെ നോക്കി.
കർത്താവേ, അങ്ങ് എന്നേക്കും സിംഹാസനസ്ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനില്ക്കുന്നു. അവിടന്ന് എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിക്കേണ്ട കാലമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നു ചേർന്നിരിക്കുന്നു.
സ്വർഗത്തിൽനിന്നു കർത്താവു ഭൂമിയെ നോക്കി.
ജനതകൾ കർത്താവിന്റെ നാമം ഭയപ്പെടും; ഭൂമിയിലെ രാജാക്കൻമാർ അങ്ങയുടെ മഹത്ത്വത്തെയും. കർത്താവു സീയോനെ പണിതുയർത്തും; അവിടന്നു തൻ്റെ മഹത്ത്വത്തിൽ പ്രത്യക്ഷപ്പെടും. അഗതികളുടെ പ്രാർഥന അവിടന്നു പരിഗണിക്കും; അവരുടെ യാചനകൾ നിരസിക്കുകയില്ല.
സ്വർഗത്തിൽനിന്നു കർത്താവു ഭൂമിയെ നോക്കി.
ഭാവിതലമുറയ്ക്കുവേണ്ടി, ഇനിയും ജനിച്ചിട്ടില്ലാത്ത ജനം അവിടത്തെ സ്തുതിക്കാൻവേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ! അവിടന്നു തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു താഴെക്കു നോക്കി; സ്വർഗത്തിൽനിന്നു കർത്താവു ഭൂമിയെ നോക്കി.
സ്വർഗത്തിൽനിന്നു കർത്താവു ഭൂമിയെ നോക്കി.
അല്ലേലൂയാ !
അല്ലേലൂയാ! (മത്താ 11 : 28), കർത്താവ് അരുൾചെയ്യുന്നു. അദ്ധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ ശാന്തശീലനും വിനീതഹൃദയനുമത്രേ)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്തു: അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ.
അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എൻെറ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.




